ന്യൂദല്‍ഹി: ദല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദേശീയ- കലാ- സാംസ്കാരിക പ്രസ്ഥാനമായ പാഞ്ചജന്യം ഭാരതം സംഘടിപ്പിക്കുന്ന രാമായണമാസാചരണപരിപാടികള് ആഗസ്ത് 16 ന് സമാപിക്കും. കര്‍ക്കടകം ഒന്നുമുതല്‍ ദിവസവും രാത്രി എട്ട് മുതല്‍ ഒരു മണിക്കൂര്‍ പാഞ്ചജന്യം ഭാരതം യൂ ട്യൂബ് ചാനലിലൂടെ നടക്കുന്ന പരിപാടിക്ക് വമ്പിച്ച ജനപ്രീതിയാണ്. ഉദ്ഘാടനം, ദല്‍ഹി വാല്മീകിമന്ദിര് മുഖ്യാചാര്യന്‍ സദ്ഗുരു കൃഷ്ണസാഹ് വിദ്യാര്ത്ഥിമഹാരാജ് നിര്‍വ്വഹിച്ചു.
രാമായണപാരായണം, രാമായണം ആസ്പദമായ പ്രഭാഷണങ്ങള്‍, ആലാപനങ്ങള്‍, കലാവിഷ്കാരങ്ങള്‍, സ്ഥലപരിചയപ്പെടുത്തലുകള്‍, വിവിധ ഭാഷകളിലെ രാമായണരചനകള്, എന്നിവ കൊണ്ട് ശ്രദ്ധേയമായ പ്രോഗ്രാമുകളാണ് സംപ്രേഷണം ചെയ്യുന്നത്. 17 വയസ്സിനു താഴെയും, 17 മുതല്‍ 25 വയസ്സുവരെയുമുള്ള വിദ്യാര്‍ത്ഥി-യുവജന വിഭാഗങ്ങള്‍ക്കായി രാമായണത്തെ ആസ്പദമാക്കിയുള്ള പ്രസംഗം, ക്വിസ് മത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ട്.
പ്രശസ്ത സാഹിത്യകാരന് സി.രാധാകൃഷ്ണന് അദ്ധ്യക്ഷനായും കൈതപ്രം ദാമോദരന്‍ നമ്പൂതിരി, ടി.ഹരിഹരന്, അഡ്വ.ആര്.വെങ്കിട്ടരമണി, ഡോ.ഓമനക്കുട്ടി, കാവാലം ശശികുമാര്‍, പി.റ്റി. മന്മഥന്, എം.ഡി. ജയപ്രകാശ്, കെ.പി. മണിലാല്‍, കാവാലം ശ്രീകുമാര്‍, ഗോപിനാഥ് വന്നേരി, ശശി മേനോന്, കാവാലം അനില്‍, ഡോ.ഇ.എം.ജി.നായര്‍, ആര്.ആര്.ദല്‍ഹി, ഡോ.എം.വി. നടേശന് തുടങ്ങിയവരുള്‍പ്പെടെ 101 അംഗങ്ങള്‍ ഉള്‍പ്പെട്ട സംഘാടക സമിതിയാണ് പരിപാടികള്‍ ക്രമീകരിച്ചുകൊണ്ടിരിക്കുന്നത്. വിവിധ സംസ്ഥാന ഘടകങ്ങളുടെയും പ്രാദേശിക കൂട്ടായ്മകളുടെയും തനത് അവതരണങ്ങളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. സമാപനത്തിലെ മൂന്നു ദിവസങ്ങളിലെ അവതരണങ്ങള്‍ പൂര്‍ണമായും ദേശീയസമിതിയാണ് ക്രമീകരിക്കുയെന്ന് ജനറല്‍ സെക്രട്ടറി വിനോദ് കുമാര്‍ കല്ലേത്ത് അറിയിച്ചു.
ബെംഗളരുവില്‍ പാഞ്ചജന്യം ഭാരതം കര്‍ണാടകഘടകം സംഘടിപ്പിച്ച ആദ്ധ്യാത്മരാമായണ ജ്ഞാനയജ്ഞം ഇന്ന് സമംഗളം പര്യവസാനിച്ചു. ഭക്തിനിര്‍ഭരമായി മികച്ച ക്രമീകരണങ്ങളോടെ,ആഗസ്റ്റ് രണ്ടിനാണ് ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: