കോഴിക്കോട്: പുരാണങ്ങളും ഇതിഹാസങ്ങളും ഭാരതത്തിന്റെ പാരമ്പര്യമാണെന്ന് കോഴിക്കോട് മേയര്‍ ബീന ഫിലിപ്പ്. രാജാരവി വര്‍മ്മ ഇല്ലായിരുന്നുവെങ്കില്‍ നമുക്ക് കൃഷ്ണന്റെ ചിത്രങ്ങള്‍ കിട്ടുമായിരുന്നില്ല. നമ്മുടെപൂജാമുറിയില്‍ ശിവകാശിയില്‍ നിന്നുള്ള കൃഷ്ണന്റെ ചിത്രങ്ങള്‍ പൂജിക്കേണ്ടി വരുമായിരുന്നുവെന്നും മേയര്‍ പറഞ്ഞു. ബാലഗോകുലം പരിപാടിയില്‍ പങ്കെടുത്ത കായത്തില്‍ വിശദീകരണം നല്‍കുകയായിരുന്നു മേയര്‍.
കേരളത്തിലെ ശിശുപരിപാലനം മോശമാണെന്നും വടക്കേന്ത്യക്കാരാണ് കുട്ടികളെ നന്നായി സ്നേഹിക്കുന്നതെന്നുമുള്ള മേയറുടെ പരാമർശമാണ് വിവാദത്തിലായത്. താൻ പങ്കെടുത്തത് അമ്മമാരുടെ സമ്മേളനത്തിലാണ്. എല്ലാ കുട്ടികളെയും ഉണ്ണിക്കണ്ണനെ പോലെ കരുതണമെന്നാണ് പറഞ്ഞത്. ആർഎസ്എസിന്റെ പോഷക സംഘടനയാണ് ബാലഗോകുലമെന്ന് തോന്നിയിട്ടില്ല. പരിപാടിക്ക് പോകരുതെന്ന് പാർട്ടി തന്നെ വിലക്കിയിട്ടുമില്ല. വർഗീയ ചിന്തയുള്ളവരാണ് വിവാദമുണ്ടാക്കുന്നത്. വിവാദത്തിൽ ഏറെ ദുഖമുണ്ടെന്നും മേയർ ബീനാ ഫിലിപ്പ് പറഞ്ഞു.
ബാലഗോകുലത്തിന്റെ മാതൃസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് സിപിഎം മേയറുടെ പരാമർശം. ‘ശ്രീകൃഷ്ണ രൂപം മനസിലുണ്ടാകണം. പുരാണ കഥാപാത്രങ്ങളെ മനസിലേക്കു ഉൾക്കൊള്ളണം. ബാലഗോകുലത്തിന്റെതായ മനസിലേക്ക് അമ്മമാർ എത്തണം. പ്രസവിക്കുമ്പോൾ കുട്ടികൾ മരിക്കുന്നില്ല എന്നതിലല്ല; ബാല്യകാലത്ത് കുട്ടികൾക്ക് എന്തു കൊടുക്കുന്നു എന്നു എന്നതിലാണ് പ്രധാനം. ഉണ്ണിക്കണ്ണനോട് ഭക്തി ഉണ്ടായാൽ ഒരിക്കലും കുട്ടികളോട് ദേഷ്യപ്പെടില്ല. എല്ലാ കുട്ടികളെയും ഉണ്ണിക്കണ്ണനായി കാണാൻ കഴിയണം. അപ്പോൾ കുട്ടികളിലും ഭക്തിയും സ്നേഹവും ഉണ്ടാകും’. – ഇതായിരുന്നു മേയറുടെ പ്രസംഗം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: