ന്യൂദല്‍ഹി: 2024ലെ പൊതുതെരഞ്ഞെടുപ്പില്‍ ബിജെപി ദക്ഷിണേന്ത്യയില്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്ന് മോദി ആവര്‍ത്തിച്ച് പറയുന്നതിന് പിന്നില്‍ കൃത്യമായ കാരണങ്ങളുണ്ട്. ഏറ്റവും വലിയ ഉത്തരേന്ത്യന്‍ സംസ്ഥാനമായ യുപി പിടിച്ചതോടെ ബിജെപി തന്ത്രപരമായി മികച്ച നിലയിലാണ്. 2022ല്‍ നടന്ന സംസ്ഥാനതെരഞ്ഞെടുപ്പുകളില്‍ ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ എന്നിവയും ബിജെപി പിടിച്ചു. വഴുതിപ്പോയത് പഞ്ചാബ് മാത്രം.
2023ല്‍ ഒരു പിടി സംസ്ഥാന തെരഞ്ഞെടുപ്പുകള്‍ വരികയാണ്. തൃപുര, മേഘാലയ, നാഗാലാന്റ്, ഛത്തീസ് ഗഡ്, മധ്യപ്രദേശ്, മിസോറാം, രാജസ്ഥാന് എന്നിവ ഉള്‍പ്പെടുന്നു. ഇക്കൂട്ടത്തില്‍ ദക്ഷിണേന്ത്യയിലെ രണ്ട് സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് നടക്കും. കര്‍ണ്ണാടകയും തെലുങ്കാനയും. ഇത് രണ്ടും നിര്‍ണ്ണായകമായി മോദി കാണുന്നു. ഹൈദരാബാദില്‍ നടന്ന ബിജെപി ദേശീയ എക്സിക്യൂട്ടീവ് യോഗത്തില്‍ മോദി ആവര്‍ത്തിച്ച് പറഞ്ഞത് രണ്ട് കാര്യമാണ്. ഒന്ന് ദക്ഷിണേന്ത്യയില്‍ ശ്രദ്ധ ചെലുത്തേണ്ടതിന്റെ ആവശ്യകത. രണ്ട് ന്യൂനപക്ഷങ്ങളുടെ പിന്തുണ ആര്‍ജ്ജിക്കേണ്ടതിന്റെ പ്രാധാന്യം.
ദക്ഷിണേന്ത്യയില്‍ ശ്രദ്ധിക്കൂ എന്നതാണ് മോദിയുടെ ഇപ്പോഴത്തെ മന്ത്രം- ഇതിന് കാരണം?
ആകെയുള്ള 130 എംപിമാരില്‍ ബിജെപിയ്ക്കുള്ളത് 29 പേര് മാത്രം. അതില്‍ 25ഉം കര്‍ണ്ണാടകയില്‍ നിന്നാണ്. കര്‍ണ്ണാടകയില്‍ ആകെയുള്ളത് 28 എംപിമാര്‍,. തെലുങ്കാനയില്‍ നിന്നും 4ഉം. തെലുങ്കാനയില്‍ ആകെയുള്ളത് 17 എംപിമാര്‍. കേരള (20), തമിഴ്നാട്(39), പോണ്ടിച്ചേരി(1), ആന്ധ്ര (25) എന്നിവിടങ്ങളില്‍ നിന്നും എംപിമാരില്ല.
ഇനി എംഎല്‍എമാരെ എടുത്താല്‍ ആകെ 923 എംഎല്‍എമാരില്‍ ബിജെപിയ്ക്കുള്ളത് 135 എംഎല്‍എമാര്‍ മാത്രം. അതില്‍ 122ഉം കര്‍ണ്ണാടകത്തില്‍ നിന്നാണ്. കര്‍ണ്ണാടകത്തിലെ ആകെ എംഎല്‍എമാര്‍ 225. തെലുങ്കാനയില്‍ നിന്നും ആകെയുള്ള 119 പേരില്‍ 3 എംഎല്‍എമാര്‍ മാത്രം. പുതുച്ചേരിയില്‍ 30ല്‍ 6ഉം തമിഴ്നാട്ടില്‍ 234ല്‍ നാലും മാത്രമാണ്. ആന്ധ്രയില്‍ 175ല്‍ ഒരു എംഎല്‍എ പോലുമില്ല. കേരളത്തിലെ140ഉം ഒരൊറ്റ എംഎല്‍എ പോലുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: