ബ്രര്‍മിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസ് അത്ലറ്റിക്സില് നിന്ന് ഇന്ത്യക്ക് ഒരു മെഡല്‍ കൂടി. വനിതകളുടെ 10 കി.മീറ്റര്‍ നടത്തത്തില്‍ പ്രിയങ്ക ഗോസ്വാമി വെള്ളി മെഡല്‍ സ്വന്തമാക്കി. ഇത്തവണ അത്ലറ്റിക്സില് നിന്ന് ഇന്ത്യയുടെ മൂന്നാമത്തെ മെഡലാണിത്. 10 കിലോമീറ്റര്‍ 43 മിനിറ്റും 38.82 സെക്കന്‍ഡുമെടുത്താണ് പ്രിയങ്ക പൂര്‍ത്തിയാക്കിയത്. പ്രിയങ്കയുടെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണിത്. ഓസ്ട്രേലിയയുടെ ജെമീമ മോണ്‍ടാങ് ഈ ഇനത്തില്‍ സ്വര്‍ണം നേടി. 42 മിനിറ്റും 34.30 സെക്കന്‍ഡില്‍ നടന്നെത്തി ഗെയിംസ് റിക്കോര്‍ഡോടെയാണ് ജെമീമ പൊന്നണിഞ്ഞത്. കെനിയയുടെ എമിലി വാമൂസി എന്‍ഗിയ്ക്കാണ് വെങ്കലം.
ഈയിനത്തില്‍ മത്സരിച്ച മറ്റൊരു ഇന്ത്യന്‍ താരമായ ഭാവന ജാട്ട് കരിയറിലെ ഏറ്റവും മികച്ച പ്രകടനം നടത്തിയെങ്കിലും എട്ടാം സ്ഥാനത്താണ് എത്തിയത്. 47:14.13 സെക്കന്‍ഡിലായിരുന്നു ഭാവനയുടെ ഫിനിഷ്.
ആദ്യ നാല് കിലോമീറ്റര്‍ പിന്നിട്ടപ്പോള്‍ പ്രിയങ്ക എതിരാളികളേക്കാള്‍ മുന്നിലായിരുന്നു. താരം സ്വര്‍ണം നേടുമെന്നുതന്നെയാണ് കരുതിയത്. എന്നാല്‍ അപ്രതീക്ഷിതമായി മത്സരത്തിന്റെ അവസാനം ഓസ്ട്രേലിയന്‍ താരം മുന്നിലെത്തുകയായിരുന്നു. പ്രിയങ്കയുടെ ആദ്യ കോമണ്‍വെല്‍ത്ത് ഗെയിംസ് മെഡലാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: