ന്യൂദല്‍ഹി: ആഗസ്ത് 11ന് പുതിയ ഉപരാഷ്ട്രപതിയായി ജഗ്ദീപ് ധന്‍കര്‍ സ്ഥാനമേല്ക്കുമ്പോള് രാജ്യസഭയില്‍ അധ്യക്ഷനായെത്തുന്നത് എല്ലാം തികഞ്ഞ രാഷ്ട്രതന്ത്രജ്ഞന്. പ്രായോഗിക രാഷ്ട്രീയവും നിയമവും ഒരു പോലെ കൈകാര്യം ചെയ്യാനറിയുന്ന ജഗ് ദീപ് ധന്‍കന്‍ തീര്‍ച്ചയായും പടിയിറങ്ങുന്ന വെങ്കയ്യ നായിഡുവിന് യോഗ്യനായ പിന്‍ഗാമിയാകുമെന്ന് തീര്‍ച്ച.
ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കറെ കൊണ്ടുവന്നതിന് പിന്നില്‍ മോദിയ്ക്കും എന്‍ഡിഎയ്ക്കും ഒട്ടേറെ കണക്കുകൂട്ടലുകളുണ്ടായിരുന്നു. രാജ്യസഭയില്‍ അധ്യക്ഷത വഹിക്കേണ്ട വ്യക്തിയാണ് ഉപരാഷ്ട്രപതി. തുടര്‍ച്ചയായി സഭാനടപടികളെ അട്ടിമറിക്കുന്ന പ്രതിപക്ഷത്തിന് ഉചിതമായ റൂളിംഗ് നല്കാന് യോഗ്യനായിരിക്കണം അധ്യക്ഷന്‍. ആ റോള്‍ ജഗ് ദീപ് ധന്‍കറിന്റെ കൈകളില്‍ ഭദ്രമായിരിക്കും.
രാജസ്ഥാന് ഹൈക്കോടതിയിലും സുപ്രീംകോടതിയിലും പ്രക്ടീസ് ചെയ്തിരുന്ന അഭിഭാഷകനായ ജഗ് ദീപ് ധന്‍കറിന് നിയമത്തിന്റെയും ഭരണഘടനയുടെയും സൂക്ഷമതകള്‍ മുഴുവന്‍ അറിയാം. പ്രതിപക്ഷത്തെ കൃത്യമായ മറുപടികള്‍ നല്കി പ്രതിരോധിക്കാന്‍ കഴിയുന്ന കരുത്തനായ ഒരു നേതാവ് തന്നെയാകും ജഗ്ധീപ് ധന്‍കര്‍. മോദി ഉറ്റുനോക്കുന്നതും അങ്ങിനെയൊരു നേതാവിനെയാണ്.
രാഷ്ട്രീയത്തിലെ എല്ലാ വശങ്ങളും ജഗ്ദീപ് ധന്‍കറിന് ഹൃദിസ്ഥമാണ്. 1989ല്‍ ജനതാദള്‍ ടിക്കറ്റില്‍ എംപിയായി പാര്‍ലമെന്റ് പ്രവര്‍ത്തനം തുടങ്ങിയ അദ്ദേഹത്തിന്റെ പാര്‍ലമെന്റിന്റെ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി അറിയാം. 1990ല്‍ കേന്ദ്ര പാര്‍ലമെന്റികാര്യ സഹമന്ത്രിയായിരുന്നു.
പിന്നീട് 1993ല്‍ രാജസ്ഥാനില്‍ എംഎല്‍എയായി തിരിച്ചെത്തി. നിയമസഭയിലെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ധന്‍കറിന് നല്ല ജ്ഞാനമുണ്ട്. 2019 മുതല്‍ മൂന്ന് വര്‍ഷമായി ബംഗാള്‍ ഗവര്‍ണറായി ഇരിക്കവേ ധന്‍കറിന് ഭരണഘടനയുടെ സാധ്യതകള്‍ കൂടുതല്‍ ആഴത്തില്‍ പഠിക്കാനും പ്രയോഗിക്കാനും അവസരം ലഭിച്ചു. മമത ബാനര്‍ജിയെയും തൃണമൂലിനെയും നിയമത്തിന്റെ പിന്‍ബലത്തില്‍ ഏറെ നിശ്ശബ്ദനാക്കാന്‍ ജഗ്ദീപ് ധന്‍കറിന് കഴിഞ്ഞിരുന്നു. ബംഗാളിലെ പ്രതിപക്ഷനേതാവ് ഗവര്‍ണര്‍ ധന്‍കറാണെന്ന് പോലും മമതയെക്കൊണ്ട് അദ്ദേഹം പറയിച്ചു. അത്രയ്ക്ക് കാര്‍ക്കശ്യമുള്ള ഗവര്‍ണറായിരുന്നു.
രാജസ്ഥാനില്‍ നിന്നാണ് ധന്‍കര്‍ വരുന്നത്. ലോക് സഭയില്‍ അധ്യക്ഷനായ ഓം ബിര്‍ളയും രാജസ്ഥാനില്‍ നിന്നുള്ള വ്യക്തിയാണ്. പാര്‍ലമെന്റിന്റെ ഇരുസഭകളുടെയും അധ്യക്ഷന്മാര് രാജസ്ഥാനില്‍ നിന്നാണെന്നത് അടുത്ത വര്‍ഷം (2023) നടക്കാന്‍ പോകുന്ന രാജസ്ഥാന് തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് ഏറെ മുന്‍തൂക്കം സമ്മാനിക്കും.
ജാട്ട് സമുദായത്തില്‍ നിന്നുള്ള ധന്‍കറുടെ ഉപരാഷ്ട്രപതിത്വം ബിജെപിയെ രാജസ്ഥാനില്‍ 2023ല്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും ഏറെ സഹായിക്കുകയും ചെയ്യും. മാത്രമല്ല, രാജസ്ഥാനിലെ കര്‍ഷക കുടുംബാംഗമാണ് ജഗ്ദീപ് ധന്‍കര്‍ എന്നത് ബിജെപിയ്ക്ക് രാജസ്ഥാനിലെയും പുറത്തുമുള്ള കര്‍ഷകര്‍ക്കിടയില്‍ ഏറെ മതിപ്പുളവാക്കിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: