ന്യൂദല്‍ഹി: വിലക്കയറ്റത്തിനും പണപ്പെരുപ്പത്തിനും എതിരെ കോണ്‍ഗ്രസ് വെള്ളിയാഴ്ച നടത്തിയ സമരത്തില്‍ പ്രിയങ്കഗാന്ധി പൊലീസ് ഉദ്യോഗസ്ഥകളെ കൈപിടിച്ച് തിരിക്കുന്നതിന്റെയും ചവിട്ടുന്നതിന്റെയും ഫോട്ടോകളും വീഡിയോകളും തെളിവായി നിരത്തി ബിജെപി ദേശീയ വക്താവ് ഷഹ് സാദ് പൂനവാല. ഒപ്പം സമരം ചെയ്തിരുന്ന ഒരു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ ഷര്‍ട്ട് രാഹുല്‍ ഗാന്ധി വലിച്ചുകീറുന്നതിന്റെ ചിത്രം ബിജെപി ഐടിവിഭാഗം മേധാവി അമിത് മാളവ്യയും പുറത്തുവിട്ടു.
നിരോധനാജ്ഞ നിലനില്‍ക്കുന്ന ദല്‍ഹിയുടെ ഭാഗത്താണ് അത് ലംഘിച്ച് കോണ്‍ഗ്രസുകാര്‍ സംഘം ചേര്‍ന്ന് ആക്രമണം നടത്തിയതെന്നും ബിജെപി ആരോപിച്ചു. പ്രിയങ്ക ഗാന്ധി ഒരു പൊലീസുകാരിയുടെ കൈപിടിച്ച് തിരിക്കുന്നതായാണ് ചിത്രം പുറത്തുവന്നിട്ടുണ്ട്. പ്രിയങ്ക രണ്ട് കയ്യും ഉപയോഗിച്ച് പൊലീസുകാരിയുടെ കൈ അമര്‍ത്തി ഞെരുക്കുന്നത് ചിത്രത്തില്‍ വ്യക്തമായി കാണാം. പ്രിയങ്ക ഒരു പൊലീസുകാരിയുടെ കൈപിടിച്ച് തിരിക്കുക മാത്രമല്ല, മറ്റ് പൊലീസുകാരികളെ കാല് കൊണ്ട് ചവിട്ടുന്നുമുണ്ട്. ഷഹ് സാദ് പൂനവാല വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഈ ചിത്രങ്ങളും വീഡിയോകളും തെളിവായി നിരത്തി. ഇത് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുമുണ്ട്.
രാഹുല്‍ ഗാന്ധി സമരമുഖത്ത് ഒപ്പമുണ്ടായിരുന്ന ദീപേന്ദര്‍ എസ് ഹൂഡയുടെ ഷര്‍ട്ടാണ് വലിച്ചുകീറുന്നത്. പൊലീസ് ക്രൂരമായി മര്‍ദ്ദിക്കുന്നുവെന്ന് പുറത്തേക്ക് കാണിക്കാനായിരിക്കാം രാഹുല്‍ ഇങ്ങിനെ ചെയ്തതെന്ന് കരൂുതുന്നു. ഇത് രാഹുലിന്റെ മറ്റൊരു നാടകമാണെന്ന് അമിത് മാളവ്യ ആരോപിച്ചു.
“ഞങ്ങള്‍ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ പ്രിതിഷേധിക്കാന്‍ അവകാശമുണ്ടെന്നായിരിക്കാം നിങ്ങള്‍ പറഞ്ഞുവരുന്നത്. പക്ഷെ യൂണിഫോം ധരിച്ച ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യാനോ അവരുടെ ജോലി തടസ്സപ്പെടുത്താനോ നിങ്ങള്‍ക്ക് അധികാരമില്ല. ഒരു പൊലീസുകാരിയെ അടിക്കാനോ ചവിട്ടാനോ നിങ്ങള്‍ക്ക് അധികാരമില്ല.”- ഷഹ്സാദ് പൂനവാല പറഞ്ഞു.
“കോണ്‍ഗ്രസുകാര്‍ പൊലീസുകാരെ ആക്രമിക്കുന്നത് ഇതാദ്യത്തെ സംഭവമല്ല. രേണുകാ ചൗധരി ഒരു പൊലീസുകാരന്റെ കോളറില്‍ കയറിപ്പിടിക്കുന്നുണ്ട്. അസമില്‍ പൊലീസുകാരെ കോണ്‍ഗ്രസുകാര്‍ അടിക്കുന്നുണ്ട്. ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലും കോണ്‍ഗ്രസുകാര്‍ പൊലീസിനെ ആക്രമിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. ചിലര്‍ പൊലീസുകാര്‍ക്ക് നേരെ തുപ്പിയ സംഭവങ്ങളും ഉണ്ട്. ഇത്തരത്തിലുള്ള പെരുമാറ്റം അപ്രതീക്ഷിതമാണ്. ജനാധിപത്യത്തിനാണ് സമരമെങ്കില്‍ നിയമം കയ്യിലെടുത്താണോ അത് ചെയ്യേണ്ടത്? തങ്ങളുടെ ഡ്യൂട്ടി ചെയ്യുന്ന ഒരു പൊലീസുകാരനെ ആക്രമിക്കുന്നത് എന്തിനാണ്? ഇപ്പോള്‍ കേന്ദ്രഏജന്‍സികളെ ഭീഷണിപ്പെടുത്തുകയും അടിക്കുന്നതും ഗാന്ധികുടുംബത്തിന്റെ മാനസികാവസ്ഥയെ ആണ് കാണിക്കുന്നത്”- ഷഹ്സാദ് പൂനവാല ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: