ന്യൂദല്‍ഹി: രാജ്യതലസ്ഥാനത്ത് വിലക്കയറ്റത്തെച്ചൊല്ലി കോണ്‍ഗ്രസ് നടത്തിയ പ്രതിഷധറാലിക്കിടയില് നാഷണല്‍ ഹെറാള്‍ഡ് അഴിമതിയെക്കുറിച്ചുള്ള ചോദ്യവുമായി റിപ്പബ്ലിക് ടിവിയുടെ റിപ്പോര്‍ട്ടര്‍. എന്നാല്‍ ഇയാളുടെ ചോദ്യങ്ങളില്‍ നിന്നും രാഹുല്‍ഗാന്ധിയും പി.ചിദംബരവും, പ്രിയങ്കഗാന്ധിയും ചിദംബരത്തിന്റെ മകന് കാര്‍ത്തി ചിദംബരവും ഒഴിഞ്ഞുമാറി.
റിപ്പബ്ലിക് ടിവിയുടെ എക്സിക്യൂട്ടീവ് എഡിറ്റര്‍ അഭിഷേക് കപൂറായിരുന്നു നാഷണല്‍ ഹെറാള്‍ഡ് സംഭവവുമായി ബന്ധപ്പെട്ട ചോദ്യവുമായി കോണ്‍ഗ്രസ് നേതാക്കളെ സമീപിച്ചത്. രാഹുല്‍ഗാന്ധിയോട് അഭിഷേക് കപൂര്‍ ചോദ്യം ചോദിക്കാന്‍ പോയപ്പോള്‍ പി.ചിദംബരം ഇടപെട്ടു. നാഷണല്‍ ഹെറാള്‍ഡ് സംഭവത്തിലെ ഇഡി റെയ്ഡിനെക്കുറിച്ചായിരുന്നു ചോദ്യം. എന്നാല്‍ ഇത് വിലക്കയറ്രത്തെക്കുറിച്ചുള്ള സമരമാണെന്ന് പറഞ്ഞ് പി. ചിദംബരം ഈ ചോദ്യം ചെയ്യലില്‍ നിന്നും ഒഴിഞ്ഞുമാറി.
“നിങ്ങള്‍ റിപ്പബ്ലിക് ടിവിയില്‍ നിന്നല്ലേ. എന്ത് തരം ചോദ്യവും നിങ്ങള്‍ ചോദിക്കും. ഇത് വിലക്കയറ്റത്തിനെതിരായ സമരമാണ്. റിപ്പബ്ലിക് ടിവിയ്ക്ക് എത്ര ചോദ്യങ്ങളും ചോദിക്കാം. ഞാന്‍ അതിന് ഉത്തരം നല്കാന്പോകുന്നില്ല”- സംഭവത്തെ പരിഹാസം കലര്‍ത്തി ലഘൂകരിക്കാനായിരുന്നു പി. ചിദംബരത്തിന്റെ ശ്രമം.
പിന്നീട് രാഹുല്‍ ഗാന്ധി മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് ഇത് വിലക്കയറ്റത്തിനും പണപ്പെരുപ്പത്തിനും എതിരായ റാലിയാണെന്നും റാലി മുന്നോട്ട് പോകാന്‍ സര്‍ക്കാര്‍ സമ്മതിക്കുന്നില്ലെന്നും കുറ്റപ്പെടുത്തി. നേരത്തെ വിജയ് ചൗക്കില്‍ റിപ്പബ്ലിക് ടിവിയുടെ റിപ്പോര്‍ട്ടര്‍ ചിദംബരത്തിന്റെ മകന് കാര്‍ത്തി ചിദംബരത്തെ കണ്ട് നാഷണല്‍ ഹെറാള്‍ഡ് സംഭവവും ഇഡി റെയ്ഡും സംബന്ധിച്ച് ചോദ്യങ്ങളുയര്‍ത്തിയപ്പോള്‍ മൗനം പാലിച്ച് ഒഴിഞ്ഞുമാറുകയായിരുന്നു കാര്‍ത്തി ചിദംബരം. റാലിയില്‍ പങ്കെടുക്കാനെത്തുന്ന പ്രിയങ്കയോടും റിപ്പബ്ലിക് ടിവിയുടെ റിപ്പോര്‍ട്ടര്‍ ചോദ്യം ഉയര്‍ത്തിയെങ്കിലും അവര്‍ മറുപടി പറഞ്ഞില്ല.
കറുത്ത വസ്ത്രങ്ങള്‍ അണിഞ്ഞുകൊണ്ടായിരുന്നു കോണ്‍ഗ്രസ് മാര്‍ച്ച്. പല എംപിമാരെയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. സോണിയാഗാന്ധി മാര്‍ച്ചി പങ്കെടുത്തിരുന്നില്ല. നരേന്ദ്രമോദിയുടെ വസതി ഘെരാവോ ചെയ്യാനും ചില കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശ്രമിച്ചു.
കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കഴിഞ്ഞ ദിവസം ഇഡി നാഷണല്‍ ഹെറാള്‍ഡ്, യംഗ് ഇന്ത്യന്‍ ഓഫീസുകള്‍ സീല്‍ വെച്ചിരുന്നു. ഇതിനെക്കുറിച്ച് കോണ്‍ഗ്രസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: