അലഹബാദ്: യുപിയിലെ ഹാഥ്രസ് സംഭവത്തിന്റെ മറവില്‍ കലാപമുണ്ടാക്കാന്‍ പോയ പോപ്പുലര്‍ ഫ്രണ്ട് ഭീകരന് സിദ്ദിഖ് കാപ്പന് അലഹബാദ് ഹൈക്കോടതിയും ജാമ്യം നിഷേധിച്ചു. മഥുരക്കോടതി ജാമ്യം നിഷേധിച്ചതിനെതിരെ നല്കിയ അപ്പീല്‍ ഇന്നലെ ഹൈക്കോടതിയും തള്ളി. കാപ്പനെതിരായ ആരോപണങ്ങള്‍ പ്രഥമദൃഷ്ട്യാ ശരിയാണെന്നാണ് തോന്നുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.
അറസ്റ്റിലാകുന്ന സമയത്ത് കാപ്പന് ഹാഥ്രസില്‍ ഒരു കാര്യവുമില്ലായിരുന്നു. ഇന്റര്‍നെറ്റ് അടക്കമുള്ള വിവിധ മാധ്യമങ്ങളില്‍ പല തരത്തിലുള്ള വാര്‍ത്തകളാണ് ആ സമയത്ത് വൈറലായിരുന്നത്. മാധ്യമ പ്രവര്‍ത്തകര്‍ അല്ലാത്ത കൂട്ടു പ്രതികള്‍ക്കൊപ്പമുള്ള കാപ്പന്റെ യാത്ര അദ്ദേഹത്തിനുതന്നെ എതിരായ നിര്‍ണ്ണായക സാഹചര്യമാണ്, കോടതി പറഞ്ഞു. മറ്റു പോപ്പുലര്‍ ഫ്രണ്ട് ഭീകരര്‍ക്കൊപ്പം 2020 ഒക്ടോബറിലാണ് കാപ്പന് അറസ്റ്റിലായത്. ആരോപണങ്ങള്‍ സത്യമാണെന്ന് തോന്നിയാല്‍ ജാമ്യം നിഷേധിക്കാനാണ് മറ്റൊരു കേസില്‍ സുപ്രീംകോടതിയുടെ ഉത്തരവെന്നും ജസ്റ്റിസ് കൃഷ്ണ പഹല്‍ വ്യക്തമാക്കി. കളങ്കിത പണം ഇവര്‍ ഉപയോഗിച്ചുവെന്ന ആരോപണം തള്ളിക്കളയാനും ആവില്ല. ജഡ്ജി വ്യക്തമാക്കി.
പെണ്‍കുട്ടിയുടെ അരും കൊല ദുരുപയോഗം ചെയ്ത് വര്‍ഗീയ, സാമുദായിയക സംഘര്‍ഷം കുത്തിപ്പൊക്കാനാണ് കാപ്പനും കൂട്ടരും ഹാഥ്രസിലേക്ക് പോയതെന്ന് ചൂണ്ടിക്കാട്ടി യുഎപിഎ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസ് എടുത്തിരുന്നത്. ഇതിനായി ഇവര്‍ പ്രത്യേക വെബ് സൈറ്റ് ആരംഭിച്ച് വലിയ തോതില്‍ പണം ശേഖരിച്ചുവെന്നും പ്രഥമ വിവര റിപ്പോര്‍ട്ടില്‍ പറയുന്നു. കാപ്പന് ഹാഥ്രസില്‍ ഒരു കാര്യവുമില്ലായിരുന്നുവെന്നും ഗൂഢലക്ഷ്യത്തോടെയാണ് അവിടേക്ക് പോയതെന്നും എന്‍ഐഎ ചൂണ്ടിക്കാട്ടി. സിമിയേപ്പറ്റിയുള്ള 45 പേജ് ലഘുലേഖകളും കാപ്പന്റെ ലാപ്ടോപ്പില്‍ നിന്ന് കണ്ടെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: