തിരുവനന്തപുരം: കോണ്‍ഗ്രസിന് വേണ്ടിയുള്ള മറുനാടന്‍ മലയാളിയുടെ വ്യാജവാര്‍ത്ത പ്രചരണത്തിന്റെ പൊള്ളത്തരം തുറന്നുകാട്ടി യുവമോര്‍ച്ച നേതാവ്. ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ഡോ.കെഎസ് രാധാകൃഷ്ണനെ നേതൃത്വം ഒതുക്കിയെന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന് സ്കറിയ ഒരു വീഡിയോ പുറത്തിറക്കിയിരിക്കുന്നു. ഇതിന് മറുപടിയുമായാണ് യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. ഗണേഷ് രംഗത്തെത്തിയത്. മറുനാടന്‍ മലയാളി കോണ്‍ഗ്രസിന് വേണ്ടി ഇതുപോലെയുള്ള കുത്തിത്തിരിപ്പ് വാര്‍ത്തകള്‍ ചെയ്യട്ടെ, ബിജെപി നേതാക്കള്‍ പാര്‍ശ്വവത്ക്കരിക്കപ്പെട്ടവര്‍ക്കും അവഗണിക്കപ്പെട്ടവര്‍ക്കും വേണ്ടിയുള്ള പ്രവര്‍ത്തനത്തിലാണെന്ന് അദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
കെ. ഗണേഷിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
കഴിഞ്ഞ ദിവസം മറുനാടനില്‍ അതിന്റെ മുതലാളി ഷാജന് സ്കറിയ ചെയ്ത വീഡിയോയില്‍ ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ ഡോ.കെഎസ് രാധാകൃഷ്ണനെ നേതൃത്വം ഒതുക്കിയെന്ന് പറയുന്നുണ്ടായിരുന്നു. ഷാജന് വീഡിയോ ചെയ്യുന്ന സമയത്ത് രാധാകൃഷ്ണന് സാര്‍ ദില്ലിയിലായിരുന്നു. കേരളത്തിലെ ആദിവാസികളുടെ പ്രശ്നം പഠിക്കാന്‍ കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ ഒരു സമിതി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് രൂപീകരിച്ചിരുന്നു.
വിശദമായ പഠനത്തിന് ശേഷം ആ സമിതിയുടെ റിപ്പോര്‍ട്ട് കേന്ദ്ര പട്ടിക വര്‍ഗ മന്ത്രി അര്ജുന് മുണ്ടെയ്ക്ക് സമര്‍പ്പിക്കാനായാണ് അദ്ദേഹവും സംസ്ഥാന ജനറല്‍സെക്രട്ടറി സി.കൃഷ്ണകുമാറും സംസ്ഥാന വക്താവ് കെവിഎസ് ഹരിദാസും ദില്ലിയിലെത്തിയത്.
പാലക്കട്ടെ അട്ടപ്പാടി, മലമ്പുഴ, കൊല്ലംകോട് എന്നിവിടങ്ങളിലും വയനാട്, ഇടുക്കി ജില്ലയിലും സന്ദര്‍ശനം നടത്തിയ ബിജെപി സംഘം പദ്ധതി നടത്തിപ്പിലെ അനവധി ക്രമക്കേടുകള്‍ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുണ്ട്. അട്ടപ്പാടിയിലെ ശിശു മരണം, ഗര്‍ഭിണികളുടെ ആരോഗ്യപ്രശ്നങ്ങള്‍ എന്നിവയും കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നിട്ടുണ്ട്. ഇത് സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് കേന്ദ്ര പട്ടിക വര്‍ഗ മന്ത്രി അര്ജുന് മുണ്ടെ ബിജെപി സംഘത്തിന് ഉറപ്പ് നല്കി.
മറുനാടന്‍ കോണ്‍ഗ്രസിന് വേണ്ടി ഇതുപോലെയുള്ള കുത്തിത്തിരിപ്പ് വാര്‍ത്തകള്‍ ചെയ്യട്ടെ, ബിജെപി നേതാക്കള്‍ പാര്‍ശ്വവത്ക്കരിക്കപ്പെട്ടവര്‍ക്കും അവഗണിക്കപ്പെട്ടവര്‍ക്കും വേണ്ടിയുള്ള പ്രവര്‍ത്തനത്തിലാണ്. വ്യാജവാര്‍ത്തകള്‍ കൊണ്ട് നിങ്ങള്‍ക്ക് തകര്‍ക്കാനാവില്ല ഞങ്ങളുടെ ഇച്ഛാശക്തിയെ എന്ന് മാത്രം മനസിലാക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: