പിടിപെട്ടാല്‍ ചികിത്സയില്ലാത്ത രോഗമാണ് പേവിഷബാധ അഥവാ റാബീസ്. വിഷബാധയേറ്റ രോഗികളുടെ മരണം സുനിശ്ചിതമാണ്. അതുകൊണ്ടുതന്നെ ഈ രോഗത്തെ ലോകമെങ്ങും അതീവ ഗൗരവത്തോടെയാണ് കാണുന്നത്. ലോകാരോഗ്യസംഘടനയുടെ നിരീക്ഷണ പ്രകാരം ഓരോ പത്തു മിനുട്ടിലും പേ വിഷബാധ ലോകത്ത് ഒരാളുടെയെങ്കിലും ജീവനെടുക്കുന്നു. പ്രതിരോധ കുത്തിവെയ്പ്പ് കൃത്യമായി സ്വീകരിക്കുന്നതിലെ വീഴ്ചയും ജാഗ്രതക്കുറവുമാണ് ജീവഹാനിയിലേക്ക് നയിക്കുന്നത്. റാബീസ് എന്ന ലാറ്റിന്‍ പദത്തിന്റെ അര്‍ത്ഥം ‘ഭ്രാന്ത്’ എന്നാണ്. പേ വിഷബാധ ഉണ്ടാക്കുന്നത് ഒരു ആര്‍എന്‍എ വൈറസാണ്. ലിസ വൈറസ് എന്നും ഇതിനു പേരുണ്ട്. ഏകദേശം ഇരുപതിനായിരം റാബീസ് മരണങ്ങളാണ് ഒരു വര്‍ഷം ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഇത് ലോകത്താകമാനമുള്ള റാബീസ് മരണങ്ങളുടെ 36% ആണ്. 1885ല്‍ ലൂയി പാസ്ചര്‍, എമിലി റോക്സ് എന്നി ശാസ്ത്രജ്ഞന്മാര് ചേര്‍ന്ന് പേവിഷത്തിനുള്ള പ്രതിരോധ കുത്തിവെയ്പ്പ് കെണ്ടത്തുന്നതുവരെ ഈ രോഗത്തിന് ഒരു തരത്തിലുള്ള ചികിത്സയും ലഭ്യമായിരുന്നില്ല.
വൈറസ് ബാധ തലച്ചോറിന്റെ ആവരണത്തിനു വീക്കമുണ്ടാക്കി മരണം സംഭവിക്കുന്ന എന്‍സെഫാലൈറ്റിസ് എന്ന രോഗാവസ്ഥ ഉണ്ടാക്കുന്നു. 5 പ്രതിരോധ കുത്തിവെയ്പ്പുകള്‍ യഥാസമയത്തെടുത്താല്‍ പേവിഷബാധ ഏല്‍ക്കുന്നത് നൂറുശതമാനം തടയാന്‍ കഴിയും. പണ്ട് കാലത്ത് പൊക്കിളിന് ചുറ്റും ആയിരുന്നു കുത്തിവയ്പ്പ് എടുത്തിരുന്നത്. 14 ദിവസം തുടര്‍ച്ചയായി, കൂടുതല്‍ അളവില്‍. അതിന് വേദനയും പാര്‍ശ്വഫലങ്ങളും വളരെ കൂടുതലായിരുന്നു. അന്ന് പൊതുജനങ്ങള്‍ക്ക് ഈ കുത്തിവയ്പ്പിനെ പേടിയായിരുന്നു. എന്നാലിന്ന് തികച്ചും സുരക്ഷിതമായി, വളരെ ചെറിയ അളവില്‍ മാത്രമാണ് കുത്തിവയ്പ്പ്. ഇതിനുള്ള മരുന്നുകള്‍ സൗജന്യമായി ലഭ്യമാകുന്നു.
വൈറസ് ബാധിച്ച മൃഗങ്ങളുടെ കടിയോ മാന്തോ അല്ലെങ്കില്‍ അവയുടെ ഉമിനീര് മുറിവുകളില്‍ പുരളുകയോ ചെയ്യുന്ന സാഹചര്യങ്ങളില്‍ വൈറസ് നമ്മുടെ ശരീരത്തില്‍ കയറിക്കൂടി നാഡികളില്‍ പെരുകും. വൈറസ് നാഡീ വ്യൂഹത്തെയും മസ്തിഷ്കത്തെയും ഗുരുതരമായി ബാധിച്ച് ഒടുവില്‍ രോഗലക്ഷണങ്ങള്‍ പ്രകടമായി തുടങ്ങിയാല്‍ മരണം ഉറപ്പ്. ചികിത്സകള്‍ ഒന്നും രോഗം കണ്ടുതുടങ്ങിയാല്‍ ഫലപ്രദമല്ല.
പേവിഷ ബാധയേല്‍ക്കുന്നവരില്‍ 98 ശതമാനത്തിനും രോഗബാധയേല്‍ക്കുന്നത് വൈറസ് ബാധിച്ച നായ്ക്കളുടെ കടിയില്‍ നിന്നുമാണ്. രണ്ട് ശതമാനം ആളുകള്‍ക്ക് പൂച്ച, കീരി, കുറുക്കന്, ചെന്നായ, മറ്റ് വന്യമൃഗങ്ങള്‍ എന്നിവയുടെ കടിയിലൂടെയും. വിഷബാധയേറ്റ മൃഗങ്ങളുടെ ഉമനീര്ഗ്രന്ഥികളും ഉമിനീരുമാണ് വൈറസിന്റെ സംഭരണ കേന്ദ്രം. നായയുടെ രക്തത്തിലൂടെയോ, മലമൂത്ര വിസര്ജനത്തിലൂടെയോ വൈറസ് പകരുകയില്ല, അവരുടെ ഉമിനീരില്‍ നിന്ന് മാത്രമാണ് പകരുന്നത്.
പട്ടികളിലും പൂച്ചകളിലും ഈ രോഗം കൂടുതലായി കണ്ടുവരുന്നു. പന്നി, കഴുത, കുതിര കുറുക്കന്, ചെന്നായ, കുരങ്ങന്, അണ്ണാന് എന്നി മൃഗങ്ങളേയും ഇതു ബാധിക്കാറുണ്ട്. വീട്ടുമൃഗങ്ങളേയും വന്യമൃഗങ്ങളേയും ഒരേപോലെ രോഗം ബാധിക്കാം.
തെരുവ് നായയുടെ കടിയേറ്റാല്‍ അണുബാധയുണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. വളര്‍ത്തുനായയുടെ കടിയേല്‍ക്കുകയാണെങ്കില്‍ കൃത്യമായ കുത്തിവയ്പ്പുകള്‍ എടുത്തിട്ടുള്ള നായ ആണെങ്കില്‍ അണുബാധ സാധ്യത കുറവാണെങ്കിലും കൃത്യമായ നിര്‍ണയത്തിന് ഒരു ഡോക്ടറുടെ സഹായം തേടണം.
പേവിഷ ബാധയേല്‍ക്കുന്നത് കൂടുതല്‍ കുട്ടികളില്‍
പേവിഷബാധ മൂലം മരണം സംഭവിക്കുന്നതില്‍ 40-60 ശതമാനം 15 വയസില്‍ താഴെ പ്രായമുള്ള കുട്ടികളിലാണ്. ഇതേപ്പറ്റി കുട്ടികള്‍ക്ക് അറിവില്ലാത്തതിനാലും നിസാരവല്‍ക്കരിക്കുകയും ചെയ്യുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.
കുട്ടികളില്‍ പേവിഷബാധയെ പറ്റി അവബോധം സൃഷ്ടിക്കേണ്ടത് അനിവാര്യമാണ്. മൃഗങ്ങളില്‍ നിന്ന് കടിയോ, മാന്തലോ ഏറ്റാല്‍ രക്ഷിതാക്കളെയോ മറ്റു മുതിര്‍ന്നവരെയോ അറിയിക്കണമെന്ന് കുട്ടികളെ പറഞ്ഞു മനസ്സിലാക്കണം. പേവിഷബാധയേറ്റുള്ള മരണങ്ങളുടെ പ്രധാനകാരണം യഥാസമയത്ത് പരിചരണം ഇല്ലാത്തതാണ്.
പ്രഥമ ശുശ്രൂഷ പ്രധാനം
വളര്‍ത്തുമൃഗങ്ങളുടെയോ തെരുവ് നായ്ക്കളുടെയോ കടിയേറ്റാല്‍ ഉടന്‍ പ്രഥമ ശുശ്രൂഷ ചെയ്യണം. മുറിവുണ്ടായ ഭാഗം ഒഴുകുന്ന വെള്ളത്തില്‍ സോപ്പു ഉപയോഗിച്ച് 15 മിനിട്ടെങ്കിലും തുടര്‍ച്ചയായി കഴുകണം. ബീറ്റാഡിന് സൊല്യൂഷന് ഉണ്ടെങ്കില്‍ അത് വെള്ളം ചേര്‍ത്ത് കഴുകുന്നത് കൂടുതല്‍ സംരക്ഷണം ഉറപ്പാക്കും. തുടര്‍ന്ന് എത്രയും വേഗം ആശുപത്രിയില്‍ എത്തി കൃത്യമായ ചികിത്സ തേടുക.
28 ദിവസത്തിനുള്ളില്‍ അഞ്ച് ഡോസ് കുത്തിവെപ്പാണ് എടുക്കേണ്ടത്. 0, 3, 7, 14, 28 എന്നതാണ് കണക്ക്. ഇതു മുടക്കം കൂടാതെ നിര്‍ബന്ധമായും എടുത്തിരിക്കണം. പേ ബാധിച്ച മൃഗങ്ങളുടെ കടിയേല്‍ക്കുന്നത് കഴുത്തിന് മുകളിലാണെങ്കില്‍ പ്രതിരോധ കുത്തിവെപ്പ് ഉടന്‍ നടത്തേണ്ടതാണ്.
ലക്ഷണങ്ങള്‍
കടിയേറ്റ ഭാഗത്ത് ചൊറിച്ചില്‍, മുറിവിന് ചുറ്റും മരവിപ്പ്, തലവേദന, തൊണ്ടവേദന, വിറയല്‍, ശ്വാസതടസം, ഉത്കണ്ഠ, പേടി, ശബ്ദവ്യത്യാസം, ഉറക്കമില്ലായ്മ, കാറ്റിനോടും വെള്ളത്തിനോടും വെളിച്ചത്തിനോടും പേടി തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്‍. ഇവ കണ്ടുതുടങ്ങിയാല്‍ മരണം ഉറപ്പാണ്. വൈറസ് ശരീരത്തിനുള്ളില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ ചിലപ്പോള്‍ മാസങ്ങള്‍ക്ക് ശേഷമായിരിക്കും രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്.
ലോകത്ത് ഏറ്റവും മാരകമായ ജന്തുജന്യ രോഗത്തെ തടയാന്‍ പ്രധാന പോംവഴി തെരുവ് നായ്ക്കളുടെ വംശവര്‍ധന തടയുക എന്നുള്ളതാണ്. അത് ഫലപ്രദമായി നടപ്പിലാക്കാനുള്ള പദ്ധതികളില്‍ പാളിച്ച വന്നപ്പോഴാണ് വീണ്ടും പേ വിഷ ഭീഷണിയുണ്ടായത്. തെരുവുനായ്ക്കളുടെ വന്ധ്യംകരണ പദ്ധതി ശരിയായ രീതിയില്‍ ആത്മാര്‍ത്ഥതയോടെ നടപ്പിലാക്കുന്നതില്‍ തേദ്ദേശ സ്ഥാപനങ്ങളും സര്‍ക്കാരും പരാജയപ്പെടുമ്പോള്‍ പേ വിഷബാധയേറ്റുള്ള മരണ നിരക്ക് ഉയരുക തന്നെ ചെയ്യും.
വളര്‍ത്തു നായകളെ ഉപേക്ഷിക്കുന്നത് തടയണം
വിദ്യാസമ്പന്നരെന്ന് അഭിമാനിക്കുന്ന നാട്ടില്‍ ഒരു ദിവസം ഉപേക്ഷിക്കപ്പെടുന്ന വിദേശബ്രീഡ് വിഭാഗത്തിലുള്ള വളര്‍ത്തുനായകള്‍ക്കു കണക്കില്ല. വളര്‍ത്താന്‍ തുടങ്ങി കഴിഞ്ഞാല്‍ ഒരു ചെറിയ അസുഖം വന്നാല്‍, രോമം കൊഴിഞ്ഞാല്‍, ഒരു മുറിവ് ഉണ്ടായാല്‍, പ്രായമായാല്‍, ആരും കാണാതെ ഇരുളിന്റെ മറവില്‍ കൊണ്ടുക്കളയുകയാണ്. വീട്ടിലെ മാലിന്യം കളയുന്ന ലാഘവത്തോടെ വളര്‍ത്തു നായകളെ തെരുവില്‍ ഉപേക്ഷിക്കുന്നു. ഇത് എത്രയും വേഗം തടയണം. ഇതു ചെയ്യുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം. നമ്മുടെ നാട്ടില്‍ ഒരു ദിവസം ഉപേക്ഷിക്കപ്പെടുന്ന വിദേശനായകള്ക്കു കണക്കില്ല.
വിദേശ നായകച്ചവടം കേരളത്തിലും കൂടിയതോടെയാണ് തെരുവുനായകള്‍ വര്‍ധിച്ചത്. വിദേശ നായബ്രീഡ് കച്ചവടത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തണം. വിദേശനായകളെ വില്‍ക്കുന്നതും വാങ്ങുന്നതും ബന്ധപ്പെട്ട അധികൃതരുടെ അറിവോടെയായിരിക്കണം. ഒരു വളര്‍ത്തുനായയെ തെരുവില്‍ കാണാനിടയായാല്‍ അത് ഏതു ഉടമസ്ഥന്റെതാണെന്ന് തിരിച്ചറിയാനുള്ള മൈക്രോ ചിപ്പ് ഘടിപ്പിക്കണം.
നിയമങ്ങളും മാനദണ്ഡങ്ങളും പാലിക്കാതെ ചെയ്യുന്ന നായ ബിസിനസ് നിര്‍ത്തലാക്കണം. ഒരു വളര്‍ത്തുനായ അസ്വാഭാവികമായി മരണപെട്ടാലോ തെരുവില്‍ ഉപേക്ഷിക്കപ്പെട്ടാലോ അതിന്റെ ഉത്തരവാദിത്വം അത് വില്‍ക്കുന്നവര്‍ക്കും വാങ്ങുന്നവര്ക്കുമാകണം. അവര്‍ക്കെതിരെ നിയമനടപടി ഉണ്ടാകണം.
വന്ധീകരണത്തിന്റെ മറവില്‍ തെരുവുനായകളെ കൊന്നൊടുക്കുകയാണോ അല്ലയോ എന്നുറപ്പുവരുത്താന്‍ സംവിധാനമുണ്ടാക്കണം. നിയമങ്ങളും മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കണം. കേരളത്തിലെ എല്ലാ ജില്ലകളിലും തെരുവ്നായ വന്ധീകരണ പ്രവര്‍ത്തി അഴിമതി രഹിതവും ശാസ്ത്രീയവും സുരക്ഷിതത്വത്തോടെയും നടപ്പിലാക്കണം.
തെരുവുനായ്ക്കളുടെയും ഉപേക്ഷിക്കപ്പെട്ട വളര്ത്തുനായകളുടേയും അടിയന്തര ചികിത്സകള്‍ എല്ലാ മൃഗാശുപത്രികളിലും സൗജന്യമായി നല്‍കണം. നാടന്‍ നായകുഞ്ഞുങ്ങളെ എടുത്തു വളര്‍ത്താനുള്ള ബോധവത്ക്കരണം സര്‍ക്കാരിന്റെ ഭാഗത്തുനിന്നും നടത്തണം. പെണ്പട്ടി കുഞ്ഞുങ്ങളെ വന്ധീകരണ ശാസ്ത്രക്രിയ ചെയ്യേണ്ടവര്‍ക്ക് കേരളത്തിലെ വെറ്റിറിനറി ആശുപത്രികളില്‍ സൗജന്യമായി ചെയ്തുകൊടുക്കണം.
തെരുവുനായ പ്രജനന നിയന്ത്രണത്തിനുമായി ഏര്‍പ്പെടുത്തിയ വന്ധീകരണ പ്രവര്‍ത്തി ഓരോ പഞ്ചായത്തിലെയും മൃഗശുപത്രിയുമായി ബന്ധപ്പെട്ട് ശാസ്ത്രീയവും സുരക്ഷിതവുമായി നടത്തുവാന്‍ കഴിവുള്ളവരെ വച്ച് ആരംഭിക്കണം.
ശ്രീജേഷ് പന്താവൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: