ഹരിപ്പാട്: എന്‍ടിപിസിയുടെ കായംകുളത്തെ 92 മെഗാവാട്ട് ശേഷിയുള്ള ഫ്ളോട്ടിങ് സൗര വൈദ്യുതി പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ടത്തിന് സമര്‍പ്പിച്ചു. പരമ്പരാഗത ഊര്‍ജ സ്രോതസ്സുകളില്‍ നിന്നും വഴി മാറി രാജ്യം ഹരിത ഊര്‍ജ വിപ്ലവത്തിലേക്കു കടക്കുകയാണെന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ സമര്‍പ്പണം നിര്‍വഹിച്ച പ്രധാനമന്ത്രി പറഞ്ഞു.
ഊര്‍ജ സുരക്ഷ ഉറപ്പാക്കുന്നത് രാജ്യത്തിന്റെ ഭാവി സുസ്ഥിരതയ്ക്ക് ഏറെ പ്രധാനമാണ്. വൈദ്യുതി ഉത്പാദനം വര്‍ധിപ്പിക്കുന്നതിനൊപ്പം ഊര്‍ജനഷ്ടം സംഭവിക്കുന്നില്ല എന്ന് ഉറപ്പാക്കാന്‍ ഓരോ പൗരനും ഉത്തരവാദിത്വമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കായംകുളത്തിനു പുറമേ തെലുങ്കാനയിലെ രാമഗുണ്ടത്ത് നിര്‍മിച്ച 100 മെഗാവാട്ട് ശേഷിയുള്ള സോളാര്‍ പ്ലാന്റിന്റെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിച്ചു.
എന്‍ടിപിസിയില്‍ നടന്ന ചടങ്ങില്‍ എ.എം.ആരിഫ് എം.പി, ചിങ്ങോലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി. സജിനി, എന്‍ടിപിസി ജനറല്‍ മാനേജര്‍ എസ്.കെ. റാം, എം. ബാലസുന്ദരം, മുകേഷ് ഠാകൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിന്റെ ഭാഗമായി രാജ്യവ്യാപകമായി കേന്ദ്ര വൈദ്യുതി മന്ത്രാലയം സംഘടിപ്പിച്ച ഉജ്വല്‍ ഭാരത്, ഉജ്വല്‍ ഭവിഷ്യ പവര്‍ @ 2047 പരിപാടിയുടെ സമാപനവും ഇതോടൊപ്പം നടന്നു. വിവിധ സംസ്ഥാനങ്ങളിലെ കേന്ദ്ര പദ്ധതി ഉപഭോക്താക്കളുമായി പ്രധാനമന്ത്രി ഓണ്‍ലൈനില്‍ സംവദിച്ചു.
ഇന്ത്യയിലെ സൗര പദ്ധതികളില്‍ കായംകുളത്തിന് രണ്ടാംസ്ഥാനമാണ് ഉള്ളത്, 100 മെഗാവാട്ടിന്റെ രാമഗുണ്ടം പദ്ധതിയാണ് ഒന്നാം സ്ഥാനത്ത്. താപ നിലയത്തിന് സ്വന്തമായുള്ള 900 ഏക്കര്‍ കായലിലെ 450 ഏക്കര്‍ വെള്ളക്കെട്ടിലാണ് സോളാര്‍ പാനല്‍ നിരത്തി സൗരവൈദ്യൂതി ഉല്‍പ്പാദിപ്പിക്കുന്നത്. 92 മെഗാവാട്ട് ശേഷി കൈവരിച്ചത് മുന്നു ഘട്ടങ്ങളിലായാണ്.
22 മെഗാവാട്ട് 2022 മാര്‍ച്ചിലും 35 മെഗാവാട്ട് മെയിലും 35 മെഗാവാട്ട് ജൂണിലുമാണ് ഉല്പാദനക്ഷമമായത്. വെള്ളത്തില്‍ പൊങ്ങി കിടക്കുന്ന സൗര പാനലുകള്‍ ഉപയോഗപ്പെടുത്തി വൈദ്യൂതി ഉത്പാദിപ്പിക്കുന്ന കേരളത്തിലെ ഏറ്റവും വലിയ പദ്ധതിയാണ് എന്ടിപിസിയുടേത്. സമീപ ഭാവിയില്‍ കായംകുളത്തിന് കുടുതല്‍ ശേഷി കൈവരിക്കാനാകുമെന്ന് എന്‍ടിപി സി ജനറല്‍ മാനേജര്‍ എസ്.കെ.റാം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: