Categories: Kerala

എകെജി സെന്ററിന് നേരെയുണ്ടായ ആക്രമണം: ഇ.പി. ജയരാജന്‍ പി.കെ. ശ്രീമതി എന്നിവരുടെ പ്രസ്താവനയില്‍ കേസെടുക്കണം; ഹര്‍ജി നല്‍കി

തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും.

Published by

തിരുവനന്തപുരം : എകെജി സെന്ററിന് നേരെ പടക്കം എറിഞ്ഞ സംഭവത്തില്‍ സിപിഎം കേന്ദ്ര കമ്മിറ്റിയംഗം പി.കെ. ശ്രീമതി, എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍ എന്നിവര്‍ക്കെതിരെ കേസെടുക്കണമെന്ന് ഹര്‍ജി. എകെജി സെന്ററിന് നേരെയുണ്ടായ ആക്രമണത്തില്‍ ഇരുവരും വാസ്തവ വിരുദ്ധ പ്രസ്താവന നടത്തിയതില്‍ പൊതുപ്രവര്‍ത്തകനായ പായ്ച്ചിറ നവാസാണ് ഹര്‍ജി നല്‍കിയത്.  

ഇരുവര്‍ക്കുമെതിരെ കലാപാഹ്വാനം, ഗൂഢാലോചന എന്നീ വകുപ്പുകള്‍ ചുമത്തി കേസെടുക്കണമെന്നാണ് നവാസിന്റെ ഹര്‍ജി. തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും. എകെജി സെന്റര്‍ ആക്രമണം നടന്ന് ഒരു മാസം പിന്നിട്ടിട്ടും പ്രതികളെ കണ്ടെത്താനായില്ലെന്ന ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് ഇപ്പോള്‍ സിപിഎം നേതാക്കള്‍ക്കെതിരെ കോടതിയെ സമീപിച്ചിരിക്കുന്നത്.  

എകെജി സെന്ററിന് നേരെയുണ്ടായ ആക്രമണങ്ങള്‍ക്ക് പിന്നില്‍ ഗൂഢലക്ഷ്യങ്ങളുണ്ട്. ഞെട്ടിക്കുന്ന ശബ്ദമാണ് കേട്ടത്. പു്‌സ്തകം വായിച്ചുകൊണ്ടിരിക്കേ കസേരയില്‍ നിന്നും ഇളകിയെന്നുമായിരുന്നു സംഭവത്തിന്‌ശേഷം പി.കെ. ശ്രീമതി പ്രതികരിച്ചത്.  

ബോംബ് എറിയുമെന്ന് കോണ്‍ഗ്രസ് നേരത്തെ പ്രഖ്യാപിച്ചതാണ്. മുഖ്യമന്ത്രിയെ അടക്കം ആക്രമിക്കാന്‍ പോയവരാണ് ഇവര്‍. സിപിഎം അണികള്‍ ഒരു തരത്തിലും പ്രകോപിതരാകരുതെന്നും അനിഷ്ടസംഭവങ്ങള്‍ ഉണ്ടാക്കരുതെന്നുമായിരുന്നു ഇപി പ്രതികരിച്ചത്.  

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക