ദക്ഷിണ കന്നഡയിലെ ബെല്ലാരിയില്‍ ബിജെപി നേതാവ് പ്രവീണ്‍ നെട്ടാരുവിനെ പൈശാചികമായി കൊലപ്പെടുത്തിയതില്‍ ഭീകരസംഘടനകളായ പോപ്പുലര്‍ ഫ്രണ്ടിനും എസ്ഡിപിഐക്കുമുള്ള പങ്കിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരികയാണ്. സംഭവവുമായി ബന്ധപ്പെട്ട് കാസര്‍കോടുനിന്ന് കര്‍ണാടക പോലീസിന്റെ പിടിയിലായ രണ്ടുപേര്‍ക്ക് ഈ സംഘടനകളുമായുള്ള ബന്ധം സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. അറസ്റ്റിലായ ഒരാളുടെ ഭാര്യതന്നെ തന്റെ ഭര്‍ത്താവിന് പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന് പറഞ്ഞിരിക്കുകയാണ്. ഇവരിലൊരാളുടെ പിതാവ് കൊലചെയ്യപ്പെട്ട പ്രവീണ്‍ നടത്തുന്ന ഇറച്ചിക്കടയിലെ ജോലിക്കാരനാണെന്ന വിവരവും പുറത്തുവന്നിരിക്കുന്നു. കൊലയാളികള്‍ ബെല്ലാരിയില്‍ എത്തിയത് കേരള രജിസ്ട്രേഷനുള്ള വാഹനത്തിലാണെന്നും, ഇവര്‍ക്ക് കൊലചെയ്യപ്പെട്ട പ്രവീണിനെക്കുറിച്ച് വിവരങ്ങള്‍ നല്‍കിയത് ഇപ്പോള്‍ അറസ്റ്റിലായിട്ടുള്ളവരാണെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. കൊല നടത്തിയശേഷം ഭീകരര്‍ കേരളത്തിലേക്ക് രക്ഷപ്പെട്ടിരിക്കാമെന്ന നിഗമനത്തില്‍ കാസര്‍കോട്, കണ്ണൂര്‍ ജില്ലകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം നടക്കുകയാണ്. പ്രതികളെ പിടികൂടാന്‍ പോലീസ് ഊര്‍ജിതമായി ശ്രമിക്കുന്നതിനിടെ കേസിന്റെ അന്വേഷണം കര്‍ണാടകയിലെ ബിജെപി സര്‍ക്കാര്‍ ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍ഐഎക്ക് വിട്ടിരിക്കുന്നു. ഭീകരവാദികളെ അമര്‍ച്ച ചെയ്യാന്‍ വേണ്ടിവന്നാല്‍ യുപി മോഡല്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പ്രഖ്യാപിച്ചിരിക്കുകയാണ്.
രാജസ്ഥാനിലെ ജയ്പൂരില്‍ തയ്യല്‍ജോലിക്കാരനായ കനയ്യലാലിനെ ഇസ്ലാമിക ഭീകരര്‍ അതിക്രൂരമായി കൊലചെയ്തതിനെക്കുറിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടതിന്റെ പേരിലാണ് ബെല്ലാരിയില്‍ ബിജെപി നേതാവിനെ വധിച്ചത്. കനയ്യലാലിനെ കൊലപ്പെടുത്തിയതുപോലെ കഴുത്തറുത്താണ് പ്രവീണ്‍ നെട്ടാരുവിനെയും കൊലചെയ്തത്. ടിവി ചാനല്‍ ചര്‍ച്ചയില്‍ കാശിക്ഷേത്രത്തെയും ശിവലിംഗത്തെയും ഒരു ഇസ്ലാമിക ഭീകരസംഘടനാ നേതാവ് അപകീര്‍ത്തിപ്പെടുത്തിയപ്പോള്‍ മുഹമ്മദ് നബിയെക്കുറിച്ച് ചില പരാമര്‍ശങ്ങള്‍ നടത്തിയ നൂപുര്‍ ശര്‍മയെ അനുകൂലിച്ചതിന്റെ പേരിലാണ് കനയ്യലാലിനെ കൊലപ്പെടുത്തിയത്. നൂപുര്‍ ശര്‍മയെ അനുകൂലിച്ചതിന്റെ പേരില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിരവധിപേര്‍ ഇസ്ലാമിക വധഭീഷണി നേരിടുകയാണ്. ചിലര്‍ ആക്രമിക്കപ്പെടുകയും ചെയ്തു. സമൂഹമാധ്യമങ്ങളിലൂടെ ഇസ്ലാമിക മതതീവ്രവാദികള്‍ അത്യന്തം പ്രകോപനപരമായ പ്രതികരണങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. നൂപുര്‍ശര്‍മയെ കൊലചെയ്യുന്നവര്‍ക്ക് പല ഇസ്ലാമിക മതമേധാവികളും പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. നൂപുര്‍ ശര്‍മയെ കൊലപ്പെടുത്താന്‍ പാക്കിസ്ഥാനില്‍നിന്ന് അതിര്‍ത്തി കടന്ന് ഭാരതത്തിലെത്തിയ ഒരു തീവ്രവാദി പോലീസിന്റെ പിടിയിലാവുകയുണ്ടായി. പാക് ചാരസംഘടനയായ ഐഎസ്ഐയുടെ പിന്തുണയോടെയാണ് ഇതെല്ലാം അരങ്ങേറുന്നതെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. രാജ്യത്തെ അന്വേഷണ ഏജന്‍സികള്‍ ഇതുസംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്.
ദൈവനിന്ദ ആരോപിച്ച് രണ്ടായിരത്തി പത്തില്‍ ടി.ജെ. ജോസഫ് എന്ന കോളജ് അധ്യാപകന്റെ കൈ വെട്ടിയെടുത്തതു മുതല്‍ തുടങ്ങുന്നതാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ ഭീകരാക്രമണങ്ങള്‍. മതകോടതി രൂപീകരിച്ച് അതിന്റെ വിധിപ്രകാരമാണ് ഈ കൃത്യം ചെയ്തത്. കേരളം കേന്ദ്രമായി ഭീകരപ്രവര്‍ത്തനം ശക്തിപ്പെടുത്തിയ പോപ്പുലര്‍ ഫ്രണ്ടും എസ്ഡിപിഐയും പിന്നീട് മറ്റ് സംസ്ഥാനങ്ങളിലേക്കും വിധ്വംസക പദ്ധതി വ്യാപിപ്പിക്കുകയുണ്ടായി. മതത്തിന്റെ പേരില്‍ സമൂഹത്തില്‍ വിഭാഗീയത സൃഷ്ടിക്കാനുള്ള ഒരവസരവും ഇവര്‍ പാഴാക്കുന്നില്ല. പൗരത്വ നിയമഭേദഗതിക്കെതിരെയും ഹിജാബ് ധരിക്കുന്നതിന്റെ പേരിലുമൊക്കെ അക്രമാസക്ത പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുകയും, വര്‍ഗീയകലാപങ്ങള്‍ക്ക് വഴിയൊരുക്കുകയും ചെയ്തു. ദല്‍ഹിയില്‍ വര്‍ഗീയകലാപം കുത്തിപ്പൊക്കിയതിനു പിന്നില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ പങ്കാളിത്തം പുറത്തുവന്നിട്ടുണ്ട്. വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് കോടിക്കണക്കിന് രൂപയാണ് വിദേശത്തുനിന്ന് ഈ സംഘടനകളുടെ നേതാക്കള്‍ കൈപ്പറ്റുന്നത്. ഇവരില്‍ ചിലരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ്ചെയ്ത് ജയിലിലടച്ചിരിക്കുകയാണ്. ബീഹാര്‍ സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാന്‍ പദ്ധതിയിട്ട ചില പോപ്പുലര്‍ ഫ്രണ്ട് ഭീകരര്‍ അടുത്തിടെ പിടിയിലാവുകയുണ്ടായി. ഈ സംഘടനകളെ നിയമംമൂലം നിരോധിച്ച് ശക്തമായി അടിച്ചൊതുക്കുകയല്ലാതെ മറ്റ് മാര്‍ഗമില്ല. ഇങ്ങനെ ചെയ്യാത്തപക്ഷം കനയ്യലാലിനെയും പ്രവീണിനെയുംപോലെ നിരവധി മനുഷ്യരെ ഇക്കൂട്ടരുടെ കൊലക്കത്തിക്ക് വിട്ടുകൊടുക്കേണ്ടിവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: