ബെംഗളൂരു: കര്‍ണാടകയിലെ ദക്ഷിണ കന്നഡ ജില്ല യുവമോര്‍ച്ച സെക്രട്ടറി പ്രവീണ്‍കുമാര്‍ നെട്ടാരുവിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ടുപേരെ കര്‍ണാടക പോലീസ് കേരളത്തില്‍ നിന്നും പിടികൂടി. ദക്ഷിണ കന്നഡയിലെ സവനൂര്‍ സ്വദേശി സക്കീര്‍ (29), ബെല്ലാരെ സ്വദേശി മുഹമ്മദ് ഷെഫീഖ് (27) എന്നിവരാണ് അറസ്റ്റിലായത്. ഇന്നു ഉച്ചയോടെ കാസര്‍കോട് ജില്ലയില്‍ നിന്നാണ് ഇരുവരെയും പോലീസ് പിടികൂടിയത്.
ഇരുവരും പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകരാണ്. ഷഫീഖും സക്കീറും ഗൂഢാലോചന നടത്തിയവരില്‍ ഉള്‍പ്പെടുന്നവരാണ്. ഇതോടൊപ്പം കൊലപാതക സംഘത്തിന് പ്രവീണിനെക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറിയതും ഇവരാണ്. കൊലപാതകം നടത്തിയവരെ ഉടന്‍ തന്നെ പിടികൂടുമെന്നും, നിലവില്‍ കാസര്‍കോട്, കണ്ണൂര്‍ എന്നീ ജില്ലകള്‍ കേന്ദ്രീകരിച്ചുള്ള കര്‍ണാടക പോലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് സൂപ്രണ്ട് സോനാവാനെ ഋഷികേശ് ഭഗവാന് മാധ്യമങ്ങളോട് പറഞ്ഞു.
കൊലപാതകവുമായി ബന്ധപ്പെട്ട് ഇതുവരെ 21 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇതില്‍ 15 എസ്ഡിപിഐ, പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകര്‍ ഉള്‍പ്പെടുന്നു. മലയാളികള്‍ ഉള്‍പ്പെട്ട സംഘത്തെ ചോദ്യം ചെയ്തുവരികയാണ്. കൊലപാതകത്തിന് പിന്നാലെ പിടിച്ചെടുത്ത ബൈക്ക് കേരള രജിസ്ട്രേഷനില്‍ ഉള്ളതാണ്. വാഹനം കേന്ദ്രീകരിച്ചും ഊര്‍ജ്ജിത അന്വേഷണമാണ് പുരോഗമിക്കുന്നത്. ബൈക്കിന്റെ നമ്പര്‍ പ്ലേറ്റ് വ്യാജമാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. അറസ്റ്റിലായ സാക്കിര്‍ നിരവധി ക്രിമിനല്‍ കേസുകള്‍ പ്രതിയാണ്. ഇരുവരെയും ഉടനെ കോടതിയില്‍ ഹാജരാക്കുമെന്നും അദ്ദേഹം അറിയിച്ചു. ജൂലൈ 26ന് രാത്രിയാണ് പ്രവീണ്‍ വെട്ടേറ്റ് മരിച്ചത്. ബൈക്കിലെത്തിയ രണ്ട് അക്രമികള്‍ പ്രവീണിനെ അദ്ദേഹത്തിന്റെ ചിക്കന്‍ സെന്ററിന് സമീപത്ത് വച്ച് വാളുകൊണ്ട് ആക്രമിച്ച ശേഷം സ്ഥലംവിടുകയായിരുന്നു.
ബിജെപി നേതാവ് നൂപുര്‍ ശര്‍മയെ അനുകൂലിച്ചതിന്റെ പേരില്‍ രാജസ്ഥാനിലെ തയ്യല്‍തൊഴിലാളി കനയ്യ ലാലിനെ മതമൗലികവാദികള്‍ കൊലപ്പെടുത്തിയതിനെതിരെ പ്രവീണ്‍ സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ഇതിന്റെ പേരിലാണ് പ്രവീണിന്റെ കൊതപാകമെന്നാണ് ബിജെപി ആരോപണം. കനയ്യ ലാലിനെ കൊലപ്പെടുത്തിയ അതേ മാതൃകയില്‍ കഴുത്ത് മുറിച്ചും മറ്റുമാണ് പ്രവീണിനേയും കൊലപ്പെടുത്തിയിരിക്കുന്നത്. ഇതിന് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ പ്രവര്‍ത്തകര്‍ ആണെന്നും ബിജെപി ആരോപിക്കുന്നു. എന്‍ഐഎ അന്വേഷണം എന്ന ആവശ്യവും ബിജെപി ഇതിനോടകം ഉന്നയിച്ചിട്ടുണ്ട്. കേന്ദ്ര സഹമന്ത്രി ശോഭാ കരന്തലജെ കേസില്‍ എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി അമിത്ഷായ്ക്ക് കത്തും അയച്ചിട്ടുണ്ട്.
അതേ സമയം പ്രവീണ്‍കുമാറിന്റെ കൊലയാളികളെ പിടികൂടുന്നവരെ തങ്ങള്‍ വിശ്രമിക്കില്ലെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. കൊലപാതകികളെ പിടികൂടാന്‍ സംസ്ഥാന സര്‍ക്കാര്‍ എല്ലാ നടപടികളും സ്വീകരിച്ച വരികയാണ്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിക്ക് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. കര്‍ണാടക പോലീസ് ഉദ്യോഗസ്ഥര്‍ കേരളവുമായി നിരന്തരം ബന്ധപ്പെട്ടുവരികയാണെന്നും അദ്ദേഹം പറഞ്ഞു. മംഗളൂരു എസ്പി കാസര്‍കോട് എസ്പിയുമായി സംസാരിച്ചു. കര്‍ണാടക ഡിജിപിയും കേരള ഡിജിപിയുമായി വിഷയം ഉന്നയിച്ചിട്ടുണ്ട്. കൊലയാളികളെ പിടികൂടാന്‍ ടീമുകള്‍ രൂപീകരിച്ച് ഓപ്പറേഷന് ആരംഭിച്ചിട്ടുണ്ട്. കുറ്റവാളികളെ ഉടന്‍ പിടികൂടി കര്‍ശനമായി ശിക്ഷിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
മംഗളൂരു, ഡിജി ഹള്ളി, ശിവമോഗ എന്നിവിടങ്ങളില്‍ നടന്ന സമാന കേസുകളില്‍ തങ്ങള്‍ ചെയ്തതുപോലെ കര്‍ശനമായ നടപടി സ്വീകരിക്കുമെന്ന് ബൊമ്മൈ പറഞ്ഞു. ഈ കേസുകളുടെ പിന്നിലെ സംഘടനകളെയും ശക്തികളെയും തകര്‍ക്കും. സമാധാനവും ഐക്യവും നിലനിര്‍ത്താന്‍ അദ്ദേഹം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. പ്രകോപനപരമായ പ്രസ്താവനകള്‍ പുറപ്പെടുവിക്കുന്നതില്‍ നിന്ന് ജനങ്ങള്‍ വിട്ടുനില്‍ക്കണമെന്നും അന്വേഷണത്തില്‍ സഹകരിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. അന്വേഷണം എന്‍ഐഎയെ ഏല്‍പ്പിക്കുന്നതിനുള്ള സാധ്യതയെക്കുറിച്ചുള്ള ചോദ്യത്തിന് അത്തരമൊരു ആവശ്യം വന്നാല്‍ അത് എന്‍ഐഎയ്ക്ക് കൈമാറാന്‍ മടിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: