Categories: India

പ്രതിഷേധം കനത്തതോടെ മമതയുടെ നേതൃത്വത്തില്‍ മന്ത്രിസഭാ യോഗം; പാര്‍ഥ ചാറ്റര്‍ജിയെ മന്ത്രിസ്ഥാനത്തുനിന്ന് പുറത്താക്കി

Published by

കൊല്‍ക്കത്ത : സ്‌കൂള്‍ നിയമന കുംഭകോണക്കേസിലും കള്ളപ്പണം വെളുപ്പിക്കല്‍ കേസിലും പ്രതിയായ പശ്ചിമ ബംഗാള്‍ വ്യവസായ മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജിയെ മന്ത്രിസ്ഥാനത്ത് നിന്ന് നീക്കി. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണു തീരുമാനം. പാര്‍ഥയെ ഇന്നു മുതല്‍ മന്ത്രിസ്ഥാനത്തുനിന്നു നീക്കിയതായി ബംഗാള്‍ സര്‍ക്കാര്‍ പുറത്തുവിട്ട പത്രക്കുറിപ്പില്‍ പറയുന്നു.

വ്യവസായം, ഐടി, വാണിജ്യം, പാര്‍ലമെന്ററി കാര്യങ്ങള്‍, പൊതു സംരംഭങ്ങള്‍, വ്യാവസായിക പുനര്‍നിര്‍മ്മാണം തുടങ്ങിയ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായിരുന്നു പാര്‍ത്ഥ ചാറ്റര്‍ജി. അദ്ദേഹത്തെ നീക്കിയതിന് പിന്നാലെ മമത ബാനര്‍ജി ഈ വകുപ്പുകള്‍ കൈകാര്യം ചെയ്യും. അഴിമതിക്കേസില്‍ പ്രതിയായ ചാറ്റര്‍ജിയെ പാര്‍ട്ടിയിലെയും മന്ത്രിസഭയിലെയും എല്ലാ സ്ഥാനങ്ങളില്‍ നിന്നും നീക്കണമെന്ന് തൃണമൂല്‍ നേതാക്കള്‍ ഉള്‍പ്പെടെ ആവശ്യപ്പെട്ടിരുന്നു. ടിഎംസി ജനറല്‍ സെക്രട്ടറിയും വക്താവുമായ കുനാല്‍ ഘോഷ് കഴിഞ്ഞ ദിവസം ഈ ആവശ്യം ഉന്നയിച്ചു. പാര്‍ത്ഥ ചാറ്റര്‍ജിയെ മന്ത്രിസഭയില്‍ നിന്നും എല്ലാ പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്നും ഉടന്‍ പുറത്താക്കണമെന്നും ഈ ആവശ്യം തെറ്റാണെന്ന് കണ്ടെത്തിയാല്‍ പാര്‍ട്ടിക്ക് തന്നെ എല്ലാ സ്ഥാനങ്ങളില്‍ നിന്നും നീക്കം ചെയ്യാമെന്നുമാണ് അദ്ദേഹം പറഞ്ഞത്. പ്രതിഷേധം കനത്തതോടെയാണ് മമത ബാനര്‍ജി നിര്‍ണായക യോഗം വിളിച്ചത്.  

പാര്‍ഥയ്‌ക്കൊപ്പം അറസ്റ്റിലായ അദ്ദേഹത്തിന്റെ സഹായിയും നടിയുമായ അര്‍പ്പിത മുഖര്‍ജിയുടെ രണ്ടു ഫ്‌ലാറ്റുകളില്‍നിന്നായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) 50 കോടി രൂപയും അഞ്ചു കിലോ സ്വര്‍ണവും വിദേശ കറന്‍സിയും കണ്ടെടുത്തിരുന്നു. നിരവധി രേഖകളും കണ്ടെടുത്തിട്ടുണ്ട്. രണ്ടാമത്തെ ഫ്‌ലാറ്റില്‍നിന്ന് കണ്ടെടുത്ത 29 കോടി രൂപ പാര്‍ഥയുടേതാണെന്ന് ഇഡിയോട് അര്‍പ്പിത വെളിപ്പെടുത്തിയിരുന്നു.ഇതിന് പിന്നാലെയായിരുന്നു ഇരുവരെയും അറസ്റ്റ് ചെയ്തത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക