ന്യൂദൽഹി: ദൽഹിയിൽ പട്ടത്തിന്റെ ചരട് കഴുത്തിൽ കുരുങ്ങി ബൈക്ക് യാത്രികന് ദാരുണാന്ത്യം. ഹാർഡ്‌വെയർ ഷോപ്പ് ഉടമയായ സുമിത് രംഗ (30) എന്നയാളാണ് മരിച്ചത്. തിങ്കളാഴ്ച ഹൈദർപൂർ ഫ്‌ളൈ ഓവറിന്റെ മുകളിലൂടെ ബൈക്കിൽ പോകുമ്പോൾ പട്ടത്തിന്റെ ചരട് കഴുത്തിൽ ചുറ്റുകയായിരുന്നു. വഴിയാത്രക്കാർ അടുത്തുള്ള സരോജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും, രക്ഷിക്കാനായില്ല. ചരട് കഴുത്തിൽ കുരുങ്ങിയതിനെ തുടർന്ന് രക്തം വാർന്നാണ് സുമിത് മരിച്ചത്.
ദൽഹിയിലെ അവന്തികയിലെ രോഹിണി സെക്ടർ -3 നിവാസിയാണ് സുമിത്. മൗര്യ എൻക്ലേവ് പോലീസ് സ്‌റ്റേഷനിൽ സെക്ഷൻ 304 എ (അശ്രദ്ധമൂലമുള്ള മരണം) പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു. എങ്ങനെയാണ്, എവിടെ നിന്നാണ് പട്ടത്തിന്റെ ചരട് സംഭവസ്ഥലത്ത് വന്നതെന്ന് അറിയാനുള്ള ശ്രമത്തിലാണ് ഇപ്പോൾ പോലീസ്.
പട്ടങ്ങളുടെ ചരടുകളിൽ ചില്ല് പൊടിച്ചതും പശയും കൂട്ടിക്കുഴച്ച മിശ്രിതമാണ് തേച്ചുപിടിപ്പിക്കുന്നത്. ഇതാണ് അതിൽ തട്ടുന്നവരുടെ ജീവനെടുക്കുന്നത്. ഇത് പക്ഷികളുടെ ശരീരത്തെ മുറിപ്പെടുത്താനും, ചിലപ്പോൾ രണ്ടാക്കാനും ശേഷിയുള്ളതാണ്. ഇത്തരത്തിൽ പശ ഒട്ടിച്ച ചരടുകൾ ഉപയോഗിക്കരുത് എന്ന നിയമം ഉണ്ടെങ്കിലും, അത് ഒരിക്കലും പാലിക്കപ്പെടുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: