ന്യൂദല്‍ഹി: 2022ലെ ട്വന്റി-ട്വന്റി ലോകകപ്പില്‍ ഫൈനലില്‍ ഇന്ത്യയെ തോല്പിച്ച് ആസ്ത്രേല്യ ചാമ്പ്യന്മാരാകുമെന്ന് മുന്‍ ആസ്ത്രേല്യന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിംഗ്. ആസ്ത്രേല്യയില്‍ ഈ വര്‍ഷം അവസാനമാണ് ട്വന്റി-ട്വന്റി ലോകകപ്പ്.
ഇന്ത്യ-ആസ്ത്രേല്യ ഫൈനലാണ് റിക്കിപോണ്ടിംഗ് 2022 ട്വന്റി-ട്വന്റി ലോകകപ്പില്‍ പ്രവചിക്കുന്നത്. രോഹിത് ശര്‍മ്മയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം മികച്ച പോരാട്ടം കാഴ്ചവെക്കുമെന്നും റിക്കി പോണ്ടിംഗ് പറയുന്നു.
ഇക്കുറി ഇന്ത്യയുടെ ഗ്രൂപ്പില്‍ ശക്തരായ പാകിസ്ഥാന്, ബംഗ്ലദേശ്, ദക്ഷിണാഫ്രിക്ക െന്നീ ടീമുകളാണ് ഉള്ളത്. ആസ്ത്രേല്യയുടെ ഗ്രൂപ്പില്‍ ന്യൂസിലാന്റ്, ഇംഗ്ലണ്ട്, അഫ്ഗാനിസ്ഥാന് എന്നീ ടീമുകള്‍ ആണ്. ഇന്ത്യയുടെ ആദ്യ കളി പാകിസ്ഥാനുമായി മെല്‍ബല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഒക്ടോബര്‍ 23നാണ്.
കഴിഞ്ഞ തവണ യുഎഇയില്‍ നടന്ന ട്വന്റി ട്വന്റി ലോകകപ്പില്‍ പാകിസ്ഥാനോടും ന്യൂസിലാന്റിനോടും തോറ്റാണ് വിരാട് കോഹ് ലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം പുറത്തായത്. ഇപ്പോള്‍ രോഹിത് ശര്‍മ്മയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം ആക്രമണോത്സുകരായ ഒരു കൂട്ടം ചെറുപ്പക്കാരുടെ സംഘമാണ്. ന്യൂസിലാന്റ്, വെസ്റ്റിന്‍ഡീസ്, ശ്രീലങ്ക അയര്‍ലന്റ്, ഇംഗ്ലണ്ട് എന്നിവര്‍ക്കെതിരെ ഇന്ത്യ പരമ്പര ജയിച്ചു നില്‍ക്കുകയാണ്. അതേ സമയം ഇംഗ്ലണ്ടിനെ എഴുതിത്തള്ളാനാവില്ലെന്നും ജോസ് ബട്ലറുടെ ക്യാപ്റ്റന്‍സിയില്‍ ഇംഗ്ലണ്ട് അപകടകാരികളാണെന്നും റിക്കി പോണ്ടിംഗ് പറയുന്നു. ഇന്ത്യ, ആസ്ത്രേല്യ, ഇംഗ്ലണ്ട് ഈ മൂന്ന് ടീമുകളെ റിക്കി പോണ്ടിംഗ് പ്രത്യേകം അടയാളപ്പെടുത്തുന്നു.
2021ല്‍ നടന്ന ട്വന്റി ട്വന്റി ലോകകപ്പില്‍ ന്യൂസിലാന്റിനെ തോല്പിച്ച് ആസ്ത്രേല്യയാണ് ചാമ്പ്യന്മാരായത്. കരുത്തനായ ബാറ്റിംഗ് ആക്രമണത്തില്‍ പേരുകേട്ട ആരോണ്‍ ഫിഞ്ചാണ് ആസ്ത്രേല്യയുടെ നായകന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: