ന്യൂദല്‍ഹി: 9000 കോടി ചിലവില്‍ ഇന്ത്യയിലെ ആദ്യത്തെ അണ്ടര്‍ വാട്ടര്‍ മെട്രോ 2023 ഓടെ കൊല്‍ക്കത്തയില്‍ ഓടിത്തുടങ്ങും. ഹൗറയെയും കൊല്‍ക്കത്തയെയും ബന്ധിപ്പിക്കുന്ന മെട്രോയുടെ നിര്‍മാണ പ്രവൃത്തികള്‍ ഉടന്‍ പൂര്ത്തിയാകുമെന്നുംറിപ്പോര്ട്ടുകളുണ്ട്. അണ്ടര്‍ വാട്ടര്‍ മെട്രോ വരുന്നതോടെ ട്രെയിന്‍ യാത്രയുടെ സമയം ഗണ്യമായി കുറയുമെന്നാണ് പ്രതീക്ഷ.
കൊല്‍ക്കത്ത മെട്രോ റെയില്‍ കോര്‍പ്പറേഷനാണ് (കെഎംആര്‍സി) മെട്രോ നിര്‍മിക്കുന്നത്. ഹൗറയെ സെന്‍ട്രല്‍ കൊല്‍ക്കത്ത വഴി സാള്‍ട്ടിലേക്ക് ബന്ധിപ്പിക്കുന്ന മെട്രോ പാതയാണിത്. 1.4 മീറ്റര്‍ വീതിയുള്ള കോണ്‍ക്രീറ്റ് വളയങ്ങള്‍ കൊണ്ടു നിര്‍മിച്ച ഇരട്ട തുരങ്കങ്ങളാണ് ഈ മെട്രോയുടെ മറ്റൊരു പ്രത്യേകത. അര കിലോമീറ്ററോളം ഈ തുരങ്കത്തിനടിയിലൂടെ ആയിരിക്കും സഞ്ചാരം. തുരങ്കങ്ങളിലേക്ക് വെള്ളം കയറുന്നത് തടയാന്‍ ഹൈഡ്രോഫിലിക് ഗാസ്കറ്റുകള്‍ സജ്ജീകരിച്ചിരിച്ചുണ്ട്. ഭൂകമ്പം പോലുള്ള അടിയന്തര സാഹചര്യങ്ങളെ നേരിടാനാവശ്യമായ എക്സിറ്റുകളും തുരങ്കങ്ങളില്‍ ഉണ്ടാകും. അടിയന്തര ഘട്ടങ്ങളില്‍ യാത്രക്കാരെ ഒഴിപ്പിക്കുന്നതിന് തുരങ്കങ്ങളില്‍ പ്രത്യേകം നടപ്പാതകളും നിര്‍മിക്കും.
സാങ്കേതിക തകരാര്‍ ഉണ്ടായാല്‍ യാത്രക്കാര്‍ക്ക് രക്ഷപ്പെടാന്‍ പ്രത്യേക പാസേജുകളും ഉണ്ടാക്കിയിട്ടുണ്ട്. ഫ്ലൈ ആഷും മൈക്രോ സിലിക്കയും ഉപയോഗിച്ചാണ് തുരങ്കത്തിന്റെ കോണ്‍ക്രീറ്റ് ഉണ്ടാക്കിയിരിക്കുന്നത്. ഇത് വാട്ടര്‍പ്രൂഫ് ആയിരിക്കും. എസ്പ്ലനേഡ്, മഹാകരന്‍, ഹൗറ, ഹൗറ മൈതാന്‍ എന്നീ നാല് ഭൂഗര്‍ഭ സ്റ്റേഷനുകള്‍ കൂടി ഈ മെട്രോ പാതക്കിടയില്‍ നിര്‍മിക്കാനുണ്ട്. ആകെ 12സ്റ്റേഷനുകള്‍ ഉണ്ടാവും. ഇതില്‍ ആറെണ്ണം ഭൂമിക്കടിയിലും ബാക്കിയുള്ളവ എലിവേറ്റഡ് പാതയിലുമാണ്. പദ്ധതിയുടെ ആകെ ചെലവ് 9000 കോടി രൂപയാണ്. മഹാകരന്‍, ഹൗറ സ്റ്റേഷനുകള്‍ക്കിടയില്‍, മെട്രോ ഒരു മിനിറ്റിനുള്ളിലാകും ഹൂഗ്ലി നദി മുറിച്ചുകടക്കുക.
പദ്ധതിയുടെ ചെലവിന്റെ 48.5 ശതമാനം ജപ്പാന് ഇന്റര്‍നാഷണല്‍ കോ-ഓപ്പറേഷന് ഏജന്‍സിയാണ് നിക്ഷേപിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ടണല്‍ നിര്‍മാണത്തിനുള്ള യന്ത്രഭാഗങ്ങള്‍ ജര്‍മ്മനിയില്‍ നിന്നാണ് ഇറക്കുമതി ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: