വിദ്യാഭ്യാസം കൊണ്ട് ലക്ഷ്യമാക്കുന്നതെന്തെന്ന് രാമായണത്തില്‍ പല സന്ദര്‍ഭങ്ങളിലും പറയുന്നുണ്ട്. ബാഹ്യതലങ്ങളില്‍ ഒതുങ്ങി നില്‍ക്കുന്ന അറിവു നേടല്‍ മാത്രമല്ല, വിദ്യാഭ്യാസം. ആത്മാന്വേഷണത്തിനും ജീവിതരഹസ്യാന്വേഷണത്തിനും കൂടി പ്രേരകമാകുമ്പോഴേ വിദ്യാഭ്യാസം സാര്‍ഥകമാകൂ. ലളിതമായി പറഞ്ഞാല്‍, വിദ്യാഭ്യാസം നമ്മെ സംസ്‌കൃത ചിത്തരാക്കാന്‍ ഉതകുന്നതാവണം. ഈ ലക്ഷ്യം സാധിക്കാത്ത വിദ്യയെ അവിദ്യയായിത്തന്നെയാണ് രാമായണ കര്‍ത്താവ് കണക്കാക്കുന്നത്.
‘സംസാരകാരിണിയായതവിദ്യയും
സംസാരനാശിനിയായതു വിദ്യയും
ആകയാല്‍ മോക്ഷാര്‍ഥിയാകില്‍ വിദ്യാഭ്യാസ
മേകാന്ത ചേതസാ ചെയ്ക വേണ്ടുന്നതും’
(അയോധ്യാ കാണ്ഡം)
ജീവിതദുഃഖത്തിനു കാരണം അവിദ്യയാണ്. ഭൗതിക നേട്ടങ്ങളാണ് സര്‍വവുമെന്ന് കരുതുന്നവര്‍ക്ക് നഷ്ടങ്ങളും വീഴ്ചകളും കനത്തദുഃഖമുണ്ടാക്കുന്നു. ഭൗതികജീവിതത്തിന്റെ സവിശേഷത മനസ്സിലാക്കാനും സുഖദുഃഖങ്ങളെ ഒരുപോലെ ഉള്‍ക്കൊള്ളാനുമുള്ള വിദ്യ ലഭിച്ചാല്‍ ജീവിതം സ്വസ്ഥവും തൃപ്തവുമാകും. ഏകാഗ്രമായ മനസ്സോടെ ശ്രമിച്ചാലേ അങ്ങനെയുള്ള വിദ്യയും അതുവഴി മോക്ഷവും ലഭിക്കൂ.
ഇന്ന് നമ്മള്‍, രണ്ടു ദശകത്തോളം ഔപചാരിക വിദ്യാഭ്യാസത്തിനു വേണ്ടി ചെലവഴിക്കുന്നു. അഭ്യസ്തവിദ്യരാകട്ടെ, ജീവിതം സുഖകരവും സുരക്ഷിതവുമാക്കുന്നതിനുമുള്ള വഴികള്‍ തേടിപോകുന്നു. എന്നാല്‍ ജീവിതത്തെക്കുറിച്ചുള്ള, ആത്മതത്ത്വത്തെക്കുറിച്ചുള്ള പഠനം ഒരു ഘട്ടത്തിലും ഉണ്ടാകുന്നില്ല. അതിനെക്കുറിച്ച് സ്വയം പഠിക്കാന്‍ പലരും തയ്യാറാകുന്നുമില്ല.
ഉയര്‍ച്ചയിലും താഴ്ചയിലും സുഖത്തിലും ദുഃഖത്തിലും ചഞ്ചലചിത്തരാകാതെ തികച്ചും രചനാത്മകമായ മനസ്സോടെ ജീവിതയാത്ര തുടരാന്‍ കഴിയുന്നവരാണ് യഥാര്‍ഥ അഭ്യസ്തവിദ്യര്‍. വിദ്യയുടെ വെളിച്ചം അവരുടെ മനസ്സിലെ ഇരുളകറ്റും. മനസ്സിലും വാക്കിലും പ്രവൃത്തിയിലും മാലി
ന്യം കലരാതിരിക്കാന്‍ അവര്‍ എപ്പോഴും ശ്രദ്ധിക്കും. സ്വഭാവസംസ്‌കരണത്തിനുതകുന്ന വിദ്യയഭ്യസിച്ചവര്‍ക്കു മാത്രമേ മോക്ഷമെന്ന ലക്ഷ്യത്തിലെത്താനാവൂ.
‘ആകയാല്‍ ധൈര്യേണ വിദ്വജ്ജനം ഹൃദി
ശോകഹര്‍ഷങ്ങള്‍ കൂടാതെ വസിക്കുന്നു
ഇഷ്ടമായുള്ളതു തന്നെവരുമ്പോഴു-
മിഷ്ടമല്ലാത്തതുതന്നെ വരുമ്പോഴും
തുഷ്ടാത്മനാ മരുവുന്നു ബുധജനം’
‘തത്ത്വമറിയുന്ന വിദ്വാനൊരിക്കലും
പുത്രമിത്രാര്‍ഥ കളത്രാദിവസ്തുനാ
വേര്‍പെടുന്നേരവും ദുഃഖമില്ലേതുമേ’
ഈ വരികളിലെല്ലാം യഥാര്‍ഥ വിദ്യയുടെയും വിദ്വാന്മാരുടെയും നിര്‍വചനം കാണാം.
‘വിദ്യകൊണ്ടറിയേണ്ടതറിയാതെ
വിദ്വാന്മാരായി നടിക്കുന്ന’’ വരുടെയിടയിലാണ് ഇന്നു നാം ജീവിക്കുന്നത്. വിദ്യാഭ്യാസമൂല്യങ്ങളുടെ സ്ഥാനം പൊങ്ങച്ചവും കച്ചവടവും കൈയടക്കിക്കൊണ്ടിരിക്കുന്നു. അക്രമികളിലും അഴിമതിക്കാരിലും കൊടുംകുറ്റവാളികളിലും വലിയൊരു വിഭാഗം ഉന്നതബിരുദങ്ങള്‍ ഉള്ളവരാണ്. വിദ്യാഭ്യാസ പുരോഗതിക്കൊപ്പം സാമൂഹിക തിന്മകളും വളര്‍ന്നുകൊണ്ടിരിക്കുന്നു. നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിനു കാര്യമായ തകരാറുണ്ടെന്നാണല്ലോ ഈ തിക്തയാഥാര്‍ഥ്യങ്ങള്‍ വ്യക്തമാക്കുന്നത്. സ്വഭാവരൂപവത്ക്കരണത്തിനുതകാത്ത വിദ്യാഭ്യാസം നിരര്‍ഥകമാണെന്ന് ഗാന്ധിജിയടക്കമുള്ള മഹാന്മാര്‍ പറഞ്ഞതും നമ്മുടെ ഔപചാരിക വിദ്യാഭ്യാസത്തിന്റെ പോരായ്മകള്‍ ബോധ്യമായതുകൊണ്ടാണ്.
കിംക്ഷണന്മാര്‍ക്കു (ക്ഷണനേരം സാരമില്ലെന്നു വിചാരിക്കുന്നവര്‍) വിദ്യയുണ്ടാകില്ലെന്നു രാമായണത്തിന്റെ തുടക്കത്തില്‍ത്തന്നെ പറയുന്നുണ്ട്. സമയം പാഴാക്കുന്നവര്‍ക്ക് ജീവിതം സാര്‍ഥകമാക്കാനാവില്ല. ‘മായാ സമുദ്രത്തില്‍ മുങ്ങിക്കിടക്കയാല്‍’ അവര്‍ ആയുസ്സു പോകുന്നതറിയുന്നില്ല. പഠനകാലത്ത് സമയം പാഴാക്കുന്ന കുട്ടികള്‍ക്കും ഇതു പാഠമാകണം. സമയം ഫലപ്രദമായി ചെലവഴിക്കാന്‍ പഠിക്കലും യഥാര്‍ഥ വിദ്യാഭ്യാസത്തിന്റെ ഭാഗമാണ്.
രാമായണത്തിലെ വിദ്യാഭ്യാസ പരാമര്‍ശങ്ങളിലൂടെ കടന്നു പോകുമ്പോള്‍ നമ്മുടെ ‘വിദ്യാസങ്കല്പ’ ത്തിന്റെയും വിദ്യാഭ്യാസ സമ്പ്രദായത്തിന്റെയും പരിമിതികള്‍ ബോധ്യപ്പെടാതിരിക്കില്ല. പാഠ്യപദ്ധതിയില്‍ മൂല്യങ്ങള്‍ക്കും അര്‍ഹമായ സ്ഥാനം നല്‍കിക്കൊണ്ടുള്ള പരിഷ്‌കാരം ഉണ്ടായാലേ സാര്‍ഥകമായ വിദ്യാഭ്യാസം എന്ന ലക്ഷ്യത്തിലേക്ക് മുന്നേറാനാകൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: