കൊല്ലം: വിശ്രമമില്ലാതെ ജോലിയുണ്ടെങ്കിലും അര്‍ഹതപ്പെട്ട വേതനം കൃത്യമായി ലഭിക്കാതെ വലയുകയാണ് ആശാപ്രവര്‍ത്തകര്‍.കേന്ദ്രസര്‍ക്കാറിന്റെ പദ്ധതിയുടെ ഭാഗമായി ആയിരം പേര്‍ക്ക് ഒരു ആശ വര്‍ക്കര്‍ എന്ന നിലയില്‍ നാടിന്റെ വിവിധ മേഖലയില്‍ നിയോഗിച്ചിട്ടുള്ള ആയിരക്കണക്കിന് ആശാവര്‍ക്കര്‍മാരോടുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവഗണന സഹിക്കാവുന്നതിനും അപ്പുറമായി.
കഴിഞ്ഞ ജൂണിലെ ബത്തയും വേതനവും 20 ദിവസത്തോളം വൈകിയാണ് അവര്‍ക്ക് ലഭിച്ചത്. ജൂലൈ മാസത്തെയും വൈകുമെന്ന സൂചനയാണ്. ഓരോ ഗ്രാമത്തിലും പരിശീലനം നേടിയ സ്ത്രീകളായ ആരോഗ്യപ്രവര്‍ത്തകര്‍ വേണമെന്നത് ദേശീയ ഗ്രാമീണ ആരോഗ്യപദ്ധതിയുടെ ഒഴിച്ചുകൂടാനാകാത്ത ഘടകമാണ്. അതുകൊണ്ടു തന്നെ ആരോഗ്യമേഖലയില്‍ വിശ്രമമില്ലാതെ ജോലിചെയ്യുന്ന ഈ വിഭാഗത്തിന് അര്‍ഹമായ വരുമാനം ലഭിക്കുന്നില്ലെന്ന വിമര്‍ശനവും ശക്തമാണ്.
ആഴ്ചയില്‍ മൂന്നുദിവസം ജോലി ചെയ്താല്‍ മതിയെന്നാണ് ചട്ടം. എന്നാല്‍, ജില്ലയിലെ 936 ആശാപ്രവര്‍ത്തകര്‍ മുഴുവന്‍ ദിവസവും ജോലിചെയ്യേണ്ട സ്ഥിതിയാണ്. അതില്‍ ഇവര്‍ക്ക് പരാതിയില്ലെങ്കിലും ചെയ്യുന്ന തൊഴിലിന് അര്‍ഹമായ വേതനം ലഭിക്കുന്നില്ലെന്നാണ് ഇവരുടെ സങ്കടം. സംസ്ഥാന സര്‍ക്കാരിന്റെ 6000 രൂപ ഓണറേറിയവും കേന്ദ്രസര്‍ക്കാരിന്റെ 2000 രൂപ ഇന്‍സന്റീവുമാണ് ഇവരുടെ പ്രധാന വരുമാനം. കൊവിഡ് പ്രതിരോധ പ്രവര്‍ത്തങ്ങള്‍ക്ക് ലഭിച്ചത് മാസത്തില്‍ 1000രൂപയാണ്. ഇത് കൂടാതെ മാസത്തില്‍ ഒരു വയസിന് താഴെയുള്ള കുട്ടികളുള്ള 20 വീടുകള്‍ സന്ദര്‍ശിച്ചാല്‍ 500 രൂപ, ഒറ്റയ്‌ക്ക് താമസിക്കുന്നവരും കിടപ്പുരോഗികളുമുള്ള 20 വീടുകള്‍ സന്ദര്‍ശിച്ചാല്‍ 500 രൂപ എന്നിങ്ങനെയാണിത്.
ഓണറേറിയം ലഭിക്കാനുള്ള പത്ത് നിബന്ധനകള്‍ പാലിച്ചാല്‍ 600 രൂപ വച്ചാണ് നല്‍കുന്നത്. ഇതില്‍ പ്രധാനമായും ആര്‍ദ്രം പദ്ധതിയുടെ ഭാഗമായുള്ള ജോലി, വാര്‍ഡ് ആരോഗ്യ റിപ്പോര്‍ട്ട് തയ്യാറാക്കല്‍, വാര്‍ഡ് അവലോകന യോഗം നടത്തല്‍, സബ് സെന്റര്‍, പഞ്ചായത്ത് അവലോകനയോഗങ്ങളില്‍ പങ്കെടുക്കല്‍, ഇമ്യൂണൈസേഷന്‍ ക്ലിനിക്ക് ജോലി, പാലിയേറ്റീവ് ഹോംകെയര്‍ തുടങ്ങിയവയാണ്. 21 ലധികം ഇന്‍സന്റീവ് നിബന്ധനകളുമുണ്ട്. ഈ പറഞ്ഞവയില്‍ ഏതെങ്കിലും പൂര്‍ത്തീകരിച്ചില്ലെങ്കില്‍ ഓണറേറിയത്തിലും ഇന്‍സെന്റീവിലും നിശ്ചയിച്ച തുകയില്‍ കുറവുവരും. കൊവിഡുകാലത്ത് ഉള്‍പ്പെടെ മുന്‍നിരയില്‍നിന്ന് പ്രവര്‍ത്തിച്ച ഈ വിഭാഗത്തിന്റെ കഷ്ടപ്പാടിന് മുന്നിലാണ് സര്‍ക്കാരുകള്‍ കണ്ണടയ്‌ക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: