കോഴിക്കോട്: ന്യൂനപക്ഷ വോട്ടില്‍ തല പുകച്ച് കോഴിക്കോട് ബീച്ചിലെ ആസ്പിന്‍ കോര്‍ട്ട് യാഡില്‍ രണ്ടുദിവസമായി നടത്തിയ കോണ്‍ഗ്രസ് ചിന്തന്‍ ശിബിരം. കേരള കോണ്‍ഗ്രസ്(എം) വിട്ടുപോയതും ലീഗ് കൂടെയുണ്ടായിട്ടും മുസ്ലീം വോട്ട് ചോര്‍ന്നതുമുള്‍പ്പെടെ ന്യൂനപക്ഷ വോട്ടുകള്‍ നഷ്ടമായതിന്റെ കണക്കെടുപ്പാണ് നിറഞ്ഞുനിന്നത്.
രാഷ്‌ട്രീയ പ്രമേയവും ന്യൂനപക്ഷ വോട്ട് തിരിച്ചുപിടിക്കുക എന്നതിലൂന്നിയായിരുന്നു. ഒരു ഭംഗിക്കുവേണ്ടി പ്രമേയത്തില്‍ സമുദായ സംഘടനകളോട് സമദൂരം എന്നൊക്കെ ചേര്‍ത്തു എന്നുമാത്രം. ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കിടയില്‍ കടന്നുകയറാനുള്ള ബിജെപി ശ്രമത്തിന് തടയിടണം തുടങ്ങിയ ആഹ്വാനങ്ങളും പ്രമേയത്തിലുണ്ട്.
യുഡിഎഫ് വിപുലീകരിക്കണമെന്ന വി.കെ. ശ്രീകണ്ഠന്‍ എംപിയുടെ രാഷ്‌ട്രീയപ്രമേയത്തിനൊപ്പം നേതാക്കള്‍ വിവിധ പ്രമേയങ്ങളും അവതരിപ്പിച്ചു. പാര്‍ട്ടിസ്‌കൂള്‍, നിയോജകമണ്ഡലം തലത്തില്‍ രാഷ്‌ട്രീയകാര്യസമിതി മാതൃകയില്‍ കമ്മിറ്റികള്‍, ഒരു മാസത്തിനുള്ളില്‍ പുനഃസംഘടന എന്നിവയിലാണ് സംഘടനാപ്രമേയത്തിന്റെ ഊന്നല്‍.
ഒരു മാസത്തിനുളളില്‍ സംസ്ഥാന കോണ്‍ഗ്രസില്‍ പുനഃസംഘടന പൂര്‍ത്തിയാക്കുമെന്നതാണ് തീരുമാനം. പ്രവര്‍ത്തന മികവില്ലാത്ത ഡിസിസി അധ്യക്ഷന്മാരെ മാറ്റും. അതേസമയം, മുല്ലപ്പള്ളിയും സുധീരനുമായുള്ള പ്രശ്‌നങ്ങള്‍ കോണ്‍ഗ്രസ് നേതൃത്വം പരിഹരിക്കുമെന്ന് കെ. സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: