തിരുവനന്തപുരം: 2008ലെ സാമ്പത്തികമാന്ദ്യത്തില്‍ നട്ടം തിരിഞ്ഞ ലോകത്തിന് പ്രതീക്ഷ വേണ്ടിയിരുന്നു. ആ പ്രതീക്ഷ നല്കുന്ന ചിത്രമായിരുന്നു ഇന്ത്യക്കാരനായ വികാസ് സ്വരൂപ് തിരക്കഥയെഴുതി ബ്രിട്ടീഷുകാരനായ ഡാനിഷ് ബോയ്ല്‍ സംവിധാനം ചെയ്ത ‘സ്ലം ഡോഗ് മില്ല്യണയര്‍’. വാര്‍ണര്‍ ബ്രദേഴ്സ് പോലും തീയറ്ററില്‍ റിലീസ് ചെയ്യാതെ വെറും ഡിവിഡിയായി ഇറക്കിയ ചിത്രം. പക്ഷെ മാന്ദ്യത്തില്‍ നിന്നും പ്രതീക്ഷ തേടുന്ന ലോകത്തിന് നെഞ്ചോടു ചേര്‍ത്തുപിടിക്കാനാവുന്ന കഥയായായിരുനനു സ്ലം ഡോഗ് മില്യണയര്‍. സിനിമയിലെ അനാഥരായ തെരുവുകുട്ടികളുടെ വിജയവും അവരില്‍ രണ്ടുപേരുടെ പ്രണയത്തിന്റെ വിജയവും ഏറെ പ്രതീക്ഷകള്‍ നല്കി. ജൂറി അന്നത്തെ സാമ്പത്തികമാന്ദ്യവും അതിനോടു പൊരുതാനുള്ള അഭിവാഞ്ചയും കലര്‍ന്ന ആ സാമൂഹ്യാന്തരീക്ഷം കണക്കിലെടുത്ത് അതിന് ഓസ്കാര്‍ കൊടുത്തു. തികച്ചും അപ്രതീക്ഷിതമായിരുന്നു ഈ തീരുമാനം. വലിയ ഹോളിവുഡ് പ്രൊഡക്ഷന്‍ ഹൗസുകളെ ഞെട്ടിച്ചുകൊണ്ട് ഒട്ടേറെ അവാര്‍ഡുകള്‍ അന്ന് സ്ലം ഡോഗ് വാരിക്കൂട്ടി. അക്കൂട്ടത്തില്‍ എ.ആര്. റഹ്മാനും റസൂല്പൂക്കുട്ടിക്കുമെല്ലാം ഓസ്കാര്‍ കിട്ടി.
ഇവിടെ നഞ്ചിയമ്മയുടെ അവാര്‍ഡിനെതിരെ വിമര്‍ശനമുയരുമ്പോള്‍ പെട്ടെന്ന് ചിന്തിച്ചുപോയതാണ്. നഞ്ചിയമ്മയ്ക്ക് അവാര്‍ഡ് ലഭിയ്ക്കുന്ന വേളയില്‍ ഇന്ത്യയുടെ സാമൂഹ്യാന്തരീക്ഷത്തില്‍ വലിയൊരു തരംഗം ആഞ്ഞുവീശുകയായിരുന്നു. ഗോത്രവര്ഗ്ഗവിഭാഗത്തിനെ അംഗീകരിക്കുന്ന പുതിയ പ്രവണത. അതിന്റെ ഭാഗമായി 75 വര്‍ഷത്തെ സ്വാതന്ത്ര ഭാരത ചരിത്രത്തില്‍ ആദ്യമായി ഗോത്രവര്‍ഗ്ഗ വനിത ഇന്ത്യയുടെ രാഷ്ട്രപതിയായി. ദ്രൗപദി മുര്‍മു എന്ന സാന്താള്‍ വംശജയ്ക്കായി പ്രതിപക്ഷ പാര്‍ട്ടികള്‍ വരെ കൂറുമാറ്റി വോട്ട് ചെയ്തു. മാധ്യമങ്ങളിലും പുറത്തും ഗോത്രജനതയ്ക്ക് വേണ്ടിയുള്ള ആവേശമായിരുന്നു. അത്തരമൊരു അന്തരീക്ഷം അലയടിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെയാണ് അവാര്‍ഡ് കമ്മിറ്റിക്ക് മുന്നിലേക്ക് ഒരു ഗോത്രവര്ഗ്ഗഗാനം എത്തുന്നത്. അട്ടപ്പാടിയിലെ ഇരുള ഗോത്രവിഭാഗത്തിന്റെ ഗാനം. “കലക്കാത്ത സന്ദനം”…അടിമുടി കേള്‍വിക്കാരെ കീഴടക്കുന്ന താളവും വരികളും ആത്മാവില്‍ നിന്നൊഴുകുന്ന കലര്‍പ്പില്ലാത്ത, ഒറിജിനലായ വിഷാദച്ഛായ അണിഞ്ഞ ഗാനം. നാടന്‍ പാട്ടുകളുടെ സ്വാഭാവികമായ ആഹ്ളാദഭാവത്തിനൊപ്പം ചിത്രം ആവശ്യപ്പെടുന്ന ഒരു നിഗൂഢത കൂടി ഉള്‍ക്കൊണ്ടാണ് നഞ്ചിയമ്മ കലക്കാത്ത സന്ദനം എന്ന ഗാനം ആലപിച്ചത്. അട്ടപ്പാടിയുടെ ജീവിതഗന്ധം മുഴുവനും ഈ ഗാനത്തിലും അതിനോടൊപ്പമുള്ള ദൃശ്യങ്ങളിലും കാണാം. കേരളമൊട്ടാകെ ഈ ഗാനം ഇറങ്ങിയപ്പോള്‍ ലോകമെങ്ങുമുള്ള മലയാളികള്‍ ഇരുളഭാഷയിലുള്ള ഈ ഗാനത്തിന്റെ വരികള്‍ അറിഞ്ഞില്ലെങ്കിലും ആ ഗാനത്തിന് മുന്നില്‍ കീഴടങ്ങി. അവാര്‍ഡുകള്‍ അത് നല്കപ്പെടുന്ന കാലത്തിലെ ചില സന്ദേശങ്ങളോടുള്ള പ്രതികരണം കൂടിയാണെന്നറിയുക. ഇത്തവണത്ത ദേശീയ ജൂറിയെ ഗോത്രജനതയോടുള്ള ആദരവ് കൂടി സ്വാധീനിച്ചിരിക്കാം.
ദേശീയ അവാര്‍ഡ് കൂടി ഈ ഗാനത്തിന് ലഭിച്ചതോടെ ഏകദേശം നാലരക്കോടി പേരാണ് നഞ്ചിയമ്മയുടെ ഈ ഗാനം യുട്യൂബില്‍ ഇതുവരെ കേട്ടത്:
ജെയ്ക്സ് ബിജോയ് എന്ന സംഗീത സംവിധായകന് അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ നാടന്‍ ഈണത്തിലുള്ള നഞ്ചിയമ്മയുടെ ഗാനം തനിമ ചോരാതെ പകര്‍ത്തുകയും ചെയ്തു. ചിത്രത്തിലെ ശോകഭാവത്തിലുള്ള ദൈവമകളേ എന്ന ഗാനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നാല് ഗാനങ്ങളാണ് അയ്യപ്പനും കോശിയും എന്ന ചിത്രത്തില്‍ നഞ്ചിയമ്മ ആലപിച്ചിരിക്കുന്നത്. എന്നാല്‍ ടൈറ്റില്‍ സോങ്ങായ കലക്കാത്ത സന്ദനം ആണ് നഞ്ചിയമ്മയെ മികച്ച പിന്നണിഗായിക ആക്കിയത്.
ചെക്കന് എന്ന സിനിമയിലെ ഒരു രംഗം അഭിനയിക്കാന്‍ നഞ്ചിയമ്മയെ വിളിച്ചതും അവരുമൊത്തുന്ന ഷൂട്ടിംഗ് അനുഭവവും ഷാഫി എപ്പിക്കാട് പറയുന്നത് കേള്‍ക്കുക: സിനിമയിലെ ആദ്യഗാനത്തിന് ഷൂട്ടിംഗ് സമയത്ത് ഗര്‍ഭിണിയായ മരുമകളെ മദ്യപിച്ച് വന്ന് അടിച്ചിറക്കാന്‍ ശ്രമിക്കുന്ന മകന്റെ ചെയ്തികള്‍ കണ്ട് നിസ്സഹായയായി തടയാന്‍ ശ്രമിക്കുന്ന അമ്മയുടെ ദയനീയത ഷൂട്ട് ചെയ്യുകയാണ്. എനിക്ക് ഗ്ലിസറിന്‍ ഒന്നും വേണ്ടെന്നു പറഞ്ഞു നിഷ്കളങ്കമായി അഭിനയിക്കുന്ന അമ്മ സീന്‍ കഴിഞ്ഞു കരച്ചില് നിര്‍ത്താതെ വന്നപ്പോള്‍ അടുത്ത ചെന്ന എന്നോട് പറഞ്ഞത് ഇതെനിക്ക് അഭിനയമല്ലെന്നും ഇതേ അവസ്ഥ ജീവിതത്തില്‍ ഒരു പാട് തരണം ചെയ്തിട്ടുണ്ടെന്നും കുറച്ചുനേരം ഞാന്‍ ഒന്നു കരഞ്ഞോട്ടെ എന്നുമാണ്.
ജീവിതത്തില്‍ ഒരു പാട് കഷ്ടപ്പാടുകള്‍ തരണം ചെയ്ത് എത്തിയഅട്ടപ്പാടിയിലെ ഈ വാനമ്പാടിയെ ദയവ് ചെയ്ത് എറിഞ്ഞുവീഴ്ത്താതിരിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: