ചെന്നൈ: ജര്‍മ്മനിയിലേക്ക് 2017ല്‍ കടത്താന്‍ ശ്രമിച്ച 1200 വര്‍ഷം പഴക്കമുള്ള നടരാജവിഗ്രഹം സിഐഡി ഐഡല്‍ വിങ് പിടിച്ചെടുത്തു. അഞ്ച് വര്‍ഷത്തെ തെരച്ചിലിനൊടുവിലാണ് നാലര അടി ഉയരമുള്ള, ചോള കാലത്തെ ഏറ്റവും വലിയ നടരാജ വിഗ്രഹങ്ങളിലൊന്ന് സത്തങ്കാടുള്ള ഗോഡൗണില്‍ നിന്ന് കണ്ടെടുത്തത്.
വിഗ്രഹത്തിന് നോണ്‍ ആന്റിക്വിറ്റി സര്‍ട്ടിഫിക്കറ്റ് തേടി അഞ്ച് വര്‍ഷം മുമ്പ് ആള്‍വാര്‍പേട്ടില്‍ താമസിക്കുന്ന യുവതി ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയെ സമീപിച്ചിരുന്നു. വിഗ്രഹം ജര്‍മ്മനിയിലേക്ക് കൊണ്ടുപോകാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു ഇത്. എന്നാല്‍ ഇവരാരെന്ന് വെളിപ്പെടുത്താന്‍ പോലീസ് തയ്യാറായില്ല. ഇവര്‍ പിന്നീട് രാജ്യം വിട്ടു. നടരാജ വിഗ്രഹം ഈ സ്ത്രീ അനധികൃതമായി കൈവശം വച്ചിരിക്കുകയാണെന്ന് പോലീസിന് സൂചന ലഭിച്ചതു മുതല്‍ ഇത് കാണാതായിരുന്നു.
വിഗ്രഹം, പുരാവസ്തുവായതിനാല്‍ ജര്‍മ്മനിക്ക് കൊണ്ടുപോകാന്‍ അനുമതി തരില്ലെന്ന് കാണിച്ച് എഎസ്ഐ യുവതിക്ക് കത്തയച്ചിരുന്നു. വിഗ്രഹം എഎസ്ഐയില്‍ രജിസ്റ്റര്‍ ചെയ്യാനും അല്ലെങ്കില്‍ എഎസ്ഐയുടെ ഉത്തരവിനെതിരെ അപ്പീല്‍ നല്‍കാനും അവരോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് വിഗ്രഹമില്ലാതെ അവര്‍ രാജ്യം വിട്ടു.അടുത്തിടെ, ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലാണ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് യു.മുത്തുരാജയുടെ നേതൃത്വത്തിലുള്ള സിെഎഡി വിഗ്രഹ വിഭാഗം സത്തങ്കാട്ടെ ഇരുമ്പ്-സ്റ്റീല്‍ മാര്‍ക്കറ്റിനോട് ചേര്‍ന്നുള്ള ഗോഡൗണ്‍ പരിശോധിച്ചത്.
വിഗ്രഹത്തിന്റെ പഴക്കവും പഞ്ചലോഹ സ്വഭാവവും മനസ്സിലാക്കാന്‍ എഎസ്ഐയുടെയും കല്‍പ്പാക്കത്തുള്ള ഇന്ദിരാഗാന്ധി സെന്റര്‍ ഫോര്‍ ആറ്റോമിക് റിസര്‍ച്ചിന്റെയും സഹായം തേടുമെന്ന് സിഐഡി ഡയറക്ടര്‍ ജനറല്‍ കെ. ജയന്ത് മുരളി പറഞ്ഞു, ഇത് ക്ഷേത്രത്തില്‍ നിന്ന് മോഷ്ടിക്കപ്പെട്ടതാകാമെന്നാണ് സംശയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
വിഗ്രഹം വലുതും ഭാരമുള്ളതുമായതിനാല് മോഷ്ടാക്കള്‍ക്ക് അത് പൂര്‍ണമായി പിഴുതെടുക്കാന്‍ കഴിഞ്ഞില്ല, അതുകൊണ്ട് അവര്‍ വിഗ്രഹം അടിത്തട്ടില്‍ നിന്ന് വേര്‍പെടുത്തി, പിന്നീട് ഇരുമ്പും ഉരുക്കും ഉപയോഗിച്ച് അടിത്തറ പുനര്‍നിര്‍മ്മിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: