പി. ആര്‍. നാഥന്‍
രാമായണം ശ്രദ്ധിച്ചു വായിക്കുമ്പോള്‍ നമ്മുടെ മനസ്സിനെ ആലോചനാമൃതമാക്കി മാറ്റുന്ന നിരവധി സന്ദേശങ്ങള്‍ ഉണ്ട്. നമ്മുടെ ജീവിതത്തെ ദുഃഖകരമാക്കി മാറ്റുന്ന ചില കാര്യങ്ങളെക്കുറിച്ച് ചിന്തിക്കാം.
നാം പലപ്പോഴും കേള്‍ക്കാന്‍ പാടില്ലാത്തത് കേള്‍ക്കുന്നു. അതായത് അനുകരിക്കാന്‍ പാടില്ലാത്ത കാര്യങ്ങളെ അനുകരിക്കുന്നു. അതേസമയം കേള്‍ക്കേണ്ടത് കേള്‍ക്കുന്നില്ല താനും. എത്രയോ ഗുരുജനങ്ങള്‍ നമ്മെ ഉപദേശിക്കുന്നുണ്ടെങ്കിലും നാമത് ശ്രവിക്കുന്നതേയില്ല. എന്നാല്‍ കേള്‍ക്കേണ്ടാത്ത കാര്യങ്ങളൊക്കെ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്യുന്നു.
മഹാനായ ചക്രവര്‍ത്തിയായിരുന്നു ദശരഥന്‍. ശബ്ദവേധി എന്നാണ് അദ്ദേഹത്തെ വിളിക്കുക. ശബ്ദം കേള്‍ക്കുന്ന ഭാഗത്തേക്ക് അസ്ത്രമയയ്‌ക്കാന്‍ അദ്ദേഹത്തിന് കഴിയും. പക്ഷേ ആ കഴിവിനെ ദശരഥന്‍ ദുരുപയോഗം ചെയ്തു. നാമെല്ലാം ശബ്ദവേധികള്‍ തന്നെയാണ്. ഈ സിദ്ധി സ്വയം അറിയുന്നില്ല എന്നേയുള്ളൂ. പാത്രത്തില്‍ വെള്ളം നിറയുന്ന ശബ്ദം അദ്ദേഹം കേട്ടില്ല. അതേ സമയം ആന വെള്ളം കുടിക്കുന്ന ശബ്ദമായി അതിനെ തെറ്റിദ്ധരിക്കുകയും ചെയ്തു. ഇത്തരം തെറ്റിദ്ധാരണകള്‍ കൊണ്ട് നമുക്കെല്ലാം ധാരാളം ആപത്തുകള്‍ വന്നുചേരാറുണ്ട്. നിരവധി ശാപങ്ങളും നാം ഏറ്റുവാങ്ങുന്നു. കൈകേയിയുടെ വാക്കുകള്‍ ദശരഥന്‍ ശ്രദ്ധിച്ചുകേട്ടു. അത് കേട്ടില്ലായിരുന്നുവെങ്കില്‍ രാമായണ കഥ സംഭവിക്കുകയില്ലായിരുന്നു. ഇനി രാവണന്റെ കാര്യമെടുക്കാം. അതിബുദ്ധിമാന്‍ എന്നാണ് രാവണന്‍ എന്ന നാമത്തിനര്‍ത്ഥം. അഗാധമായ പാണ്ഡിത്യമുള്ളവന്‍. മഹത്തായ ഗ്രന്ഥങ്ങള്‍ രചിച്ച വ്യക്തി. ഇത്രയും മിടുക്കുള്ള രാവണന്‍ സജ്ജനങ്ങളുടെ ഉപദേശങ്ങള്‍ കേട്ടില്ല. വിഭീഷണന്‍ രാവണനെ ഉപദേശിക്കുന്നുണ്ട്. കുംഭകര്‍ണനും മാരീചനും രാവണനെ നേര്‍വഴി കാണാനായി സഹായിച്ചു. തന്നെ ഗുണദോഷിക്കുന്ന വ്യക്തികളെ രാവണന്‍ ശകാരിച്ചു. കേള്‍ക്കുന്നതൊന്നും കേട്ടില്ല എന്നര്‍ത്ഥം. എന്നാല്‍ ശൂര്‍പ്പണഖയുടെ വാക്കുകള്‍ രാവണന്‍ സശ്രദ്ധം ശ്രവിച്ചു. രാവണനില്‍ അസൂയ ഉണ്ടാക്കുക എന്നതു തന്നെയായിരുന്നു ശൂര്‍പ്പണഖയുടെ ലക്ഷ്യം. കേള്‍ക്കേണ്ടാത്തതു കേള്‍ക്കുക വഴി രാവണന്‍ എത്രയെത്ര ദുരിതങ്ങളാണ് അനുഭവിച്ചത്.
രാമായണത്തിലെ നിരവധി കഥാപാത്രങ്ങള്‍ക്ക് ഈ അനുഭവം വന്നു ചേരുന്നുണ്ട്. സാധാരണക്കാരായ നമ്മെ സംബന്ധിച്ചേടത്തോളം ഇതു തന്നെയാണ് സത്യം. നല്ല കാര്യങ്ങള്‍ ശ്രവിക്കുന്നില്ല. ചീത്തകാര്യങ്ങളെ പെട്ടെന്ന് ഉള്‍ക്കൊള്ളുകയും ചെയ്യുന്നു. മാരീചന്‍ വേഷം മാറി വന്ന് ഹേ ലക്ഷ്മണാ, ഹേ സീതേ എന്നു വിളിച്ച് നിലവിളിച്ചപ്പോള്‍ അത് ശരിയായ ശബ്ദമല്ല എന്ന് സീത മനസ്സിലാക്കിയില്ല. രാമന്റെ സ്വരമായി തെറ്റിദ്ധരിക്കുകയും ചെയ്തു. ലക്ഷ്മണന്റെ ഉപദേശവും സീത തൃണവല്‍ഗണിച്ചു.
രാമായണം മഹത്തായ സന്ദേശങ്ങള്‍ നമുക്ക് തരുന്നു. എല്ലാം നിത്യജീവിതത്തില്‍ നമുക്ക് ഉപകരിക്കുന്ന ഔഷധങ്ങള്‍ തന്നെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: