ഹൈദരാബാദ്: മുഖ്യമന്ത്രി ചന്ദ്രശേഖരറാവുവിന് വന്‍ ആഘാതം നല്കി മുതിര്‍ന്ന പാര്‍ട്ടി നേതാവ് രാമചന്ദ്രു തേജവത്ത് തെലുങ്കാന രാഷ്ട്ര സമിതിയില്‍ (ടിആര്‍എസ്) നിന്നും രാജിവെച്ചു. ടിആര്‍എസിലെ പ്രാഥമികാംഗത്വവും രാജിവെച്ചു. രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായ ദ്രൗപദി മുര്‍മുവിനെ പിന്തുണയ്ക്കാതിരുന്ന കെസിആറിന്റെ തീരുമാനം അങ്ങേയറ്റം നിരാശാജനകമാണെന്നും തേജാവത്ത് ചൂണ്ടിക്കാട്ടി.
ഒരു കാലത്ത് ദല്‍ഹിയില്‍ ടിആര്‍എസിനെ പ്രതിനിധീകരിച്ചിരുന്ന നേതാവായിരുന്നു. ജനങ്ങളുമായി ആഴത്തില്‍ ബന്ധമുള്ള നേതാവായിരുന്ന രാമചന്ദ്ര തേജാവത്തിന്റെ പുറത്തുപോകല്‍ തീര്‍ച്ചയായും ചന്ദ്രശേഖരറാവുവിന്റെ താളം തെറ്റിയ്ക്കും. ചന്ദ്രശേഖരറാവു എടുക്കുന്ന തീരുമാനങ്ങളെല്ലാം നിരാശാജനകമായതിനാലാണ് പാര്‍ട്ടി വിടുന്നതെന്നും തേജാവത്ത് പറഞ്ഞു.
ഐഎഎസ് ഉദ്യോഗസ്ഥനായി വിരമിച്ച വ്യക്തികൂടിയാണ് തേജാവത്ത്. “ഞാന്‍ ദല്‍ഹിയില്‍ പ്രത്യേക പ്രതിനിധിയായി പ്രവര്‍ത്തിച്ചിരുന്നപ്പോഴാണ് കാലേശ്വരം, എസ് ആര്‍എസ്പി കൊടുങ്കാറ്റ് ജല അഴുക്കുചാല്‍ പദ്ധതി, 151 കിലോമീറ്റര്‍ സെക്കന്തരാബാദ്-കരിംനഗര്‍ റെയില്‍വേ ലൈന്‍, 3100 കിലോമീറ്റര്‍ ദേശീയ പാതാ പദ്ധതി, എയിംസ് സെന്റര്‍, ഭദ്രാദി പവര്‍ പദ്ധതി മുതലായവ അനുവദിച്ച് കിട്ടിയത്. താങ്കള്‍ക്കും താങ്കളുടെ മന്ത്രിസഭാംഗങ്ങള്‍ക്കും ഇത് അറിയാം. ഇനിയും കൂടുതല്‍ ചെയ്യണമെന്നുണ്ടെങ്കിലും ചന്ദ്രശേഖരറാവുവോ അദ്ദേഹത്തിന്റെ പാര്‍ട്ടിയോ എന്റെ സേവനം ഉപയോഗപ്പെടുത്തുന്നില്ല. “- രാമചന്ദ്രു തേജാവത്ത് പറഞ്ഞു.
“താങ്കളുടെ വ്യക്തിത്വം ഉപയോഗിച്ച് രാഷ്ട്രീയേതര തീരുമാനമെടുത്ത് ദ്രൗപദി മുര്‍മുവിനെ പിന്തുണയ്ക്കേണ്ടതായിരുന്നു. അത് താങ്കള്‍ ചെയ്തില്ല”.- വിയോജിപ്പിന്റെ പ്രധാനകാരണങ്ങളിലൊന്ന് വിശദീകരിച്ച് തേജാവത്ത് പറഞ്ഞു. എന്തായാലും പ്രധാനമന്ത്രി മോദിയുമായി ഏറ്റുമുട്ടലിന്റെ പാത സ്വീകരിച്ച ചന്ദ്രശേഖരറാവുവിന് കനത്ത ആഘാതമാണ് തേജാവത്തിന്റെ വിമര്‍ശനവും രാജിയും. തെലുങ്കാനയില്‍ വര്‍ധിതവീര്യത്തോടെ പ്രധാനപ്രതിപക്ഷ പാര്‍ട്ടിയായി മുന്നേറുന്ന ബിജെപിയ്ക്ക് വലിയ പ്രചോദനമാണ് തേജാവത്തിന്റെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: