അങ്കാര: ഭക്ഷ്യക്കയറ്റുമതിയില്‍ മുന്‍പന്തിയില്‍ നില്ക്കുന്ന റഷ്യയും ഉക്രൈനും വീണ്ടും കയറ്റുമതി പുനരാരംഭിയ്ക്കാമെന്ന് യുഎന്‍ കരാറില്‍ ഒപ്പുവെച്ചതോടെ ലോകത്തിന്റെ ഭക്ഷ്യക്ഷാമത്തിന് പരിഹാരം. ഗോതമ്പുള്‍പ്പെടെയുള്ള ഭക്ഷ്യധാന്യങ്ങളുടെ ക്ഷാമത്താലും വിലക്കയറ്റത്താലും ഒരു പൊട്ടിത്തെറിയുടെ വക്കിലായിരുന്നു ലോകരാഷ്ട്രങ്ങള്‍.
ഫിബ്രവരി 24ന് റഷ്യ ഉക്രൈനെ ആക്രമിച്ചതോടെ ഏകദേശം രണ്ട് കോടി ടണ്ണോളം ധാന്യം നിറച്ച കപ്പലുകള്‍ നിശ്ചലമായതോടെ ലോകമെങ്ങും ഭക്ഷ്യധാന്യങ്ങള്‍ക്ക് വില കുതിച്ചുയരുകയായിരുന്നു. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ കരിങ്കടലിലൂടെ ഉക്രൈനില്‍ നിന്നുള്ള ധാന്യങ്ങള്‍ നിറച്ച കപ്പലുകള്‍ വിവിധ രാജ്യങ്ങളിലേക്ക് നീങ്ങിത്തുടങ്ങും. അഞ്ചുമാസമായി തുടരുന്ന യുദ്ധത്തിനിടയില്‍ അതിനാടകീയമായാണ് ശനിയാഴ്ച ഭക്ഷ്യക്കയറ്റുമതി പുനരാരംഭിയ്ക്കാനുള്ള യുഎന്‍ കരാറില്‍ ഉക്രൈനും റഷ്യയും ഒപ്പുവെച്ചത്. തുര്‍ക്കിയുടെ തലസ്ഥാനമായ ഈസ്താംബൂളില്‍ വെച്ചായിരുന്നു കരാര്‍ ഒപ്പുവെച്ചത്.
റഷ്യയുടെ പ്രതിരോധമന്ത്രി സെര്‍ഗി ഷൊയ്ഗുവും ഉക്രൈന് അടിസ്ഥാനസൗകര്യ മന്ത്രി ഒലെക്സാന്ദര്‍ കുബ്രകൊവുമാണ് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസിന്റെയും തുര്‍ക്കിയുടെ പ്രതിരോധമന്ത്രി ഹുലുസി അകറിന്റെയും സാന്നിധ്യത്തില്‍ കരാര്‍ ഒപ്പുവെച്ചത്. ഇതോടെ റഷ്യ-ഉക്രൈന് യുദ്ധം മൂലമുണ്ടായ അന്താരാഷ്ട്ര ഭക്ഷ്യപ്രതിസന്ധിയ്ക്ക് ആശ്വാസമാകും. ” കരിങ്കടലില്‍ ഇതാ പ്രത്യാശയുടെ ദീപസ്തംഭം തെളിഞ്ഞു”- കരാര്‍ ഒപ്പുവെച്ചതിനെക്കുറിച്ച് തുര്‍ക്കി പ്രസിഡന്റ് എര്ദോഗന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: