ന്യൂദല്‍ഹി: സമവാക്യങ്ങള്‍ പലതും അട്ടിമറിക്കപ്പെടുകയാണ്. 75 വര്‍ഷത്തെ സ്വതന്ത്രഭാരതചരിത്രത്തില്‍ ആദ്യമായി ആദിവാസി ഗോത്രവനിത ഇന്ത്യയുടെ രാഷ്ട്രപതിയായി. പിന്നാലെ സാമ്പ്രദായിക സിനിമാസംഗീതത്തിന്റെ സൂത്രവാക്യങ്ങളെല്ലാം മാറ്റിവെച്ച് അട്ടപ്പാടിയിലെ ആദിവാസി ഗായിക നാഞ്ചിയമ്മയുടെ ഗോത്രത്തുടിപ്പുകള്‍ പേറുന്ന ഗാനത്തിന് മികച്ച പിന്നണിഗായികയ്ക്കുള്ള ദേശീയ അവാര്‍ഡും.
ദല്‍ഹിയില്‍ രാഷ്ട്രപതി ഭവനത്തിലേക്ക് ആദിവാസി ഗോത്രവനിതയായ ദ്രൗപദി മുര്‍മു 15ാം രാഷ്ട്രപതിയായി കടന്നുചെല്ലുന്നതിന് പിന്നാലെ മികച്ച പിന്നണിഗായികയായി മാറിയിരിക്കുകയാണ് കേരളത്തിലെ ആദിവാസി കലാകാരി നഞ്ചിയമ്മ. എന്നാല്‍ ഈ രണ്ടുപേരുടെ മുഖത്തും വലിയ നേട്ടം വാരിയെടുത്തതിന്റെ ഗര്‍വ്വ് ഒട്ടുമില്ലതാനും. ഇരുവരുടെയും നിഷ്കളങ്കമായ പുഞ്ചിരികള്‍ അവര്‍ കടന്നുവന്ന കനല്‍പ്പാതയുടെ നേര്‍ക്കാഴ്ച. അഹങ്കാരങ്ങള്‍ ഉടഞ്ഞുപോകുന്ന ഗോത്രച്ചിരി.
സാമ്പ്രദായിക സിനിമാഗാനസങ്കല്പങ്ങളെ പൊളിച്ച പാട്ടാണ് അയ്യപ്പനും കോശിയും എന്ന സിനിമയിലെ ‘കളക്കാത്ത സന്ദനമേറം….’. ഈ ഗാനം പാടിയ നഞ്ചിയമ്മയാണ് ഈ വര്‍ഷത്തെ മികച്ച പിന്നണി ഗായിക. തികച്ചും അപ്രതീക്ഷിതമായിരുന്നു ഈ അവാര്‍ഡ് പ്രഖ്യാപനം.
പാലക്കാട് ജില്ലയിലെ അട്ടപ്പാടിയില്‍ നക്കുപതി പിരിവ് ഊരില്‍ കൃഷി ചെയ്ത് കുടുംബത്തോടൊപ്പം ജീവിക്കുന്ന നാഞ്ചിയമ്മ ഇരുള സമുദായാംഗമാണ്. ജേക്സ് ബിജോയ് ചിട്ടപ്പെടുത്തിയ അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ നഞ്ചിയമ്മ പാടിയ ഗാനം സിനിമ തിയറ്ററിലെത്തുംമുമ്പേ യുട്യൂബില്‍ തരംഗമായിരുന്നു. ഇപ്പോള്‍ മികച്ച പിന്നണിഗായികയ്ക്കുള്ള അവാര്‍ഡ് കിട്ടിയതോടെ നിഷ്കളങ്കപുഞ്ചിരിയുള്ള ഈ ഗായികയും അവരുടെ ഗോത്രഗാനവും ഭാരതത്തിലാകെ തരംഗമാവുന്നു.
നടന് കൂടിയായ അട്ടപ്പാടി സ്വദേശി പഴനി സ്വാമി നേതൃത്വം നല്കുന്ന ആസാദ് കലാസംഘത്തില്‍ അംഗം കൂടിയാണ് നഞ്ചിയമ്മ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: