ന്യൂദല്‍ഹി : സ്വര്‍ണക്കടത്ത് കേസില്‍ കേന്ദ്ര ഏജന്‍സിയായ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ വിശ്വാസമില്ല എന്നാണെങ്കില്‍ സിബിഐയും കേന്ദ്ര ഏജന്‍സിയാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്. കേസ് അന്വേഷണത്തില്‍ ഇഡിയെ വിശ്വാസമില്ല സിബിഐ അന്വേഷിക്കണം എന്ന് പറയുന്നത് ഈ കേസ് അട്ടിമറിക്കാനായി മുഖ്യമന്ത്രി പിണറായി വിജയനുമായി ചേര്‍ന്ന് പ്രതിപക്ഷ നേതാവ് നടത്തുന്ന നീക്കത്തിന്റെ ഭാഗമായി മാത്രമേ ഇതിനെ കാണാന്‍ സാധിക്കൂവെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ദല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറ്റേ് അന്വേഷണം നടത്തണ്ട. സിബിഐ അന്വേഷണം മതിയെന്നാണ് കേരളത്തിലെ പ്രതിപക്ഷ നേതാവ് കഴിഞ്ഞ ദിവസം നിയമസഭയില്‍ ആവശ്യം ഉന്നയിച്ചത്. കോണ്‍ഗ്രസ്സിന്റെ നിലപാടിലുള്ള വലിയമാറ്റമായി മുഖ്യമന്ത്രി അടക്കം കഴിഞ്ഞ ദിവസം നിയമസഭയില്‍ ഇക്കാര്യം അറിയിക്കുകയും ചെയ്തു. കള്ളപ്പണക്കേസ് ഇഡി അന്വേഷിക്കണ്ട സിബിഐ അന്വേഷിച്ചാല്‍ മതിയെന്നാണ് കോണ്‍ഗ്രസ് അറിയിച്ചത്. കള്ളപ്പണക്കേസ് അന്വേഷിക്കാന്‍ സിബിഐക്ക് സാധിക്കില്ല എന്ന് വളരെ വ്യക്തമാണ്. അധികാരമില്ലാത്ത വിഷയത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെടുകയും കേസ് അന്വേഷണം സിബിഐക്ക് വിടുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര സര്‍ക്കാരിനെതിരെ ആരോപണം ഉന്നയിക്കുകയാണ്. കേസില്‍ മുഖ്യമന്ത്രിയുമായി ഒത്തു തീര്‍പ്പുമാവും ബിജെപിക്കും കേന്ദ്രസര്‍ക്കാരിനെതിരെ രാഷ്ട്രീയ ആരോപണങ്ങള്‍ ഉന്നയിക്കാനുള്ള രാഷ്ട്രീയ അവസരമാക്കി പ്രതിപക്ഷം ഇതിനെ ഉപയോഗിക്കുകയാണ്.
ഇത്തരത്തിലുള്ള ഈ ഒത്തുതീര്‍പ്പ് ഡീല്‍ എന്താണെന്ന് അറിയാന്‍ ജനങ്ങള്‍ക്ക് ആഗ്രഹമുണ്ട്. പ്രതിപക്ഷ നേതാവിന്റെ പഴയ വിജിലന്‍സ് കേസിന്റെ കാര്യത്തിലുള്ള ബ്ലാക്ക്മെയിലിങ് ഭാഗമായിട്ടാണോ അതോ അവര്‍ തമ്മില്‍ ഒരു ധാരണയുണ്ടായോ എന്നുള്ളതൊക്കെ അറിയാന്‍ ജനങ്ങള്‍ക്ക് ആഗ്രഹമുണ്ട്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് വേണ്ടി ഭരണപക്ഷത്തേക്കാള്‍ വീറോടെയാണ് പ്രതിപക്ഷം സംസാരിച്ചത്. ഒരു രാത്രികൊണ്ടുള്ള ഈ മലക്കം മറിച്ചിലിന്റെ അടിസ്ഥാനം എന്തുകൊണ്ടാണെന്നാണ് അറിയാന്‍ പാടില്ലാത്തത്.
സ്വര്‍ണക്കടത്ത് കേസ് ബെംഗളൂരുവിലേക്ക് മാറ്റണം എന്ന് ഇഡി ആവശ്യപ്പെട്ടതോടെ മുഖ്യമന്ത്രിയുടെ ചങ്കിടിപ്പ് കൂടി. ഇതോടെ ഒരു രാത്രികൊണ്ട് മലക്കം മറിഞ്ഞ് കേസ് അന്വേഷണത്തിന് ഇഡി വേണ്ട. സിബിഐ മതിയെന്ന് പ്രതിപക്ഷം നിലപാട് സ്വീകരിക്കുകയായിരുന്നു. അല്ലാതെ പെട്ടന്ന് പ്രതിപക്ഷം തന്റെ തീരുമാനം മാറ്റിയതിന് പിന്നില്‍ ഉണ്ടോയെന്നതിന് രാഷ്ട്രീയ നിരീക്ഷകരും മാധ്യമ പ്രവര്‍ത്തകരും അന്വേഷിച്ച് പുറത്തുകൊണ്ടുവരേണ്ടതാണെന്നും വി. മുരളീധരന് പറഞ്ഞു.
മോദിയോടുള്ള അന്ധമായുള്ള രാഷ്ട്രീയ വിരോധത്തില്‍ എടുക്കുന്ന തീരുമാനങ്ങള്‍ക്കുള്ള തിരിച്ചടിയാണ് ഇപ്പോഴുള്ളത്. എന്തൊക്കെ അന്ധമായിട്ടുള്ള തീരുമാനങ്ങള്‍ എടുത്താലും കേരളത്തിലെ എംഎല്‍എമാര്‍ക്കിടയില്‍ അദ്ദേഹത്തിന് സ്വീകാര്യതയുണ്ട്. ദ്രൗപദീ മുര്‍മുവിന് കേരളത്തില്‍ നിന്നും ലഭിച്ച ഒരു വോട്ട് ആ സ്വീകാര്യതയാണ് വ്യക്തമാക്കുന്നത്. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ശക്തി വിളിച്ചോതുന്ന തെരഞ്ഞെടുപ്പ് ഫലമാണ് വ്യാഴാഴ്ച പുറത്തുവന്നത്. ഏറ്റവും സാധാരണ ചുറ്റുപാടില്‍ വളര്‍ന്നുവന്ന വ്യക്തിയാണ് ദ്രൗപദീ മുര്‍മൂ. ഏറ്റവും അധസ്ഥിത പാര്‍ശ്വവത്കരിക്കപ്പെട്ട വിഭാഗത്തില്‍പ്പെട്ടയൊരാള്‍ക്ക് ഇന്ത്യയുടെ ജനാധിപത്യ സംവിധാനത്തിന്റെ ഏറ്റവും ഉയര്‍ന്നസ്ഥാനത്ത് എത്താന്‍ കഴിയുന്നു എന്നത് ഇന്ത്യയുടെ ജനാധിപത്യ ബോധത്തിന്റെ ശക്തിയാണ് അത് വിളിച്ചോതുന്നത്.
അതോടൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദി എടുത്തിട്ടുള്ള സാമൂഹ്യ നീതിക്കുവേണ്ടിയുള്ള നിലപാട്, ആദിവാസി വിഭാഗത്തില്‍പെടുന്ന ഒരു വനിത സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഈ ഘട്ടത്തിലെങ്കിലും ഇന്ത്യയുടെ പരമോന്നത പദവിയിലെത്തണമെന്ന അദ്ദേഹത്തിന്റെ നിലപാട്, അതിനു ലഭിച്ച അംഗീകാരം കൂടിയാണ് കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പില്‍ ദ്രൗപദീ മുര്‍മൂ ഇന്ത്യയുടെ രാഷ്ട്രപതി സ്ഥാനത്തേയ്ക്ക് വലിയ ഭൂരിപക്ഷത്തോടുകൂടി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. കേരളം രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുള്ള ജന പ്രതിനിധികളുടെ പിന്തുണ അവര്‍ക്ക് ലഭിച്ചു എന്നുള്ളത് ഏറ്റവും സന്തോഷകരമായിട്ടുള്ള കാര്യമാണെന്നും വി. മുരളീധരന് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: