ന്യൂദല്‍ഹി : സിബിഎസ്ഇ പ്ലസ്ടു ഫല പ്രഖ്യാപനം നടത്തി. 92.71 ശതമാനം വിദ്യാര്‍ത്ഥികളാണ് ഇത്തവണ ഉപരിപഠനത്തിന് അര്‍ഹരായത്. കഴിഞ്ഞ തവണ 99.37 ശതമാനം പേരാണ് വിജയിച്ചത്.
ഇത്തവണ ഏറ്റവും കൂടുതല്‍ വിജയ ശതമാനം തിരുവനന്തപുരം മേഖലയിലാണ്. 98.83 ശതമാനം. 94.54 ശതമാനം പെണ്‍കുട്ടികള്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. ട്രാന്‍ജെന്‍ഡര്‍ വിഭാഗത്തില്‍ നൂറ് ശതമാനം വിജയമുണ്ട്. cbseresults.nic.in,cbse.gov.in, cbse.nic.in എന്നീ വെബ്‌സൈറ്റുകളില്‍ ഫലം ലഭ്യമാണ്. ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളാണ് വിജയ ശതമാനത്തില്‍ രണ്ട്, മൂന്ന് സ്ഥാനങ്ങളില്‍ ഉള്ളത്. പത്താംക്ലാസ് ഫലവും ഇന്ന് പ്രഖ്യാപിച്ചേക്കും. ഉച്ചക്ക് രണ്ട് മണിയോടെ ഫലപ്രഖ്യാപനമുണ്ടാകുമെന്നാണ് വിവരം.
സിബിഎസ്ഇ ഫലപ്രഖ്യാപനം വൈകിയതോടെ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ആശങ്കയിലായിരുന്നു. സംസ്ഥാന ബോര്‍ഡുകളിലെ ഫലം പ്രസിദ്ധീകരിച്ച് ദിവസങ്ങള്‍ക്ക് ശേഷവും സിബിഎസ്ഇ ഫലം പ്രസിദ്ധീകരിക്കാത്തത് ഉന്നത വിദ്യാഭ്യാസ സാധ്യതകളെ പ്രതികൂലമായി ബാധിച്ചു.
ഫലപ്രഖ്യാപനം വൈകിയതോടെ സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുളള സമയ പരിധി നീട്ടാനാവശ്യപ്പെട്ട് സിബിഎസ്ഇ വിദ്യാര്‍ത്ഥികള്‍ കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുകയാണ്. ഹര്‍ജി ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കാനിരിക്കെയാണ് ഫലപ്രഖ്യാപനമുണ്ടാകുമെന്ന വിവരം പുറത്ത് വരുന്നത്.
ഈ വര്‍ഷം രണ്ട് ഘട്ടങ്ങളിലായാണ് സിബിഎസ്ഇ പരീക്ഷ നടത്തിയത്. ആദ്യഘട്ടം നവംബര്‍- ഡിസംബറിലും രണ്ടാംഘട്ടം ഏപ്രില്‍- ജൂണ്‍ മാസങ്ങളിലുമായിരുന്നു. തുടര്‍ന്ന് ജൂലൈ ആദ്യ വാരം പരീക്ഷാ ഫലം പ്രസിദ്ധീകരിക്കുമെന്നാണ് അറിയിച്ചതെങ്കിലും അത് നീണ്ടുപോവുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: