തൃശൂര്‍: ജില്ലയ്ക്കകത്തും നിന്നും സമീപ ജില്ലകളില്‍ നിന്നുമായി പതിനായിരങ്ങള്‍ ചികിത്സക്കെത്തുന്ന മുളങ്കുന്നത്ത്കാവ് ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരുന്നുക്ഷാമം രൂക്ഷം. ആന്റിബയോട്ടിക്കുകള്‍, കുട്ടികള്‍ക്കുള്ള സിറപ്പുകള്‍, ആവശ്യമരുന്നുകള്‍ ഉള്‍പ്പെടെയുള്ളവയ്ക്കാണ് ക്ഷാമം നേരിടുന്നത്. കൂടാതെ ഹൃദ്രോഗികളും പക്ഷാഘാതം വന്നവരും കഴിക്കുന്ന, വിലക്കുറവുള്ള ആസ്പിരിന്പോലും കിട്ടുന്നില്ല.
ഗര്‍ഭിണികള്‍ പതിവായി കഴിക്കുന്ന ഫോളിക് ആസിഡ് ഗുളികകള്‍, അപസ്മാരരോഗികള്‍ കഴിക്കുന്ന എപ്റ്റോയിന്‍, ആന്റിബയോട്ടിക്കുകള്‍, രക്തസമ്മര്‍ദ്ദത്തിന് ഉപയോഗിക്കുന്ന ടെല്‍മസാന്‍ഡ്, പ്രമേഹമരുന്നുകള്‍ എന്നിവയ്ക്കെല്ലാം കടുത്ത ക്ഷാമമാണ് നേരിടുന്നത്. ആശുപത്രിയിലെ ഫാര്‍മസിയില്‍ മരുന്നിനായി മണിക്കൂറുകളോളം വരിയില്‍ നില്ക്കുന്ന രോഗികള്‍ക്ക് ഡോക്ടര്‍ കുറിച്ചു കൊടുക്കുന്നതിന്റെ പകുതി പോലും ലഭിക്കുന്നില്ല. നിര്‍ധന കുടുംബങ്ങളില്‍ നിന്നുള്ള രോഗികള്‍ ഇതേ തുടര്‍ന്ന് മരുന്ന ലഭിക്കാതെ ബുദ്ധിമുട്ടുകയാണ്.
ഡോക്ടറുടെ കുറിപ്പടിയുമായി എത്തുന്നവരോട് മരുന്ന് സ്റ്റോക്കില്ലെന്ന് പറഞ്ഞ് പകരം മറ്റൊരു മരുന്ന് നല്‍കുകയാണ് ജീവനക്കാര്‍ ചെയ്യുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ രാവിലെ മുതല്‍ മരുന്ന് വാങ്ങാനെത്തുന്നവരുടെ വലിയ വരിയാണ് ആശുപത്രിയില്‍ ഉണ്ടായിരുന്നത്. പലരെയും ആശുപത്രിക്ക് പുറത്തുള്ള മെഡിക്കല്‍ ഷോപ്പിലേക്ക് മരുന്ന് വാങ്ങാന്‍ എഴുതി നല്‍കുകയാണ്. നിര്‍ധന രോഗികള്‍ക്ക് വന്‍തുക നല്കി പുറത്ത് നിന്ന് മരുന്ന് വാങ്ങാന്‍ സാധിക്കുന്നില്ല.
മെഡിക്കല്‍ കോളേജിലേക്ക് ആവശ്യത്തിനുള്ള മരുന്നുകള്‍ ഒരുവര്‍ഷത്തേക്ക് മൊത്തമായാണ് എത്താറുള്ളത്. ഇതനുസരിച്ച് മെഡിക്കല്‍ കോളേജ് അധികൃതര്‍ കൈമാറിയ ലിസ്റ്റിലുള്ള നല്ലൊരു ശതമാനം മരുന്നും ഇതുവരെയും ലഭിച്ചിട്ടില്ല. എത്തിയ മരുന്നുകളാകട്ടെ ആവശ്യമായ അളവില്‍ ലഭിച്ചിട്ടുമില്ല. ഗ്യാസിന്റെ മരുന്നിനും ക്ഷാമം നേരിടുന്നുണ്ട്. ഇതിനു പകരം ഗ്യാസിന്റെ മറ്റൊരു ഗുളികയാണ് ഫാര്‍മസിയില്‍ നിന്ന് കൊടുക്കുന്നത്. ക്ഷാമമുള്ള മരുന്നുകള്‍ പല ഡോക്ടര്‍മാരും കുറിപ്പടിയില്‍ എഴുതുന്നുമുണ്ട്.
മരുന്ന് വിതരണം ചെയ്യുന്ന കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷനില്‍ മരുന്ന് ആവശ്യത്തിന് എത്തിയിട്ടില്ലെന്ന വിവരം മെഡിക്കല്‍ കോളേജ് അറിയിച്ചിട്ടുണ്ട്. കാരുണ്യ ഫാര്‍മസിയില്‍ നിന്ന് ഉടന്‍ മരുന്നെത്തിച്ച് പ്രശ്നം പരിഹരിക്കുമെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. പനിക്കാലമായതോടെ ആശുപത്രിയില്‍ എത്തുന്ന രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിച്ചിട്ടുണ്ട്. കഴിഞ്ഞയാഴ്ചയില്‍ മരുന്ന് എത്തിയെങ്കിലും ആവശ്യത്തിന് ലഭിച്ചിട്ടില്ലെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: