മുംബൈ: രാകേഷ് ജുന്‍ജുന്‍വാല നിക്ഷേപിച്ചിട്ടുള്ള ഓഹരികളുടെ ലിസ്റ്റില്‍ കേരളത്തിലെ ഈ സ്വകാര്യബാങ്കും ഇടം പിടിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ ഈ ബാങ്കിന്റെ ഓഹരിവിലയില്‍ ഉണ്ടായത് 29 ശതമാനത്തിന്റെ കുതിച്ചുചാട്ടം.
ഈ ബാങ്ക് മറ്റാരുമല്ല, ആലുവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫെഡറല്‍ ബാങ്ക് തന്നെ. ഇപ്പോള്‍ ഫെഡറല്‍ ബാങ്കിന്റെ ഓഹരി വില മൂന്ന് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന വിലയിലാണ് ചെന്ന് നില്‍ക്കുന്നത്. കഴിഞ്ഞ നാല് വ്യാപാര സെഷനുകളല്‍ മാത്രം 12 ശതമാനത്തോളം കുതിപ്പുണ്ടായി. കഴിഞ്ഞ ഒരു മാസം കൊണ്ട് 29 ശതമാനം വര്‍ധനയാണ് ഓഹരിവിലയില്‍ ഉണ്ടായത്. 2022 മാര്‍ച്ച് ഒടുവിലായി രാകേഷ് ജുന്‍ജുന്‍വാല 2.64 ശതമാനവും ഭാര്യ രേഖ ജുന്‍ജുന്‍വാല 1.021 ശതമാനവും ഫെഡറല്‍ ബാങ്ക് സ്വന്തമാക്കിയിരുന്നു. അതായത് രണ്ട് പേരും ചേര്‍ന്ന് 3.65 ശതമാനം ഓഹരികള്‍ വാങ്ങിക്കൂട്ടിയിട്ടുണ്ട്. ഇന്ത്യയുടെ വാറന്‍ ബഫറ്റ് എന്നറിയപ്പെടുന്ന പ്രമുഖ ഓഹരി ദല്ലാളാണ് രാകേഷ് ജുന്‍ജുന്‍വാല. ഇദ്ദേഹം നിക്ഷേപിക്കുന്ന ഏത് ഓഹരിയും വന്‍നേട്ടമുണ്ടാക്കുമെന്നാണ് ഓഹരി നിക്ഷേപമേഖലയിലെ അടക്കം പറച്ചില്.
മെയ്-ജൂലായ് ആദ്യസാമ്പത്തിക പാദത്തില്‍ മികച്ച സാമ്പത്തികനേട്ടമാണ് ഫെഡറല്‍ ബാങ്ക് സ്വന്തമാക്കിയത്. ഇക്കാലയളവില്‍ 601 കോടിയുടെ ലാഭം രേഖപ്പെടുത്തി. അറ്റപലിശവരുമാനം മാത്രം 13 ശതമാനം കൂടി. കിട്ടാക്കടത്തിലും കുറവുണ്ടായി. ബുധനാഴ്ചയും ഓഹരി രണ്ട് ശതമാനം കയറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: