കൊല്ലം: അങ്കണവാടി കെട്ടിടം ചോര്‍ന്നൊലിച്ചിട്ടും തിരിഞ്ഞുനോക്കാതെ അധികൃതര്‍. പത്തനാപുരം പട്ടാഴിവടക്ക് പഞ്ചായത്തിലെ ഏറത്തു വടക്കു വാര്‍ഡില്‍ ഒരു കോടി രൂപ പട്ടികജാതിഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച സ്മാര്‍ട്ട് അങ്കണവാടി ഉണ്ടായിട്ടും കുട്ടികള്‍ ഇപ്പോഴും ജീവനും കൈയില്‍ പിടിച്ചു ചോര്‍ന്നൊലിക്കുന്ന വാടകകെട്ടിടത്തിലാണ് പഠിക്കുന്നത്. ഒരുവര്‍ഷത്തില്‍ കൂടുതലായി പണി കഴിഞ്ഞു കിടക്കുകയാണ് ഏറത്തു വടക്ക് വാര്‍ഡിലെ സ്മാര്‍ട്ട് അങ്കണവാടി. തൊട്ടടുത്തു കാടുമൂടിയ സ്ഥലമാണ്. ഗ്യാസ് സ്റ്റൗ ഉള്‍പ്പടെ അപകടഭീഷണിയുള്ള ഇടുങ്ങിയ അടുക്കളയിലാണ് കുട്ടികള്‍ ആഹാരം കഴിക്കുന്നത്.
പത്തനാപുരം എംഎല്‍എ വിസമ്മതിക്കുന്നതാണ് ഉദ്ഘാടനം വൈകാന്‍ കാരണമെന്നും രണ്ടുമാസത്തില്‍ ഒരിക്കല്‍ എന്ന രീതിയില്‍ മാത്രമേ പത്തനാപുരം എംഎല്‍എ ഉദ്ഘാടനം നടത്തുവെന്നാണ് ആക്ഷേപം. കേരളത്തില്‍ കോളനി നവീകരണത്തിനായി അനുവദിക്കുന്ന അംബേദ്കര്‍ ഗ്രാമവികസന പദ്ധതി തുക കേരളത്തില്‍ വേണ്ട വിധത്തില്‍ ഉപയോഗിക്കുന്നില്ല. എന്നുമാത്രമല്ല വ്യാപകമായി അഴിമതി ഈ പദ്ധതിയില്‍ നടക്കുന്നതായാണ് ആരോപണം. അങ്കണവാടി കെട്ടിടം തുറക്കാത്തതിനാല്‍ അങ്കണവാടി ടീച്ചര്‍ പൊതുമീറ്റിംഗില്‍ ആത്മഹത്യാഭീഷണി മുഴക്കിയിരുന്നു. തുടര്‍ന്നു പുതിയ അങ്കണവാടി കെട്ടിടം തുറന്നു നല്‍കണമെന്ന് ആവശ്യപ്പെട്ടു ബിജെപി പ്രക്ഷോഭ പരിപാടി ആരംഭിക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസങ്ങളില്‍ രക്ഷകര്‍ത്താക്കള്‍ ഈ വിഷയവുമായി ബന്ധപ്പെട്ട് പ്രത്യക്ഷ സമരപരിപാടികളുമായി രംഗത്തെത്തിയിരുന്നു. നിര്‍മാണം പൂര്‍ത്തീകരിക്കപ്പെട്ട കെട്ടിടം ഉടന്‍ ഉദ്ഘാടനം നടത്തി നല്‍കിയില്ലെങ്കില്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകാനാണ് ബിജെപി തീരുമാനം. പട്ടികജാതി മോര്‍ച്ച ജില്ലാ പ്രസിഡന്റ് ബി. ബബുല്‍ദേവ്, പാര്‍ട്ടി മണ്ഡലം വൈസ് പ്രസിഡന്റ് ജെ. രമേശന്, മണ്ഡലം സെക്രട്ടറിയും പഞ്ചായത്ത് സമിതി അംഗവുമായ മധു കൂട്ടന്, പഞ്ചായത്ത് ജനറല്‍ സെക്രട്ടറി കണ്ണന് ശ്രീരാഗം, മണ്ഡലം കമ്മിറ്റി അംഗമായ മധുസൂദനന്‍പിള്ള എന്നിവര്‍ ഇന്നലെ ശോച്യാവസ്ഥയിലുള്ള അങ്കണവാടി നേരിട്ട് സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: