അമ്പിളി പുരയ്ക്കല്‍
ഈ രാജ്യത്തിന്റെ തനതായ വേദഗണിതത്തെ പാഠ്യപദ്ധതിയിലേക്കു കൊണ്ടുവരുന്ന പദ്ധതിക്കു ചുക്കാന്‍ പിടിക്കുന്ന ഡോ. ശ്രീറാം ചൗധൈയ്വാലേ തന്റെ നിയോഗം വൈകാതെ ഫലപ്രാപ്തിയിലെത്തുമെന്ന ശുഭപ്രതീക്ഷ പങ്കുവയ്ക്കുന്നു
എന്‍സിഇആര്‍ടി ഗണിത കരിക്കുലം സമിതി അധ്യക്ഷന്‍, വേദഗണിത ശിക്ഷാന്യാസ് കണ്‍വീനര്‍, ഇന്ത്യന്‍ സൊസൈറ്റി ഫോര്‍ ഹിസ്റ്ററി ഓഫ് മാത്തമാറ്റിക്സ് മെംബര്‍, രാജ്യാന്തര തലത്തില്‍ നാല്പതോളം ഗവേഷക പ്രബന്ധങ്ങളുടെ രചയിതാവ്, വേദിക് ഗണിതത്തെ അടിസ്ഥാനമാക്കി ആറു പുസ്തകങ്ങളുടെ രചയിതാവ്… ഡോ. ശ്രീറാം ചൗധൈയ്വാലേയുടെ കര്‍മമേഖല പരന്നുകിടക്കുകയാണ്. പക്ഷേ വേദിഗണിതത്തിനായി ജീവിതം ഉഴിഞ്ഞുവച്ച ശാസ്ത്രജ്ഞന് എന്ന ഒറ്റ വിശേഷണത്തിലാവും ഇദ്ദേഹത്തെ ചരിത്രം അടയാളപ്പെടുത്താന്‍ പോകുന്നത്. 2021 ലെ മാധവ ഗണിത പുരസ്കാരം ഏറ്റുവാങ്ങാന്‍ എറണാകുളം ജില്ലയിലെ പിറവം ചിന്മയ വിശ്വവിദ്യാപീഠത്തില്‍ എത്തിയ അദ്ദേഹം ജന്മഭൂമിയോടു സംസാരിക്കുന്നു.
- വേദ ഗണിതത്തിന്റെ ഇന്നത്തെ പ്രസക്തി എന്താണ്?
അത് ഭരതത്തിന്റെ മാത്തമാറ്റിക്സ് (ഗണിതം) ആണ്. അതിന്റെ പ്രസക്തി എന്ത് എന്ന ചോദ്യത്തിന് പ്രസക്തി ഇല്ല. ഉദാഹരണത്തിന് ചൈനീസ് മാത്തമാറ്റിക്സിന് എന്ത് പ്രാധാന്യം എന്ന് ചൈനക്കാര്‍ ചോദിക്കുമോ? അതുപോലെ തന്നെയാണ് വേദഗണിതവും. അതു നമ്മുടേതാണ്. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഉദയം ചെയ്ത ഒന്നാണ്. അത്തരമൊരു പൗരാണിക സംവിധാനം നമുക്ക് ഉണ്ടായിരുന്നു എന്നതില്‍ നാം അഭിമാനിക്കണം. ഇന്നുള്ള എല്ലാം അതില്‍ ഉണ്ട്. എന്നാല്‍ അന്ന് ഉണ്ടായിരുന്നതില്‍ പലതും ഇന്നില്ല. അതുനമുക്കായി കൊണ്ടുവരേണ്ടതുണ്ട്. അതുതന്നെയാണ് അതിന്റെ പ്രസക്തി.
- 16-18 നൂറ്റാണ്ടുകളില്‍ ഭാരതത്തില്‍ ഉണ്ടായിരുന്ന ഗണിത വികാസം ഉപയോഗിച്ചാണു പാശ്ചാത്യ രാജ്യങ്ങള്‍ കണ്ടുപിടുത്തങ്ങളിലൂടെ ലോകത്തെ കീഴടക്കിയതെന്ന നിരീക്ഷണത്തോട് അങ്ങയുടെ പ്രതികരണം എന്താണ്?
ഒരു കാലഘട്ടത്തില്‍ ഭാരതത്തില്‍ ഉണ്ടായിരുന്ന ബൗദ്ധിക വിജ്ഞാനം മന:പൂര്‍വം അവഗണിക്കുകയോ ഇല്ലായ്മ ചെയ്യുകയോ ചെയ്തിട്ടുണ്ട്. നമ്മോളം വളര്‍ന്ന ഒരു സമൂഹം, അതും പതിനാറാം നൂറ്റാണ്ടില്‍ ഇല്ലായിരുന്നു എന്നുതന്നെ പറയാം. അവിടെ ഉണ്ടായിരുന്ന ഐസക്ക് ന്യൂട്ടനും പൈതഗോറസും ഉള്‍പ്പടെയുള്ളവര്‍ മോശമായിരുന്നു എന്നല്ല പറയുന്നത്. അവരും മികച്ചതായിരുന്നു. പക്ഷേ അതിനും മുമ്പുണ്ടായിരുന്ന നമ്മുടെ ആര്യഭട്ട, ബ്രഹ്മഗുപ്ത, ശ്രീഹരീയ, ഭാസ്കരാചാര്യ അങ്ങനെയുള്ളവരെ പോലുള്ളവരെ മറക്കുവാന്‍ പാടുള്ളതല്ല. അവര്‍ വെറും ഗണിത അധ്യാപകര്‍ ആയിരുന്നില്ല, അവരുടെ സംഭാവനകള്‍ മഹത്താണ്. ഉദാഹരണത്തിന് നാരായണ പണ്ഡിറ്റ്. അദ്ദേഹത്തിന്റെ ഗവേഷണ പ്രബന്ധങ്ങള്‍ ഇപ്പോള്‍ വിവര്‍ത്തനം സഹിതം ലഭ്യമാണ്. ഒന്നു പരതി നോക്കൂ. ഗണിതത്തിന്റെ മഹത്വം പൗരസ്ത്യദേശത്തേക്കു നമുക്ക് തിരിച്ചുകൊണ്ടുവരാന്‍ കഴിയണം. അതിനുള്ള തലങ്ങള്‍ ഒരുക്കണം. അതിനായുള്ള പ്രവര്‍ത്തനം നമ്മള് തുടങ്ങിക്കഴിഞ്ഞു. ഇനി വേണ്ടത് പണ്ഡിതരിലേക്ക്, അധ്യാപകരിലേക്ക് അത് എത്തിക്കുക എന്നതും സ്കൂള്‍ സിലബസില്‍ കൊണ്ടു വരിക എന്നതും അതിലൂടെ അവരുടേതെന്നോ നമ്മുടേതെന്നോ വേര്‍തിരിവില്ലാതെ ഗണിതം എന്നതിന്റെ പ്രസക്തിയും വിജ്ഞാനവും വര്‍ദ്ധിപ്പിക്കുക എന്നതുമാകണം.
- നൂറ്റാണ്ടുകള്‍ പഴക്കമുള്ള നമ്മുടെ ഗ്രന്ഥങ്ങള്‍ എത്രത്തോളം ലഭ്യമാണ്?
എല്ലാം ഉണ്ടെന്നു പറയുക സാധ്യമല്ല, കുറെ നശിച്ചു പോയിട്ടുണ്ട്. ഇവിടെ നിന്നു കടത്തിക്കൊണ്ടു പോയിട്ടുമുണ്ട്. ഇതിന്റെ മൂല്യം അറിയാതെ സൂക്ഷിക്കുന്നവരുമുണ്ടാകാം. പക്ഷേ കിട്ടാവുന്നതെല്ലാം ശേഖരിച്ചിട്ടുണ്ട്, ഇപ്പോഴും അന്വേഷണത്തിലുമാണ്. ഒരുപക്ഷേ അവര്‍ തന്നെ എഴുതിയത് വേണമെന്നില്ല, പിന്നീട് വന്നവര്‍ അവര്‍ പറഞ്ഞിട്ടുള്ളതായി കുറിച്ചു വച്ചിട്ടുള്ള കാര്യങ്ങളിലൂടെയും ഗവേഷണം ആകാം. സംസ്കൃതത്തിലും ഗണിതത്തിലും ഒരുപോലെ ജ്ഞാനമുള്ളവരെ ഇതിനായി ആവശ്യമുണ്ട്. നമ്മള് ഇനിയും ഇത് കണ്ടെത്താന്‍ ശ്രമിച്ചില്ലെങ്കില്‍ ഒരിക്കലും സാധ്യമാവുകയില്ല എന്ന ആശങ്കയും പങ്കു വയ്ക്കുന്നു.
- വേദഗണിതം കോളേജിലേക്കും സ്കൂളിലേക്കും എത്തിക്കാനുള്ള ശ്രമത്തിന് എതിര്‍പ്പുകള്‍ ഉണ്ടാവുമോ? ഭാരത സര്‍ക്കാരിന്റെ പിന്തുണ എത്രമാത്രമാണ്.
2020 മുതല്‍ അതിനുള്ള പരിശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ഇത് ഗണിതത്തിന് മാത്രമല്ല, ഗണിതത്തെ അടിസ്ഥാനമാക്കിയുള്ള എല്ലാ ശാസ്ത്രമേഖലയുടെയും ഭാരത സംഭാവനകളെ അടിസ്ഥാനമാക്കിയാണ് ചെയ്യുന്നത്. അതില്‍നിന്ന് പാശ്ചാത്യ സംഭാവനകള്‍ ഒഴിവാക്കുകയോ ഇപ്പോള്‍ നടക്കുന്നവ പൊളിച്ചെഴുതുകയോ ചെയ്യുമെന്നല്ല അര്‍ഥം. ഇതിനെ രാഷ്ട്രീയ വല്ക്കരിക്കുകയും വേണ്ട. ഇത് ദേശീയതയുടെ, ദേശത്തിന്റെ വിജ്ഞാന ഭണ്ഡാരത്തിലേക്ക്, നമ്മുടെ പുതിയ തലമുറയ്ക്ക് വേണ്ടുന്ന അറിവിലേക്കുള്ള യാത്രയാണ്. അതില്‍ തര്‍ക്കങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും അടിസ്ഥാനമില്ല. വേദിക് എന്ന പദം അലോസരമുണ്ടാക്കേണ്ടതല്ല. അത് വിജ്ഞാനം (വിസ്ഡം) എന്ന അര്‍ത്ഥത്തില്‍ കണ്ടാല്‍ മതി. ഇപ്പോള്‍ നമ്മള് എല്ലാത്തിനും രാഷ്ട്രഭാഷയായ ഹിന്ദിയോ അന്താരാഷ്ട്രഭാഷയായ ഇംഗ്ലീഷോ ഉപയോഗിക്കുന്നതു പോലെ അന്ന് നിലനിന്നിരുന്ന ഭാഷയായ സംസ്കൃതം അവര്‍ ഉപയോഗിച്ചിരുന്നു എന്നു മാത്രം മനസിലാക്കിയാല്‍ മതി. അതിലുള്ള ആശയങ്ങള്‍, പ്രധാനപ്പെട്ട കാര്യങ്ങള്‍ എന്നിവയെ സ്വീകരിച്ചാല്‍ മാത്രം മതി.
- പാഠ്യപദ്ധതി മാറ്റുന്നതിലൂടെ എന്താണ് വിദ്യാര്‍ഥികള്‍ക്ക് ഗുണം ആകുന്നത്
വേദഗണിതത്തെ വിദ്യാര്‍ഥികള്‍ക്കു വെളിപ്പെടുത്തിയാല്‍ ഇപ്പോഴുള്ള സൂത്രങ്ങള്‍ മാത്രമല്ല, പുതിയ കാര്യങ്ങള്‍ എല്ലാ മേഖലയിലും ഉപയോഗിക്കാന്‍ കഴിയും. അതുവഴി കണ്ടുപിടുത്തങ്ങള്‍ക്കും വികസനത്തിനും സാധ്യത ഏറുകയും ചെയ്യും. അതിന് നല്ലത് വിദ്യാര്‍ഥികള്‍ തന്നെയാണ്. പരീക്ഷാപേ ചര്‍ച്ചയില്‍ നമ്മുടെ പ്രധാനമന്ത്രി പ്രശംസിച്ച നന്ദിത, നിവേദിത വിദ്യാര്‍ഥിനികളെ പോലുള്ളവര്‍ക്ക് മുമ്പില്‍ അവസരങ്ങളും സാധ്യതകളും തുറന്നിടുന്ന ഒന്നാണ് വേദ ഗണിതം.
- കണക്കിലും സയന്‍സിലും ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികളെ സംഭാവനചെയ്യുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണു കേരളം. എന്താണ് അവര്‍ക്കുള്ള ഉപദേശം
അവര്‍ എല്ലാ മാത്തമാറ്റിക്സും പഠിക്കട്ടെ, വേദിക് മാത്തമാറ്റിക്സും ഒപ്പം പഠിക്കണം. കാരണം മാത്തമാറ്റിക്സ് എന്നാല്‍ സൂത്ര എന്നാണ്. വേദിക് ഗണിതത്തില്‍ യുക്തിയുക്തമായ ചിന്തകളെ പ്രോത്സാഹിപ്പിക്കുവാന്‍ ഉതകുന്ന മാനസികമായുള്ള കഴിവിനെ വികസിപ്പിക്കുവാന്‍ സാധിപ്പിക്കുന്ന നിരവധി ഘടകങ്ങള്‍ ഉണ്ട്. വിവിധ സാഹചര്യങ്ങള്‍ക്കനുസരിച്ച് വിവിധ പ്രയോഗങ്ങള്‍ നടത്താന്‍ ഉള്ള കാര്യങ്ങള്‍ അതിലുണ്ട്. വേദിക് ഗണിതം എന്നാല്‍ സൂപ്പര്‍ ഗണിതം എന്നു തന്നെയാണ്. കണക്ക് പഠിക്കുക മാത്രമല്ല, വൈജ്ഞാനികവികാസത്തിലൂടെ കൂടുതല്‍ കണ്ടുപിടുത്തങ്ങള്‍ക്കായുള്ള ലക്ഷ്യങ്ങള്‍ ഉണ്ടാക്കി എടുക്കുവാന്‍ അവരെ അതു സഹായിക്കും.
- ഇപ്പോഴത്തെ നിലയില്‍ എത്ര വര്‍ഷം വേണ്ടിവരും വേദഗണിതത്തെ മുഖ്യധാരയില്‍ തിരികെ എത്തിക്കാന്‍
(ചിരിച്ചുകൊണ്ട്) രണ്ട് വര്‍ഷം എന്ന് ഞാന്‍ പറയട്ടെ. അല്ലെങ്കില്‍, നിങ്ങള്‍ ഓരോരുത്തരും അത് സ്വീകരിക്കുന്ന കാലത്ത് എന്നും പറയാം. സിലബസില്‍ ഉടനെ ഇത് പ്രാബല്യത്തിലാകും. ഒരുപാട് വിമര്‍ശനങ്ങള്‍, ഒരുപാട് കടമ്പകള്‍ മറികടക്കാനുണ്ട്. റിപ്പോര്‍ട്ടുകള്‍ തയാറാക്കി നല്കികഴിഞ്ഞു. കൊറോണ കാലം ഒരു വിഘാതമായെങ്കിലും ഇനിയും വൈകില്ലെന്ന പ്രതീക്ഷയിലാണ് ഞങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: