തിരുവനന്തപുരം: ലഹരി കടത്ത് കേസില്‍ അറസ്റ്റിലായ വിദേശ പൗരനെ തൊണ്ടിമുതലില്‍ കൃത്രിമം കാണിച്ച് മന്ത്രി ആന്റണി രാജു രക്ഷിക്കാന്‍ ശ്രമിച്ചുവെന്ന് വ്യക്തമായ സാഹചര്യത്തില്‍ അദ്ദേഹം രാജിവെക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്. വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള കേസില്‍ ഇപ്പോഴും വിചാരണ വൈകിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത് മന്ത്രിയെ രക്ഷിക്കാന്‍ വേണ്ടിയാണ്. വിചാരണ വേഗത്തിലാക്കാന്‍ പ്രോസിക്യൂഷന് ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേസ് കോടതി പരിഗണിച്ചാല്‍ മന്ത്രി ജയിലിലാകുമെന്ന് അറിയുന്നത് കൊണ്ടാണ് സര്‍ക്കാര്‍ ഇടപെടുന്നത്.
കോടതിയുടെ കസ്റ്റഡിയിലുണ്ടായിരുന്ന പ്രതിയുടെ അടിവസ്ത്രം അന്യായമായി കൈക്കലാക്കി അത് വെട്ടിചെറുതാക്കി പ്രതിയെ രക്ഷപ്പെടുത്താന്‍ സഹായിച്ചയാള്‍ മന്ത്രിസഭയില്‍ ഇരിക്കുന്നത് സംസ്ഥാനത്തിന് നാണക്കേടാണ്. ഗുഢാലോചന നടത്തി രേഖകളില്‍ കൃത്രിമം കാണിച്ച മന്ത്രി ജുഡീഷ്യറിയെ വഞ്ചിക്കുകയാണ് ചെയ്തത്.
16 വര്‍ഷങ്ങളായി കോടതി സമന്‍സുകള്‍ തുടര്‍ച്ചയായി അയച്ചിട്ടും മന്ത്രി ഇതുവരെ കോടതിയില്‍ ഹാജരായില്ലെന്നത് ഞെട്ടിക്കുന്നതാണ്. രാജ്യത്തെ നീതിന്യായ വ്യവസ്ഥയെ തെല്ലും ബഹുമാനിക്കാത്തയാളാണ് പിണറായി മന്ത്രിസഭയിലുള്ളതെന്നും സുരേന്ദ്രന് പറഞ്ഞു.
തൊണ്ടി വസ്തുവായ അടിവസ്ത്രം കൈക്കലാക്കാന്‍ സ്വന്തം കൈപ്പടയില്‍ എഴുതി ഒപ്പിട്ട രേഖയാണ് ആന്റണി രാജുവിനെതിരായ ഏറ്റവും വലിയ തെളിവ്. കോടതിയെ ചതിച്ച മന്ത്രി ഉടന്‍ രാജിവെച്ച് നിയമനടപടി നേരിടണമെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: