പാനൂര്‍: പാനൂരിന്റെ കിഴക്കന്‍ മേഖലയോട് സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്ന അവഗണനക്കെതിരെ ശക്തമായ പ്രതിഷേധം പ്രദേശത്ത് ഉയരുന്നു. മണ്ഡലം എംഎല്‍എയുടെ ഭാഗത്തുനിന്ന് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ നടപടികള്‍ ഒന്നുമുണ്ടാകുന്നില്ലെന്ന് നാട്ടുകാര്‍ ചൂണ്ടണ്ടിക്കാട്ടുന്നു. എംഎല്‍എ എന്ന നിലയില്‍ തികഞ്ഞ പരാജയമാണ് കെ.പി. മോഹനന് എന്ന ആരോപണം ശക്തമാണ്. കല്ലിക്കണ്ടിപാലം പൊളിച്ചിട്ട് മാസങ്ങളായിട്ടും പുതിയപാലം നിര്മ്മാണമെങ്ങുമെത്തിയില്ല.
പാലത്തിന്റെ ഡിസൈന്‍ ഇനിയും തയ്യാറായിട്ടില്ലെന്ന് അറിയുന്നു. കാലവര്‍ഷം ആരംഭിച്ചപ്പോള്‍ കരാറുകാരന് പണി നിര്‍ത്തിവച്ചിരിക്കുകയാണ്. പുഴയിലൂടെ നിര്‍മ്മിച്ച താല്‍ക്കാലിക റോഡ് കാലവര്‍ഷം ശക്തിപ്പെട്ടപ്പോള്‍ തകര്‍ന്നു. ഇരുഭാഗത്തെയും ബന്ധിപ്പിക്കാന്‍ നടപ്പാത വേണമെന്ന ആവശ്യം ഇനിയും നടപ്പിലായിട്ടില്ല. വാഹനങ്ങള്‍ കല്ലിക്കണ്ടി നിന്ന് തൂവക്കുന്ന്, കുന്നോത്ത്പറമ്പ് വഴിയാണ് പാറാട് ഭാഗത്തേക്ക് പോകുന്നത്. ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ ഏറെ കഷ്ടപ്പെടുന്നു.
കല്ലിക്കണ്ടി-കടവത്തൂര്‍ റോഡ് യാത്രായോഗ്യമല്ലാതായിട്ട് വര്‍ഷങ്ങളായി. റോഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ വേണ്ട യാതൊരു നടപടികളും ഉണ്ടായിട്ടില്ല. തൂവക്കുന്ന്-സെന്‍ട്രല്‍ പൊയിലൂര്‍ റോഡ് നിര്‍മ്മാണവും നിലച്ചിട്ടാണ് ഉള്ളത്. കാലവര്‍ഷത്തിന് മുമ്പ് റോഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ എംഎല്‍എ എന്ന നിലയില്‍ യാതൊരുവിധ പ്രവര്‍ത്തനങ്ങളും എംഎല്‍എയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
ഭൂവിസ്തൃതി കൂടിയ തൃപ്പങ്ങോട്ടൂര്‍ വില്ലേജ് വിഭജിച്ച് പൊയിലൂര്‍ ആസ്ഥാനമായി പുതിയ വില്ലേജ് രൂപീകരിക്കണമെന്ന ആവശ്യം ഇനിയും നടപ്പിലായിട്ടില്ല. പൊയിലൂര്‍, വിളക്കോട്ടൂര്‍ ദേശങ്ങള്‍ ചേര്‍ത്ത് സെന്‍ട്രല്‍ പൊയിലൂര്‍ ആസ്ഥാനമായി പുതിയ വില്ലേജ് ആവശ്യമാണ്. തൃപ്പങ്ങോട്ടൂര്‍ ഗ്രാമപഞ്ചായത്ത് വിഭജിച്ച് പുതിയ പൊയിലൂര്‍ പഞ്ചായത്ത് രൂപീകരിക്കേണ്ടത് പ്രദേശത്തിന്റെ വികസനത്തിന് അത്യാവശ്യമാണ്. ചെറുവാഞ്ചേരി, ചെണ്ടയാട് കേന്ദ്രങ്ങള്‍ ആസ്ഥാനമായി പുതിയ ഗ്രാമപഞ്ചായത്ത് രൂപീകരിക്കേണ്ടത് പ്രദേശത്തിന്റെ വികസനത്തിന് ആവശ്യമാണ്.
പൊയിലൂര്‍ മേഖലയില്‍ ഒരു സര്‍ക്കാര്‍ ഹൈസ്കൂള്‍ വേണമെന്നത് നാട്ടുകാരുടെ ചിരകാല അഭിലാഷമാണ്. ചെറുപറമ്പ് നിന്ന് വാഴമലയിലേക്ക് ബസ് റൂട്ട് അനുവദിക്കപ്പെടേണ്ടതാണ്. വാഴമല ഒരു ടൂറിസ്റ്റ് കേന്ദ്രമായി വികസിപ്പിക്കാനുള്ള യാതൊരു നടപടികളും ഉണ്ടായിട്ടില്ല. പ്രദേശത്തെ ജനങ്ങള്‍ മെച്ചപ്പെട്ട ചികിത്സാ സൗകര്യത്തിനായി തലശ്ശേരിയെയാണ് ആശ്രയിക്കുന്നത്. പ്രദേശത്ത് എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ഒരു സര്‍ക്കാര്‍ ആശുപത്രി ആവശ്യമാണ്. പ്രദേശത്ത് ഒരു സര്‍ക്കാര്‍ പ്രൊഫഷണല്‍ വിദ്യാലയം അനുവദിക്കപ്പെടണം എന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.
പി.പി. രാമചന്ദ്രന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: