ന്യൂദല്‍ഹി: കഴിഞ്ഞ 48 മണിക്കൂറുകള്‍ക്കകം നാല് അന്താരാഷ്ട്ര വിമാനങ്ങള്‍ ഇന്ത്യയിലെ മൂന്ന് വിമാനത്താവളങ്ങളിലും മസ്കറ്റിലും ഉള്‍പ്പെടെ വിവിധ സാങ്കേതികത്തകരാറുകളെ തുടര്‍ന്ന് ഫുള്‍ എമര്‍ജന്‍സിയില്‍ അടിയന്തരമായി ഇറക്കേണ്ടി വന്നതില്‍ ആശങ്ക.
ഏറ്റവുമൊടുവില്‍ കോഴിക്കോട് നിന്നും ദുബായിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം മസ്കറ്റില്‍ ഫുള്‍ എമര്‍ജന്‍സിയില്‍ ഇറക്കേണ്ടിവന്നു. ഫ്ളൈറ്റിന്റെ മുന്‍ ഭാഗത്ത് നിന്നും കത്തിക്കരിയുന്ന മണം ഉയര്‍ന്നതിനെ തുടര്‍ന്നായിരുന്നു മസ്കറ്റില്‍ അടിയന്തരമായി വിമാനം ഇറക്കിയത്. എന്നാല്‍ വിശദമായ പരിശോധനയില്‍ കാര്യമായി ഒന്നും കണ്ടെത്താനായില്ല.
നേരത്തെ കോഴിക്കോട്, ചെന്നൈ, കൊല്‍ക്കൊത്ത എയര്‍പോര്‍ട്ടുകളില്‍ വെള്ളിയാഴ്ച, ശനിയാഴ്ച ദിവസങ്ങളിലായി മൂന്ന് അന്താരാഷ്ട്ര വിമാനങ്ങള്‍ സാങ്കേതികത്തകരാറിനെത്തുടര്‍ന്ന് ഇറക്കേണ്ടി വന്നിരുന്നു. .
ഇതേക്കൂറിച്ച് ഡയറക്ടറേറ്റ് ജനറല്‍ സിവില്‍ എവിയേഷന്‍ (ഡിജിസിഎ) ഉദ്യോഗസ്ഥര്‍ക്ക് ആശങ്കയുണ്ട്. ഈ സംഭവങ്ങളെക്കുറിച്ച് വിശദമായ അന്വേഷണത്തിന് ഡിജിസിഎ ഉത്തരവിട്ടു. സാങ്കേതികത്തകരാര്‍ തന്നെയാണോ അതോ എന്തെങ്കിലും അട്ടിമറി ശ്രമമാണോ എന്നാണ് ആശങ്ക.വിമാനക്കമ്പനികള്‍ ചെലവ് ചുരുക്കാന്‍ യാത്രക്കാരുടെ സുരക്ഷയില്‍ വെള്ളം ചേര്‍ക്കുകയാണോ എന്ന ആശങ്കയും ഉയരുന്നു. ” ശനിയാഴ്ച രണ്ട് വിദേശവിമാനങ്ങളാണ് സാങ്കേതികത്തകരാറിനെ തുടര്‍ന്ന് ഇറക്കേണ്ടി വന്നത്. എയര്‍ അറേബ്യ വിമാനം ഹൈഡ്രോളിക് പ്രശ്നത്തെ തുടര്‍ന്ന് കൊച്ചി വിമാനത്താവളത്തില്‍ ഇറക്കേണ്ടി വന്നു. എത്യോപ്യന്‍ എയര്‍ലൈന്‍സ് പ്രഷര്‍ പ്രശ്നം മൂലം കൊല്‍ക്കത്ത വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി. “- ഡിജിസിഎ ഉദ്യോഗസ്ഥന് പറഞ്ഞു.
ഷാര്‍ജയില്‍ നിന്നും വരുന്ന എയര്‍ അറേബ്യ ഫ്ളൈറ്റാണ് ഫുള്‍ എമര്‍ജന്‍സിയില്‍ കൊച്ചിയില്‍ ഇറക്കിയത്. യാത്രക്കാരും ക്രൂവും സുരക്ഷിതരായിരുന്നു. അഡിസ് അബാബയില്‍ നിന്നും ബാങ്കോക്കിലേക്കുള്ള എത്യോപ്യന്‍ എയര്‍ലൈന്‍സാണ് പ്രഷര്‍ പ്രശ്നത്തെതുടര്‍ന്ന് കൊല്‍ക്കൊത്തയില്‍ ഇറക്കിയത്. ഇവിടെയും യാത്രക്കാരും ക്രൂവും സുരക്ഷിതരായിരുന്നു.
ജൂലായ് 15 വെള്ളിയാഴ്ച ശ്രീലങ്കന്‍ എയര്‍ലൈന്‍സ് ഫ്ലൈറ്റാണ് ചെന്നൈ എയര്‍പോര്‍ട്ടില്‍ അടിയന്തരമായി ഇറക്കേണ്ടിവന്നത്. ഹൈഡ്രോളിക് പ്രശ്നമായിരുന്നു കാരണം. ഫുള്‍ എമര്‍ജന്‍സിയോട് കൂടിയാണ് ഇറക്കിയത്. ഇവിടെയും യാത്രക്കാരും ക്രൂവും സുരക്ഷിതരാണ്.
നേരത്തെ ഷാര്‍ജയില്‍ നിന്നും ഹൈദരാബാദിലേക്കുള്ള ഇന്‍ഡിഗോ വിമാനം പാകിസ്ഥാനിലെ കറാച്ചിയില്‍ ഇറക്കേണ്ടി വന്നു. സാങ്കേതികത്തകരാറായിരുന്നു.ഇവിടെയും യാത്രക്കാര്‍ സുരക്ഷിതരായിരുന്നു.
പക്ഷെ അടിക്കടിയുള്ള ഈ സാങ്കേതികത്തകരാറിന് പിന്നില്‍ ഗൂഢാലോചനയുണ്ടോ അതോ വരാനിരിക്കുന്ന വലിയൊരു അട്ടിമറിയുടെ ഡ്രസ് റിഹേഴ്സലാണോ എന്നെല്ലാം ആശങ്കകള്‍ ഉയരുന്ന സാഹചര്യത്തിലാണ് വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: