ബസന്തിയുടെ തുടക്കം ഒരു പത്രവാര്‍ത്തയില്‍ നിന്നായിരുന്നു. പത്ത് വര്‍ഷം മുന്‍പ് അമര്‍ ഉജാലയില്‍ വന്ന ഒരു വാര്‍ത്ത വനനശീകരണം ഇതേ രീതിയില്‍ തുടര്‍ന്നാല്‍ കോസി നദി പത്ത് വര്‍ഷത്തിനകം പൂര്‍ണമായും വറ്റി വരളും എന്നായിരുന്നു പത്രം പറഞ്ഞത്. അതായത് ഏതാണ്ട് നൂറോളം ഗ്രാമങ്ങളുടെയും അല്‍മോറ നഗരത്തിന്റെയും കുടിവെള്ളം മുട്ടുമെന്നു സാരം. കാരണം കടുത്ത വനനശീകരണം. ഗ്രാമത്തിന്റെ മകളായ ബസന്തി ഇത് കണ്ട് ഞെട്ടി. വറ്റിക്കൊണ്ടിരിക്കുന്ന പ്രിയ നദിക്ക് പുനര്‍ജനി നല്‍കാന്‍ അവര്‍ തുനിഞ്ഞിറങ്ങി.
എളുപ്പമായിരുന്നില്ല ആ ശ്രമം. 50 ല്‍ പരം പഞ്ചായത്തുകളിലായി പരന്നുകിടക്കുന്ന നിരവധി ഗ്രാമങ്ങളിലെ പാവങ്ങള്‍ക്ക് വിറകും കാലത്തീറ്റയുമായിരുന്നു ആ വനങ്ങള്‍. നിരക്ഷരതയും അന്ധവിശ്വാസവും കൂടപ്പിറപ്പായ ഗ്രാമീണരെ ബോധവത്കരിക്കുക അതീവ ദുഷ്‌കരമായിരുന്നു. പക്ഷേ അതൊന്നും ബസന്തിയെ തടഞ്ഞില്ല. കാരണം അവര്‍ ജയിക്കാനായി ജനിച്ചവളായിരുന്നു.
കേവലം 12-ാം വയസ്സില്‍ വിവാഹം. തൊട്ടടുത്തവര്‍ഷം ഭര്‍ത്താവിന്റെ മരണം. ഒടുവില്‍ അല്‍മോറയിലെ ഗാന്ധിയന്‍ കേന്ദ്രമായ ലക്ഷ്മി ആശ്രമത്തില്‍ അഭയം. ഇതാണ് ബസന്തിയുടെ ചരിത്രം. കേവലം നാലാം ക്ലാസ് വരെ മാത്രം പഠിച്ച അവര്‍ ആശ്രമത്തില്‍നിന്ന് 12 വരെ പഠിച്ചു. നെയ്‌ത്തും തുന്നലും അഭ്യസിച്ചു. ആശ്രമത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ബാലവാടികളുടെ തുടക്കക്കാരിയായി. നിരക്ഷരത തളംകെട്ടി നില്‍ക്കുന്ന ഗ്രാമങ്ങളിലെ ബാലവിദ്യാലയങ്ങളിലേക്ക് അവര്‍ നിരവധി കുട്ടികളെ കൈപിടിച്ചുകൊണ്ടുവന്നു. അക്ഷര സന്ദേശവുമായി കുടിലുകളിലേക്ക് കടന്നുചെന്നു. ആശ്രമത്തെ സംസ്ഥാന സര്‍ക്കാരും ജില്ലാ ഭരണകൂടവും പ്രോത്സാഹിപ്പിച്ചു. അങ്ങനെയിരിക്കെയാണ് കോസി നദി വറ്റിവരളുന്ന വാര്‍ത്ത ബസന്തി ബഹന്റെ ശ്രദ്ധയില്‍ പെടുന്നത്.
വൃഷ്ടി പ്രദേശങ്ങളിലെ മരങ്ങള്‍ കടപുഴകിയതോടെ കോസി ഒഴുകാന്‍ മടിച്ചു. കുശാനിയില്‍ ജനിച്ച് 160 കിലോമീറ്റര്‍ ഒഴുകി യുപിയിലെ മൊറാദബാദില്‍ വച്ച് രാംഗംഗയില്‍ ചേരുന്ന നദിയാണ് അല്‍മോറ നഗരത്തിന്റെ ഈ ജീവനദി. നഗരത്തില്‍ വെള്ളംമുട്ടിയതോടെ ഗ്രാമീണര്‍ നദിയില്‍നിന്നും കൃഷി ആവശ്യത്തിനു വെള്ളമെടുക്കുന്നത് സര്‍ക്കാര്‍ നിരോധിച്ചു. കര്‍ഷകരെ തടയാന്‍ പുഴയോരത്ത് പോലീസിനെ വിന്യസിച്ചു. അതോടെ ഗ്രാമീണര്‍ രോഷാകുലരായി. ഇതായിരുന്നു ബാസന്തി ബഹന്‍ കാത്തിരുന്ന സമയം. അവര്‍ പരിസ്ഥിതി സംരക്ഷണത്തിന്റെ സന്ദേശവുമായി ഗ്രാമങ്ങളിലേക്കിറങ്ങി. പുഴയും കാടും കുടിവെള്ളവും തമ്മിലുള്ള ബന്ധം ഗ്രാമീണരെ മനസ്സിലാക്കാന്‍ ശ്രമിച്ചു. ജല്‍, ജംഗിള്‍, സമീന്‍(ജലം, കാട്, ഭൂമി) എന്ന മുദ്രാവാക്യം അവരുടെ മനസ്സിലേക്ക് സന്നിവേശിപ്പിച്ചു. കാട്ടു തീയും മരംവെട്ടും തടഞ്ഞില്ലെങ്കില്‍ ഈ നദി ഒരു ഓര്‍മ്മച്ചിത്രമായി മാറുമെന്ന് പേര്‍ത്തും പേര്‍ത്തും ഉപദേശിച്ചു. കോസിയുടെ വൃഷ്ടിപ്രദേശമായ 51 പഞ്ചായത്തുകളില്‍ സ്ഥിതിചെയ്യുന്ന 60 ഗ്രാമങ്ങളിലെ വനിതകളെയാണ് അങ്ങനെ അവര്‍ ബോധവല്‍ക്കരിച്ചത്. കാട്ടിലെ പച്ച മരങ്ങള്‍ ഒരു കാരണവശാലും വെട്ടിയെടുക്കില്ലെന്നും കാട്ടുതീ തടയാന്‍ തക്കവിധത്തിലുള്ള ഉണക്കമരങ്ങള്‍ മാത്രമേ വിറകിനായി എടുക്കുകയുള്ളൂവെന്നും മരങ്ങളുടെ ഇലച്ചിലുകള്‍ അനാവശ്യമായി നശിപ്പിക്കില്ലെന്നും ബസന്തി ബഹനുമുന്നില്‍ അവര്‍ പ്രതിജ്ഞയെടുത്തു. എതിര്‍ത്തുനിന്ന പുരുഷന്മാരെക്കൂടി അവര്‍ തങ്ങളുടെ വഴിക്കു കൊണ്ടുവന്നു.
കാടിനുകാവല്‍ നില്‍ക്കാനും കാട്ടുകള്ളന്മാരെ നിയമത്തിനു കാട്ടിക്കൊടുക്കാനും കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രതികരിക്കാനും ബസന്തി അവരെ പഠിപ്പിച്ചു. കാട്ടുതീ കണ്ടാല്‍ അതിനെ ഉടന്‍ കെടുത്തുകയെന്നത്, അവരുടെ ജോലിയായി സ്ത്രീകള്‍ കരുതാന്‍ തുടങ്ങി. കാട് സര്‍ക്കാരിന്റെതല്ലെന്നും തങ്ങളുടെതാണെന്നും അവര്‍ ഉറപ്പിച്ചു. നദിയുടെ ഉത്ഭവസ്ഥാനത്തുനിന്നും അല്‍മോറയിലേക്ക് അവര്‍ നടത്തിയ പദയാത്രയില്‍ നിരവധി പുരുഷന്മാരും പങ്കെടുത്തു. ജാഥാംഗങ്ങള്‍ കോസി മാതാവിന് ആരതിയുഴിഞ്ഞ് പൂജ നടത്തി. കോസിയുടെ ഒഴുക്ക് മുടക്കില്ലെന്ന് പ്രതിജ്ഞയെടുത്തു. ആറ് ദിവസം നീണ്ടുനിന്ന ആ പദയാത്രയുടെ മുദ്രാവാക്യമിതായിരുന്നു-കോസി ബചാവോ, ജീവന്‍ ബചാവോ.
2007 മെയ് മാസം നടന്ന പദയാത്രയ്‌ക്കുശേഷം കോസിയുടെ പുനര്‍ജനിക്ക് വേഗം കൈവന്നു. നദിയില്‍ ഒരുപാട് തടയണകളും ട്രഞ്ചുകളും തീര്‍ത്തു. നദിയോരത്ത് കുളങ്ങള്‍ നിരന്നു. നദീശൃംഖലയിലെ ചെറുപുഴകളും അരുവികളും വെട്ടി വൃത്തിയാക്കി. വൃഷ്ടിപ്രദേശത്ത് ആയിരക്കണക്കിന് വൃക്ഷതൈകള്‍ നട്ടുപിടിപ്പിച്ചു. 2008 ജനുവരിയില്‍ രാംനഗറില്‍നിന്ന് ആരംഭിച്ച 170 കി.മീ. ദൈര്‍ഘ്യമുള്ള പദയാത്രയിലും വന്‍ ജനപങ്കാളിത്തമാണുണ്ടായത്. ഇതോടെ വനം വകുപ്പ് ഗ്രാമീണ വനിതകള്‍ക്ക് പൂര്‍ണ പിന്തുണയുമായി രംഗത്തുവന്നു. കാട്ടുതീ കെടുത്തുന്ന വനിതാഗ്രൂപ്പുകള്‍ക്ക് 5000 രൂപ വീതം ഇനാം പ്രഖ്യാപിച്ചു. നദിയില്‍ 2000 ല്‍ പരം ചെറു തടയണകളാണ് പണി തീര്‍ത്തത്.
ബസന്തി ബഹന്റെ ത്യാഗോജ്ജ്വലമായ പ്രവര്‍ത്തനങ്ങളുടെ ഫലം അത്ഭുതാവഹമായിരുന്നു. പത്തുവര്‍ഷംകൊണ്ട് വരണ്ടുണങ്ങുമെന്ന് പ്രവചിച്ച കോസി പച്ചയണിഞ്ഞ കാനനത്തിലൂടെ പതഞ്ഞൊഴുകുകയാണ്. കിണറുകളും കുളങ്ങളുമെല്ലാം റീചാര്‍ജ് ചെയ്യപ്പെട്ടിരിക്കുന്നു. ഭൂഗര്‍ഭജലം എവിടെയും ആവശ്യത്തിന്. ചെറുപുഴകളിലെല്ലാം നിറയെ വെള്ളം. കൃഷിക്കാര്‍ക്ക് ആവശ്യത്തിന് വെള്ളം ലഭിക്കുന്നു. പ്രതിവര്‍ഷം 74 ദശലക്ഷം ലിറ്റര്‍ വെള്ളം കൃഷി ആവശ്യത്തിന് ലഭിക്കുന്നുവെന്നാണ് കണക്ക്. അതിനൊപ്പം 2960 ഹെക്ടര്‍ ഭൂമിയില്‍ അധികമായി കൃഷി തുടങ്ങി. കോസിക്ക് പുനര്‍ജനി നല്‍കിയ ബസന്തി ബഹനെ സര്‍ക്കാരും മറന്നില്ല. അന്നത്തെ രാഷ്‌ട്രപതി പ്രണാബ്കുമാര്‍ മുഖര്‍ജി ‘നാരി ശക്തി’ പുരസ്‌കാരം നല്‍കിയാണ് നാട്ടുകാരുടെ ബഹനെ ആദരിച്ചത്. ലോകത്തിനു മുന്നില്‍ ഭാരതത്തിന്റെ യശസ് ഉയര്‍ത്തിയ വനിതകളോടുള്ള ആദര സൂചകമായി വാര്‍ത്താ വിനിമയ പ്രക്ഷേപണ വകുപ്പ് നെറ്റ് ഫ്‌ളിക്‌സിലൂടെ പുറത്തിറക്കിയ ഹ്രസ്വചിത്രവും ബസന്തി ബഹനെ ലോകത്തിന് പരിചയപ്പെടുത്തി. ‘ആസദി കീ അമൃത് കഹാനിയാം’ എന്ന പരമ്പരയില്‍ ഏഴ് മാറ്റത്തിന്റെ ശില്‍പി(സെവണ്‍ ചേഞ്ച് മേക്കേഴ്‌സ്)കളില്‍ ഒരാളായി. ആ പരമ്പര ബസന്തി ബഹനെ ലോകത്തിന് പരിചയപ്പെടുത്തി. പുഴയുടെ അമ്മയായ ബാസന്തി ബഹന്റെ കാര്യം പറഞ്ഞു തീരും മുന്‍പ് മരങ്ങളുടെ അമ്മയെന്ന് അറിയപ്പെടുന്ന സാലു മരദ തിമ്മക്കയും ഓര്‍മ്മയിലെത്തെന്നു. കര്‍ണാടകയിലെ ഹുലിക്കല്‍-കുഡൂര്‍ ഹൈവേയില്‍ നാലര കിലോമീറ്റര്‍ ദൂരം ആല്‍മരങ്ങളുടെ കോട്ടതീര്‍ത്ത തിമ്മക്ക. ലോകത്തെ ഏറ്റവുമധികം സ്വാധീനിച്ച 100 വനിതകളിലൊരാളായി ബിബിസി തെരഞ്ഞെടുത്ത തിമ്മക്ക. ഭര്‍ത്താവ് ബിക്കാല ചിക്കയുമൊത്ത് വേനലില്‍ വെള്ളം കോരി വേലി കെട്ടി രക്ഷിച്ച പതിനായിരക്കണക്കിന് വൃക്ഷങ്ങളെ പോറ്റിയ അമ്മ. തിമ്മക്കയെ പരിസ്ഥിതി അംബാസിഡറായി നിയമിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നു. പത്മശ്രീ തിമ്മക്കയുടെ 111-ാം ജന്മദിനത്തില്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെതാണീ പ്രഖ്യാപനം. മന്ത്രിമാര്‍ക്ക് തുല്യമായ പദവിയാവുമത്രേ ഇത്. തിമ്മക്കയെക്കുറിച്ച് വെബ് സീരീസും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: