ന്യൂദല്‍ഹി: കാളിദേവിയെക്കുറിച്ച് വിവാദ പരാമര്‍ശങ്ങള്‍ നടത്തിയ തൃണമൂല്‍ എംപി മഹുവ മൊയ്ത്രയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കൊല്‍ക്കൊത്തയിലെ ബൗബസാര്‍ പൊലീസ് സ്റ്റേഷനിലേക്ക് മഹിളാമോര്‍ച്ചാ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. ഹിന്ദു സമുദായത്തിന്റെ വികാരങ്ങള്‍ വ്രണപ്പെടുത്തിയ മഹുവ മൊയ്ത്രയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യത്തില്‍ ബിജെപിയും ഉറച്ചുനില്‍ക്കുകയാണ്.
മഹുവ മൊയ്ത്രയുടെ പ്രസ്താവനയില്‍ മമത ബാനര്‍ജി മാപ്പ് പറയണമെന്നും മതവികാരം വ്രണപ്പെടുത്തിയ പരാമര്‍ശം നടത്തിയ മഹുവ മൊയ്ത്രയെ അറസ്റ്റ് ചെയ്യണമെന്നും ബംഗാള്‍ പ്രതിപക്ഷനേതാവും ബിജെപി നേതാവുമായ സുവേന്ദു അധികാരി ആവശ്യപ്പെട്ടിട്ടുണ്ട്.
ബംഗാളില്‍ മഹുവ മൊയ്ത്രയുടെ കൃഷ്ണനഗര്‍ ലോക്സഭാ മണ്ഡലത്തില്‍ ഉള്‍പ്പെട്ട ഒരു പൊലീസ് സ്റ്റേഷനില്‍ കേസെടുത്തിട്ടുണ്ട്. “സിഗരറ്റ് വലിക്കുന്ന രീതിയില്‍ കാളിയെ ചിത്രീകരിച്ചതിനെ പിന്തുണച്ച എംപിയ്‌ക്കെതിരെ നടപടിയെടുക്കണമെന്ന ശക്തമായ നിലപാടിലാണ് ബിജെപി. ” ഹിന്ദു ദൈവങ്ങളെ അപമാനിക്കുന്നത് സഹിക്കുന്ന അവസാനത്തെ സംഭവമായിരിക്കും ഇത്. ഞങ്ങളുടെ ദൈവങ്ങള്‍ക്കെതിരെ സംസാരിക്കാന്‍ ഇനി ആരെയും അനുവദിക്കില്ല. മാപ്പ് പറയുന്നതുവരെ ഞങ്ങള്‍ പ്രതിഷേധം തുടരും”- ആശങ്കയ്‌ക്കിടയില്ലാത്ത വിധം സുവേന്ദു അധികാരി അഭിപ്രായപ്പെട്ടു.
ഇതിന് പുറമെ മതിവികാരങ്ങള്‍ വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 295എ വകുപ്പ് പ്രകാരം മഹിളാ മോര്‍ച്ച 50ഓളം പരാതികള്‍ നല്‍കി. ഇതിന് പുറമെ മധ്യപ്രദേശിലെ ഭോപാലില്‍ ഇതേ വകുപ്പുപയോഗിച്ച് മഹുവ മൊയ്ത്രയ്‌ക്കെതിരെ കേസെടുത്തു. അനാവശ്യമായി വിവാദങ്ങള്‍ ഉണ്ടാക്കാത്ത മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ്ങ് ചൗഹാനും മഹുവ മൊയ്ത്രയുടെ പ്രസ്താവന ഹിന്ദു മതവികാരം വ്രണപ്പെടുത്തിയെന്ന് അഭിപ്രായപ്പെട്ടിരുന്നു.
കാളി മദ്യം കുടിക്കുന്ന, ഇറച്ചി കഴിക്കുന്ന ദേവതയാണെന്ന വിവാദ പരാമര്‍ശമായിരുന്നു മഹുവ മൊയ്ത്ര പറഞ്ഞത്. ഇന്ത്യാടുഡെ നടത്തിയ പ്രത്യേക സമ്മേളനത്തിലായിരുന്നു മഹുവ മൊയ്ത്രയുടെ ഈ വിവാദ പരാമര്‍ശം. എന്നാല്‍ ഇത് മഹുവ മൊയ്ത്രയുടെ വ്യക്തിഗതമായ അഭിപ്രായമാണെന്നും പാര്‍ട്ടിയുടേതല്ലെന്നും തൃണമൂല്‍ കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു. ബിജെപിയുടെ വിമര്‍ശനങ്ങള്‍ക്ക് പുല്ലുവിലയാണ് മഹുവ മൊയ്ത്ര കല്‍പിച്ചത്. “ഞാന്‍ ഒരു കാളി ഭക്തയാണ്. എനിക്ക് ഒന്നിനേയും ഭയമില്ല. നിങ്ങളുടെ അജ്ഞതകളേയും ഗുണ്ടകളേയും പൊലീസിനേയും എനിക്ക് ഭയമില്ല. നിങ്ങളുടെ ട്രോളുകളേയും. സത്യത്തിന് മറ്റ് ശക്തികളുടെ പിന്തുണ ആവശ്യമില്ല.”- ഇതായിരുന്നു മഹുവ മൊയ്ത്രയുടെ മറുപടി.
“മഹുവ മൊയ്ത്രയുടെ കാളിയെക്കുറിച്ചുള്ള പ്രസ്താവനകള്‍ക്ക് പാര്‍ട്ടിയുമായി ഒരു ബന്ധവുമില്ല. ഇത്തരം പ്രസ്താവനകളെ തൃണമൂല്‍ കോണ്‍ഗ്രസ് അധിക്ഷേപിക്കുന്നു”- തൃണമൂല്‍ കോണ്‍ഗ്രസ് അവരുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ പങ്കുവെച്ച അഭിപ്രായമാണിത്. മഹുവ മൊയ്ത്രയ്‌ക്കെതിരെ കാരണം കാണിക്കല്‍ നോട്ടീസ് അയയ്‌ക്കാന്‍ ആലോചിച്ചുകൊണ്ടിരിക്കുകയാണ്. ഇത്തവണ മൊയ്ത്രയെ തളയ്‌ക്കാന്‍ തന്നെയാണ് മമതയുടെയും തീരുമാനമെന്നറിയുന്നു.
ജനങ്ങളുടെ വികാരങ്ങള്‍ വെച്ച് കളിക്കുമ്പോള്‍ നേതാക്കള്‍ ശ്രദ്ധിക്കണമെന്ന് കോണ്‍ഗ്രസ് എംപി അഭിഷേക് സിംഗ് വി അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: