ചെന്നൈ: തമിഴ്നാട്ടില്‍ ബിജെപി വന്‍മുന്നേറ്റം നടത്തുകയാണെന്നും 2024ലെ പൊതുതെരഞ്ഞെടുപ്പില്‍ ബിജെപി 25 എംപിമാരെ പാര്‍ലമെന്റിലേക്ക് അയയ്ക്കുമെന്നും ബിജെപി തമിഴ്നാട് അധ്യക്ഷന്‍ അണ്ണാമലൈ.
“പ്രധാനമന്ത്രി നരേന്ദ്രമോദി തമിഴ്നാട്ടില്‍ വന്നപ്പോള്‍ ചരിത്രപരമായ സ്വീകരണമാണ് അദ്ദേഹത്തിന് ലഭിച്ചത്. സാധാരണ ജനങ്ങളാണ് റോഡില്‍ തിക്കിത്തിരക്കി പ്രധാനമന്ത്രിയെ വരവേറ്റത്. ഇത് തമിഴ്നാട് ബിജെപിയെ സ്വീകരിച്ചതിന് തെളിവാണ്. തമിഴ്നാട്ടില്‍ താഴെത്തട്ടില്‍ വലിയ മാറ്റമാണ് നടക്കുന്നത്. എന്തായാലും ബിജെപിയോടും പ്രധാനമന്ത്രിയോടുമുള്ള ജനങ്ങളുടെ താല്പര്യം 2024ലെ തെരഞ്ഞെടുപ്പില്‍ തെളിയിക്കപ്പെടും. വലിയ അളവില്‍ ലോക്സഭയിലേക്ക് ബിജെപി അംഗങ്ങളെ അയയ്ക്കും.”- അണ്ണാമലൈ പറഞ്ഞു.
ബിജെപി തമിഴ്നാട്ടില്‍ മുഖ്യപ്രതിപക്ഷമായി മാറിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ടാണ് ബിജെപിയ്ക്കെതിരെ വലിയ ആക്രമണം ദൈനംദിനമെന്ന തോതില്‍ നടക്കുന്നത്. തമിഴ്നാട് ബിജെപിയെ സ്വീകരിക്കാന്‍ തയ്യാറാണെന്നും ഇപ്പോള്‍ തന്നെ തമിഴ്നാട് നിയമസഭയില്‍ നാല് എംഎല്‍എമാരുണ്ടെന്നും അണ്ണാമലൈ പറഞ്ഞു. ഇളയരാജയെയും പിടി ഉഷയെയും വീരേന്ദ്ര ഹെഗ്ഡെയെയും കെ.വി. വിജയേന്ദ്രപ്രസാദിനെയും എല്ലാം രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തത് അവര്‍ റോള്‍ മോഡലുകള്‍ ആയതിനാലാണെന്നും ഇതില്‍ രാഷ്ട്രീയമില്ലെന്നും അണ്ണാമലൈ പറഞ്ഞു. എല്ലാവരും അവരവരുടെ മേഖലകളില്‍ കഴിവ് തെളിയിച്ചവരാണെന്നും അണ്ണാമലൈ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: