ലഖ്നൗ: യുപിയില്‍ കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്ത മാളില്‍ നമാസ് നടത്തിയതിന് ലുലു മാള്‍ അധികൃതര്‍ മാപ്പ് അറിയിച്ചതോടെ ലുലുമാളില്‍ സുന്ദരകാണ്ഡം പാരായണം വേണ്ടെന്ന് വെച്ച് അഖില്‍ ഭാരതീയ ഹിന്ദു മഹാസഭ.
പുതിയ സാഹചര്യത്തില്‍ മാളിനകത്ത് സുന്ദരകാണ്ഡം പാരായണം നടത്തില്ലെന്ന് അഖില്‍ ഭാരതീയ ഹിന്ദു മഹാസഭ പ്രഖ്യാപിച്ചു. മുസ്ലീം വിശ്വാസികള്‍ നിസ്കരിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തു വന്നത് വിവാദമായിരുന്നു. ഇതേ തുടര്‍ന്ന് ഹിന്ദു സംഘടനകളുടെ നേതൃത്വത്തില്‍ ബോയ് കോട്ട് ലുലുമാള്‍ (ലുലുമാള്‍ ബഹിഷ്കരിക്കുക) എന്നഹാഷ്ടാഗില് വലിയ പ്രതിഷേധം സമൂഹമാധ്യമങ്ങളില്‍ നടന്നു. ഇതിന് പിന്നാലെയാണ് ലുലു മാളില്‍ മതപരമായ ഒരു ചടങ്ങുകളും പ്രാര്‍ഥനകളും അനുവദിക്കില്ലെന്ന് ലുലു ഗ്രൂപ്പ് ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയത്. ലുലു ഗ്രൂപ്പ് എല്ലാ മതങ്ങളേയും ബഹുമാനിക്കുന്നുവെന്നും ഒരു പ്രത്യേക വിഭാഗത്തിനും മാളില്‍ ചടങ്ങുകളും പ്രാര്‍ഥനകളും നടത്താന്‍ അനുവദിക്കില്ലെന്ന് മാള്‍ അധികൃതര്‍ വ്യക്തമാക്കിയിരുന്നു. .
നമാസ് നടത്തിയവര്‍ക്കെതിരെ കേസെടുക്കാനും നമാസ് വിവാദത്തില്‍ മാപ്പു പറയാനും ലുലുമാള്‍ അധികൃതര്‍ തീരുമാനിച്ച സാഹചര്യത്തിലാണ് സുന്ദരകാണ്ഡം പാരായണം റദ്ദാക്കിയതെന്ന് അഖില്‍ ഭാരതീയ ഹിന്ദു മഹാസഭ വക്താവ് ശിശിര്‍ ചതുര്‍വേദി പറഞ്ഞു. നമാസ് വിവാദം പുറത്തുവന്നതോടെയാണ് ജൂലായ് 15 വെള്ളിയാഴ്ച വൈകീട്ട് ആറ് മണിക്ക് മാളില്‍ സുന്ദരകാണ്ഡം പാരായണം ചെയ്യാന്‍ തീരുമാനിച്ചതെന്നും ശിശിര്‍ ചതുര്‍വേദി പറഞ്ഞു. ഇക്കാര്യത്തില്‍ അയോധ്യയിലെ വിവിധ സന്യാസിമാരുടെ പിന്തുണയും ഹിന്ദു മഹാസഭയ്ക്ക് ലഭിച്ചിരുന്നു. നമാസ് നടത്തിയ അതേ സ്ഥലത്ത് തന്നെ സുന്ദരകാണ്ഡം പാരായണം ചെയ്യാന്‍ നൂറുകണക്കിന് പ്രവര്‍ത്തകരാണ് സന്നദ്ധരായി മുന്നോട്ട് വന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: