ന്യൂദല്‍ഹി: അടിസ്ഥാന സൗകര്യവികസനത്തില്‍ പുതിയ കുതിപ്പുമായി വീണ്ടും ഉത്തര്‍പ്രദേശ്. ബുന്ദേല്‍ഖണ്ഡ് എക്‌സ്പ്രസ് ഹൈവേയാണിത്. പുതിയ നാലുവരി എക്‌സ്പ്രസ് ഹൈവേ പ്രധാനമന്ത്രി നരേന്ദ്ര മോദി 16ന് രാജ്യത്തിന് സമര്‍പ്പിക്കും. രാവിലെ 11.30ന് ജലോണ്‍ ജില്ലയിലെ ഒറായി തഹസില്‍ കൈതേരി ഗ്രാമത്തിലാണ് ചടങ്ങ്.
2020 ഫെബ്രുവരി 29നാണ് പ്രധാനമന്ത്രി ഇതിന് തറക്കല്ലിട്ടത്. എക്സ്പ്രസ് ഹൈവേയുടെ നിര്‍മാണം 20 മാസം കൊണ്ടു തന്നെ പൂര്‍ത്തിയാക്കി. ഉത്തര്‍പ്രദേശ് എക്സ്പ്രസ്വേസ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് അതോറിറ്റിയുടെ കീഴില്‍ 14,850 കോടി രൂപ ചെലവിലാണ് 296 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള നാലുവരി എക്സ്പ്രസ്വേ നിര്‍മിച്ചത്. ഇത് ആറ് വരിയായി വികസിപ്പിക്കാനും കഴിയും. ചിത്രകൂട് ജില്ലയിലെ ഭരത്കൂപ്പിനടുത്തുള്ള ഗോണ്ട ഗ്രാമത്തില്‍ ദേശീയ പാത -35ല്‍ നിന്ന് തുടങ്ങി, ആഗ്ര-ലഖ്നൗ എക്സ്പ്രസ് വേയുമായി ലയിക്കുന്ന ഇറ്റാവ ജില്ലയിലെ കുദ്രൈല്‍ ഗ്രാമത്തിന് സമീപം വരെ നീളുന്നു. ചിത്രകൂട്, ബന്ദ, മഹോബ, ഹമീര്‍പൂര്‍, ജലൗന്‍, ഔറയ്യ, ഇറ്റാവ എന്നിങ്ങനെ ഏഴ് ജില്ലകളിലൂടെയാണ് പാത കടന്നുപോകുന്നത്.
ബുന്ദേല്‍ഖണ്ഡ് എക്സ്പ്രസ് വേ സാമ്പത്തിക വികസനത്തിന് ഉത്തേജനം നല്‍കും, ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. എക്സ്പ്രസ് വേയ്‌ക്ക് സമീപമുള്ള ബന്ദ, ജലോണ്‍ ജില്ലകളില്‍ വ്യാവസായിക ഇടനാഴി നിര്‍മിക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്. നാല് റെയില്‍വേ മേല്‍പ്പാലങ്ങളും 14 വലിയ പാലങ്ങളും 268 ചെറിയ പാലങ്ങളും 18 ഫ്‌ളൈ ഓവറുകളും ആറു ടോള്‍ പ്ലാസകളും 14 അടിപ്പാതകളും അടങ്ങുന്ന എക്‌സ്പ്രസ് ഹൈവേ യാത്രകളും ചരക്ക് നീക്കവും അതിവേഗത്തിലാക്കും.
മേഖലയുടെ സമഗ്ര വികസനത്തിന് ഉപകരിക്കും. വെറും ഒരു വര്‍ഷവും എട്ടു മാസവും മാത്രമാണ് 296 കിലോമീറ്റര്‍ പാത പണിയാന്‍ എടുത്തത്. ആറു മേഖലകളായി തിരിച്ച് നാലു കോണ്‍ട്രാക്ടമാര്‍ക്കാണ് കരാര്‍ നല്‍കിയത്. യുപിയില്‍ ഇപ്പോള്‍ എട്ട് എക്‌സ്പ്രസ് ഹൈവേകളാണ് ഉള്ളത്. പൂര്‍വ്വാഞ്ചല്‍, ആഗ്ര ലഖ്‌നൗ, യമുന, അലഹബാദ് ബൈപ്പാസ്, ഈസ്‌റ്റേണ്‍ പെരിഫറല്‍, ദല്‍ഹി മീററ്റ്, നോയ്ഡ ഗ്രേറ്റര്‍ നോയ്ഡ, എന്നിവയാണിവ. ഇവയില്‍ യമുന എക്‌സ്പ്രസ് ഹൈവേയില്‍ അടിയന്തര ഘട്ടത്തില്‍ വിമാനം ഇറക്കാനുള്ള സൗകര്യവും ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: