ബ്രിട്ടീഷ് പടയെ വളഞ്ഞിട്ട് ആക്രമിക്കാന്‍ വേലുത്തമ്പിയും പാലിയത്തച്ചനും തീര്‍ത്ത ആസൂത്രിത സമരരംഗത്തെ ധീരനായ പോരാളിയായിരുന്നു ചെമ്പില്‍ അനന്തപദ്മനാഭന് കങ്കുമരന് എന്ന ചെമ്പില്‍ വലിയ അരയന്. തിരുവിതാംകൂറിന്റെ നാവികസേനാ പടത്തലവന്. കേരളം ഓര്‍ക്കാന്‍ മറന്ന സ്വാതന്ത്ര്യ സമര സേനാനായകന്. കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്ത് ചെമ്പില്‍ 1741 ഏപ്രില്‍ 13ന് ജനിച്ച കുങ്കുമരന്റെ ഓര്‍മ്മകളോട് നാട് നീതി കാട്ടിയിട്ടില്ല.
വേലുത്തമ്പി ദളവയുടെ ആഹ്വാനത്തിന്റെ ആവേശത്തിലാണ് ബ്രിട്ടീഷുകാര്‍ക്കെതിരെ ആഞ്ഞടിക്കാന്‍ ചെമ്പില്‍ അരയന് തീരുമാനിച്ചത്. 1808 ഡിസംബര്‍ 29ന് ചെമ്പില്‍ അരയന്റെ നേതൃത്വത്തിലുള്ള സൈന്യം, ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ റസിഡന്റ് കോളിന് മെക്കാളെയുടെ വസതിയായിരുന്ന ബോള്‍ഗാട്ടി പാലസ് ആക്രമിച്ചു. ഓടിവള്ളങ്ങളില്‍ കായലിലൂടെ എത്തിയ സൈന്യം പുലര്‍ച്ചെ അരയന്റെ നേതൃത്വത്തില്‍ പാലസ് വളഞ്ഞ് അതിനുള്ളിലേക്ക് ഇരച്ചുകയറി. പക്ഷേ, മെക്കാളയെ പിടികൂടാനായില്ല.
വൈക്കം പദ്മനാഭപിള്ള, ആലംകോട് സര്‍വ്വാധികാരി കുഞ്ഞിക്കുട്ടി പിള്ള, കരുമാടി ഗോപാലപിള്ള, കൊച്ചുശങ്കരപ്പിള്ള, പാലിയത്ത് കോമിയച്ചന് എന്നിവര്‍ക്കൊപ്പം എത്തിയ വലിയ അരയന്റെ നേതൃത്വത്തിലുള്ള സൈന്യത്തിനെതിരെ ചെറുത്ത് നില്‍പ്പിനുപോലും തയ്യാറാകാതെ ഫോര്‍ട്ട് കൊച്ചിയിലേക്ക് മെക്കളെ കടന്നുകളഞ്ഞു. ഇതിലുള്ള രോഷം വലിയ അരയന് തീര്‍ത്തത് ഏഴ് നിലകളുള്ള വെള്ളിവിളക്ക് വെട്ടിവീഴ്ത്തിയാണ്. മെക്കാളെ തലനാരിഴക്ക് രക്ഷപ്പെട്ടതിന് പിന്നാലെ ചെമ്പില്‍ അരയനെ ബ്രിട്ടീഷ് പട്ടാളം പിടികൂടി.
അരയനെ പിഴയടപ്പിച്ചു തൂക്കുമരത്തില്‍ നിന്നും ഒഴിവാക്കിയെങ്കിലും, ബ്രിട്ടീഷ് സേന ക്രൂരമായ മര്‍ദ്ദനമുറകളാണ് അദ്ദേഹത്തിനുമേല്‍ അഴിച്ചുവിട്ടത്. നിരന്തരമായ കൊടിയ മര്‍ദ്ദനങ്ങള്‍ക്കൊടുവില്‍ ആ ധീര യോദ്ധാവ് നാട് നീങ്ങി. രക്തസാക്ഷിത്വം വരിച്ച അരയന്റെ പിന്മുറക്കാരായിരുന്നു തുടര്‍ന്ന് തിരുവിതാംകൂര്‍ രാജവംശത്തിന്റ നാവിക പടത്തലവന്മാര്.
ബോള്‍ഗാട്ടി പാലസ് ആക്രമണം സ്വാതന്ത്ര്യ സമരത്തിന് ഊര്‍ജ്ജം പകര്‍ന്ന അധ്യായമാണ്. എന്നാല്‍ ചെമ്പില്‍ അരയന്റെ പേരില്‍ ഒരു സ്മാരകവും നാളിതുവരെ ഉയര്‍ന്നില്ല. അരയന്റെ പിന്മുറക്കാര്ക്കും വേണ്ടത്ര പരിഗണന ജനാധിപത്യ ഭരണത്തില്‍ നിന്നും ലഭിക്കുകയുണ്ടായില്ല. ചെമ്പില്‍ വലിയ അരയന് ഫാമിലി വെല്‍ഫയര്‍ സൊസൈറ്റി ഡിസംബര്‍ 29 വലിയ അരയന് രക്തസാക്ഷി ദിനമായി ആചരിക്കണമന്ന് ആവശ്യപ്പെട്ട് നിവേദനങ്ങള്‍ നല്‍കിയെങ്കിലും നടപടിയായില്ല.
വൈക്കത്തിന് വടക്ക് ചെമ്പ് എന്ന ഗ്രാമത്തിലാണ് ചെമ്പില്‍ വലിയ അരയന്റെ തൈലംപറമ്പ് തറവാട്. തിരുവിതാംകൂര്‍ രാജചിഹ്നമായ ശംഖ് നാലുകെട്ടില്‍ പതിച്ചിട്ടുള്ള വീടാണിത്. അദ്ദേഹം ഉപയോഗിച്ചിരുന്ന വാളുകള്‍, ഓടിവള്ളം എന്നിവ ഇവിടെ ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട്. വീടിനോട് ചേര്‍ന്നു തന്നയാണ് സമാധി മണ്ഡപവും. വലിയ അരയന്റെ ഏഴാം തലമുറയില്‍പ്പെട്ട അജിത്ത് ആണ് വൈക്കത്തെ തൈലംപറമ്പില്‍ തറവാട്ടില്‍ ഇപ്പോള്‍ താമസിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: