സി.വി. തമ്പി
ബ്രഹ്മാവിന്റെ ഒരു ദിവസം ഒരു കല്പകാലമാണല്ലോ. ഈ ഒരു ദിവസത്തെ അഥവാ ഒരു കല്പത്തെ പതിന്നാലായി വിഭജിച്ചിരിക്കുന്നു. കല്പകാലത്തിന്റെ അധിപന്മാര് ഓരോ മനുക്കളാണ്. മനുക്കള്‍ ലോകസംരക്ഷണം നടത്തുന്ന ഭഗവാന്റെ സാത്വികാംശമാകുന്നു. പതിന്നാല് മനുക്കളുടെ സംക്ഷിപ്ത വിവരണം:
- സ്വായംഭുവന്: ആദിമ മനുഷ്യന്. ബ്രഹ്മാവിന്റെ മാനസപുത്രിയായ ശതരൂപയെ വിവാഹം കഴിച്ചു. മനുസ്മൃതി രചിച്ചത് സ്വായംഭുവനാണെന്ന് ഗണിക്കപ്പെടുന്നു. (രഘുവംശ രാജാക്കന്മാര് മനുമാര്ഗത്തില് നിന്ന് ഒട്ടും വ്യതിചലിച്ചിരുന്നില്ലെന്ന് കാളിദാസന്റെ സാക്ഷ്യം)
- സ്വാരോചിഷന്: സ്വായംഭുവന്റെ രണ്ടു പുത്രന്മാരില് ഒരാളായ പ്രിയവ്രതന്റെ മകനാണ് ഈ രണ്ടാമത്തെ മനു. കരിയില മാത്രം ഭക്ഷിച്ച് പന്ത്രണ്ടു വര്‍ഷം കാളിന്ദീ തടത്തില്‍ തപസ്സനുഷ്ഠിച്ചു. ഈ മന്വന്തരത്തില്‍ ദേവന്മാര് അതീവ സന്തുഷ്ടരായിരുന്നു.
- ഉത്തമന് (ഔത്തമി): സ്വായംഭുവപുത്രനായ പ്രിയവ്രതന് രണ്ടാമത്തെ ഭാര്യയായ ബഹിര്ഷ്മതിയില് ജനിച്ച മൂത്ത പുത്രനാണ് മൂന്നാമത്തെ മനുവായ ഉത്തമന്. ഇദ്ദേഹം ഗംഗാതീരത്തെത്തി മൂന്നു വര്‍ഷം വാഗ്ബീജമന്ത്രം കൊണ്ട് ദേവിയെ ഉപാസിച്ചു.
- താമസന്: പ്രിയവ്രതന് ബഹിര്ഷ്മതിയിലുണ്ടായ രണ്ടാമത്തെ പുത്രനാണ് നാലാമത്തെ മനുവായ താമസന്. ഇദ്ദേഹം നര്‍മദാനദിയുടെ വടക്കേ തീരത്തിരുന്ന് കാമരാജമന്ത്രം കൊണ്ട് ദേവിയെ സ്തുതിച്ചു. അങ്ങനെ ഐശ്വര്യസമൃദ്ധമായ രാജ്യവും യോഗ്യന്മാരായ പുത്രന്മാരുമുണ്ടായി.
- രൈവതന്: പ്രിയവ്രതന് ബഹിര്ഷ്മതിയിലുണ്ടായ മൂന്നാമത്തെ പുത്രന്. രൈവതന് കാളിന്ദീതീരത്തു പോയി കാമബീജമന്ത്രം കൊണ്ട് ദേവിയെ ഉപാസിച്ചു.
- ചാക്ഷുകന്‍: സ്വായംഭുവമനുവിന്റെ പിന്തലമുറയില് പെട്ട രിപുവിന്റെ ഭാര്യയായ ബൃഹതിയില്‍ നിന്നാണ് മഹാതേജസ്വിയായ ചാക്ഷുകന്‍ ജനിച്ചത്. ഇദ്ദേഹം വിരജാനദിയുടെ തീരത്തു പോയി ദേവിയെ തപസ്സു ചെയ്ത് സര്‍വൈശ്വര്യങ്ങളും നേടി.
- വൈവസ്വതന്: ബ്രഹ്മപുത്രനും മരീചിയുടെ പുത്രനുമായ കശ്യപന് അദിതി എന്ന ഭാര്യയില്‍ ജനിച്ച വിവസ്വാന്റെ പുത്രനായ മനുവിനെ വൈവസ്വത മനു എന്നും സത്യവ്രതമനു എന്നും വിളിക്കുന്നു. ഈ മനുവിന്റെ കാലത്താണ് മഹാവിഷ്ണു മത്സ്യമായി അവതരിക്കുന്നത്. ലോകം ഇന്നു ഭരിക്കുന്നത് ഈ മനുവാണ്. എല്ലാ ജീവജാലങ്ങളും ഈ മനുവില്‍ നിന്നാണുണ്ടായത്.
- സാവര്‍ണി: ബ്രഹ്മപുത്ര പരമ്പരയില്‍ പെട്ട വീരഥന്റെ പുത്രനായ സുരഥന്റെ രണ്ടാം ജന്മമാണ് എട്ടാം മനുവായ സാവര്‍ണി. ശത്രുരാജാവിന്റെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ട് വനാന്തരത്തില്‍ ഒളിക്കുകയും അവിടെ ഭ്രാന്തനെപ്പോലെ അലയുകയും ഒടുവില്‍ സുമനസ് എന്ന മുനിശ്രേഷ്ഠന്റെ ഉപദേശപ്രകാരം ദേവിയെ ധ്യാനിക്കുകയും ചെയ്തു. അങ്ങനെ, ദേവിയുടെ അനുഗ്രഹ ഫലമായിട്ടാണ് മനുവായി പൂജിക്കപ്പെട്ടത്.
- ദക്ഷസാവര്ണി: ഈ മനുവിന്റെ കാലത്ത് പാരന്മാര്, മരീചി, ഗര്ഭന്മാര്, സുധര്മാക്കള് എന്നീ മൂന്നു ദേവഗണങ്ങളുണ്ടായിരിക്കും. ദേവന്മാരുടെ രാജാവായ ഇന്ദ്രന് മഹാശക്തനായ അത്ഭുതനായിരിക്കും.
- ബ്രഹ്മസാവര്ണി: പത്താം മനുവിന്റെ കാലത്ത് സുധാമന്മാര്‍, വിശുദ്ധന്മാര് എന്നീ ദേവഗണങ്ങളുണ്ടായിരിക്കും. പരാക്രമിയും ധൈര്യശാലിയുമായ ശാന്തിയായിരിക്കും ഈ ദേവന്മാരുടെ ഇന്ദ്രന് .
- ധര്മസാവര്ണി: ഈ മന്വന്തരത്തില്‍ വിഹ്വംഗമന്മാര്, കാമഗന്മാര്‍, നിര്വാണരതികള് എന്നിങ്ങനെ മുപ്പതുവീതമടങ്ങിയ മൂന്നു ഗണങ്ങളായിരിക്കും ദേവപതിമാര്. ധര്‍മ്മ സാവര്ണയുടെ പുത്രന്മാര് അന്നത്തെ രാജാക്കന്മാരായിത്തീരും.
- രുദ്രസാവര്‍ണി: രുദ്രന്റെ പുത്രനാണ് പന്ത്രണ്ടാമത്തെ മനു . ഈ മന്വന്തരത്തില്‍ ഋതുധാമാവായിരിക്കും ദേവമുഖ്യന്‍ . രുദ്രസാവര്ണ്ണിയുടെ മക്കള്‍ ചക്രവര്ത്തിമാരായിത്തീരും.
- രൗച്യദേവസാവര്ണി: പതിമൂന്നാമത്തെ ഈ മന്വന്തരത്തില്‍ സുത്രാമന്മാര്‍, സുകര്‍മ്മന്മാര്‍, സുധര്മന്മാര് എന്നിങ്ങനെ മൂന്നു ദേവഗണങ്ങളുണ്ടായിരിക്കും. പ്രതാപശാലിയായ ദിവസ്പതി അന്നത്തെ ദേവേന്ദ്രനായിരിക്കും.
- ഇന്ദ്രസാവര്ണി: പതിന്നാലാമത്തേതും അവസാനത്തേതുമായ മനു. ഈ മന്വന്തരത്തില്‍ ശുചിയായിരിക്കും ദേവേന്ദ്രന്. ഊരു, ഗംഭീരബുദ്ധി എന്നീ മനുപുത്രരാജാക്കന്മാര് അക്കാലത്ത് ഭൂമിയെ പരിപാലിക്കും.
ഇങ്ങനെ പതിന്നാല് മനുക്കള്‍ കഴിയുമ്പോള്‍ ഒരു കല്പം തീരുന്നു. പിന്നെ പ്രളയം വരുന്നു. ഇക്കാലം ബ്രഹ്മാവിന്റെ ഒരു രാത്രിയാണ്. രാത്രി ശൂന്യമായി കിടക്കുന്നു. രാത്രിയുടെ ശൂന്യതയ്ക്കുശേഷം സൃഷ്ടി പുനരാരംഭിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: