ന്യൂദല്‍ഹി: മെയ് മാസത്തെ അപേക്ഷിച്ച് ജൂണ്മാസത്തിലെ ചില്ലറവില്പന പണപ്പെരുപ്പത്തില്‍ നേരിയ കുറവു വന്നതിന്റെ ആശ്വാസത്തില്‍ കേന്ദ്രം. മെയ് മാസത്തില്‍ ചില്ലറ വില്പനയുടെ പണപ്പെരുപ്പം 7.04 ശതമാനമായിരുന്നെങ്കില്‍ ജൂണ്‍ മാസത്തില്‍ അത് 7.01 ശതമാനമായി കുറഞ്ഞിട്ടുണ്ട്.
മറ്റൊരു പ്രതീക്ഷയായി നില്‍ക്കുന്നത് എണ്ണവിലയാണ്. ബാരലിന് 100 ഡോളറില്‍ താഴെയാണ് എന്നതാണ്. ഒപ്പം പരമാവധി കയറ്റുമതി ഉയര്‍ത്താനും കേന്ദ്രം ശ്രമിക്കുന്നുണ്ട്. ഇതുവഴി രൂപയുടെ മൂല്യം പിടിച്ചുനിര്‍ത്താനാണ് ശ്രമം. പക്ഷെ ബുധനാഴ്ച വീണ്ടും വിലയില്‍ ഇടിവുണ്ടായി. ഒരു ഡോളറിന് 79.66 രൂപ എന്ന നിലയാണ് ഇപ്പോള്‍. കഴിഞ്ഞ ദിവസം 79.48 രൂപയായിരുന്നു. 18 പൈസ വീണ്ടും ഇടിഞ്ഞിരിക്കുകയാണ്.
ഡോളറിന്റെ പലിശ നിരക്ക് യുഎസിലെ കേന്ദ്രബാങ്കായ ഫെഡ് റിസര്‍വ്വ് ഉയര്‍ത്തിയതാണ് പ്രശ്നമായത്. ഇതോടെ ഇന്ത്യയില്‍ നിന്നും വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഓഹരി വിപണിയില്‍ നിന്നും മറ്റും വന്‍തോതില്‍ നിക്ഷേപം പിന്‍വലിക്കുകയാണ്. ഒപ്പം കയറ്റുമതിയേക്കാള്‍ ഇറക്കുമതി കൂടുതലായതും തലവേദനയാണ്.
ഡോളറുമായി തട്ടിച്ചുനോക്കുമ്പോള്‍ മിക്ക രാഷ്ട്രങ്ങളിലെ നാണ്യത്തിന്റെയും വില ഇടിയുന്ന സ്ഥിതിവിശേഷമുണ്ട്. യൂറോപ്യന്‍ യൂണിയന്റെ പൊതു കറന്‍സിയായ യൂറോ ബുധനാഴ്ച 20 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ മൂല്യത്തകര്‍ച്ച നേരിട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: