കൊച്ചി: സര്‍ക്കാരിനെതിരെ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ഷാജ് കിരണിന്റെ മൊഴി രേഖപ്പെടുത്തി. ഉച്ചയ്ക്ക്ശേഷം മൂന്ന് മണിയോടെ ആരംഭിച്ച മൊഴിയെടുപ്പ് രണ്ട് മണിക്കൂര്‍ 50 മിനിട്ട് നേരം നീണ്ടു. ഡിജിറ്റല്‍ തെളിവുകള്‍ സഹിതമുളള രഹസ്യമൊഴിയാണ് നല്‍കിയതെന്ന് ഷാജ് കിരണ്‍ അറിയിച്ചു.
പാലക്കാട് ജുഡീഷ്യല്‍ ഫസ്റ്റ്ക്ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ നല്കിയ രഹസ്യമൊഴിയില്‍ ഹൈക്കോടതിയില്‍ സ്വപ്ന സുരേഷ് നല്കിയ റിട്ട് ഹര്‍ജി തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും സ്വപ്നയുടെ കളളത്തരം വെളിവാക്കുന്ന തെളിവുകള്‍ ഉടന്‍ പുറത്തുവിടുമെന്നുമാണ് ഷാജ് കിരണ്‍ അറിയിച്ചത്.
സിപിഎം നേതാവും പാലക്കാട് ഇടത് മുന്നണി സ്ഥാനാര്‍ത്ഥിയുമായിരുന്ന സി.പി പ്രമോദ് ഡിവൈഎസ്പിയ്ക്ക് നല്കിയ പരാതിയിലാണ് ഷാജിന്റെ രഹസ്യമൊഴിയെടുത്തത്. ഇയാളുടെ സുഹൃത്ത് ഇബ്രാഹിമിന്റെ രഹസ്യമൊഴിയും നേരത്തെയെടുത്തിരുന്നു. സ്വപ്ന നേരത്തെ നല്കിയ മൊഴികള്‍ക്ക് വിരുദ്ധമായ പ്രസ്താവനകള്‍ നടത്തി കലാപത്തിന് ശ്രമിക്കുന്നുവെന്നാണ് പരാതിയിലെ പ്രധാന ആരോപണം. കസബ പോലീസാണ് പരാതിയില്‍ ആദ്യം കേസ് രജിസ്റ്റര്‍ ചെയ്തത്. പിന്നീട് കേസന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘത്തിന് കൈമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: