രാജ്യത്ത് ഉപ്പുസത്യഗ്രഹത്തിലൂടെ നിയമലംഘനസമരത്തിന്റെ പുതിയ തരംഗം സൃഷ്ടിക്കപ്പെട്ട കാലം. മഹാരാഷ്‌ട്രയിലെ യവത്മലില്‍ ഡോ. ഹെഡ്‌ഗേവാറിന്റെ നേതൃത്വത്തില്‍ വനസത്യഗ്രഹം നടന്ന കാലം. കാസര്‍കോഡ് കാടകത്തും നടന്നു മറ്റൊരു വന സത്യഗ്രഹം.
വനസമ്പത്തിനെ കൊള്ളയടിക്കാന്‍ ഈസ്റ്റ് ഇന്ത്യ കമ്പനി കൊണ്ടു വന്ന വനനിയമത്തെ എതിര്‍ത്താണ് കാസര്‍കോട് താലൂക്കിലെ വനമേഖലയോടുചേര്‍ന്നുകിടക്കുന്ന കാറഡുക്ക, മുളയാര്‍, ഇരിയണ്ണി തുടങ്ങിയ ഗ്രാമങ്ങളിലെ സാധാരണക്കാര്‍ കാടകം എന്ന പ്രദേശത്ത് 1932 ആഗസ്റ്റില്‍ സത്യഗ്രഹ സമരം ആരംഭിച്ചത്. കാടകം റിസര്‍വ് ഫോറസ്റ്റില്‍ നിയമം ലംഘിച്ച് സമര വളണ്ടിയര്‍മാര്‍ പ്രവേശിക്കുകയും അറസ്റ്റ് വരിക്കുകയുമായിരുന്നു സമരരീതി. അഡ്വ.ഉമേഷ് റാവു, മഞ്ചുനാഥ ഹെഗ്‌ഡെ, മകന്‍ രാമകൃഷ്ണ ഹെഗ്‌ഡെ, എ.വി.കുഞ്ഞമ്പു, നാരന്തട്ട കൃഷ്ണന്‍ നായര്‍, കൃഷ്ണ മനോലിതായ തുടങ്ങിയവര്‍ നേതൃ നിരയിലുണ്ടായിരുന്നു. കുമ്പള ഗാന്ധി ദേവപ്പ ആള്‍വ, ഗാന്ധി രാമന്‍ നായര്‍ എന്നറിയപ്പെട്ട നാരന്തട്ട കുഞ്ഞിരാമന്‍ നമ്പ്യാര്‍, ചെട്ടി ശങ്കരന്‍, കരിച്ചേരി ചരടന്‍ നായര്‍, നിട്ടൂര്‍ കോരന്‍ നായര്‍, എന്‍.ചാത്തുനമ്പ്യാര്‍, മുളിയാറിലെ കുട്ടന്‍ വൈദ്യര്‍ തുടങ്ങിയവര്‍ സത്യഗ്രഹികള്‍. കാടകം നാരന്തട്ട തറവാട്ടുകാരുടെ പത്തായപ്പുരയായിരുന്നു സമരക്കാരുടെ താവളം.
വനസത്യഗ്രഹം തുടങ്ങി രണ്ടുമാസം തികയുന്ന ദിവസം സത്യഗ്രഹികള്‍ വനനിയമലംഘനദിനമായി കൊണ്ടാടി. പോലീസ് ക്രൂരമായ മര്‍ദ്ദനം അഴിച്ചുവിട്ടു. ആഗസ്ത് 24ന് നാലുപേരെ അറസ്റ്റ് ചെയ്തു. അറസ്റ്റു ചെയ്തവരില്‍ കെ.എന്‍.കുഞ്ഞിക്കണ്ണന്‍ നായര്‍ക്ക് കോടതി പിരിയുന്നവരെ തടവ് വിധിച്ചു. സി.കൃഷ്ണന്‍നായര്‍, കെ.വി.കണ്ണന്‍ എന്നിവര്‍ക്ക് നാലുമാസത്തെ കഠിന തടവും വിധിച്ചു. ആഗസ്ത് 31 ബംടാജിലും സമരം നടന്നു.
നാല്‍പത് ദിവസത്തോളം സമരം നീണ്ടു നിന്നു പലപ്പോഴായി സമരക്കാര്‍ പോലീസിന്റെ കണ്ണു വെട്ടിച്ച് വനത്തിനുള്ളില്‍ കടന്ന് നിയമം ലംഘിച്ചു. അങ്ങനെ പ്രാദേശികമായ ഒരു ചെറുത്ത് നില്‍പ്പിന്റെ പേരായി കാടകം വനസത്യഗ്രഹം മാറി. പക്ഷെ സമരത്തിന്റെ ചരിത്രം ഓര്‍ത്തെടുക്കാന്‍ ഇന്നിവിടെ ശേഷിപ്പുകളൊന്നുമില്ല. കാറഡുക്കയിലൊ, മൂളിയാറിലൊ ഒരു സ്മാരകം പോലും കാടകം വനസത്യഗ്രഹത്തിന്റേതായില്ല. സമരഭടന്‍മാര്‍ യോഗം ചേര്‍ന്ന നാരന്തട്ട തറവാട് പുതുക്കിപണിതു.
ആചാരപരമായ ചടങ്ങുകള്‍ മാത്രമാണ് ഇന്ന് ഇവിടെ നടക്കുന്നത്. എങ്കിലും ഈ തറവാട്ട് മണ്ണില്‍ പോരാട്ടത്തിന്റെ ഗതകാല സ്മൃതികള്‍ ബാക്കിയുണ്ട്. സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായുള്ള പ്രാദേശിക സമരമെന്ന വിശേഷണമാണ് കാടകം വനസത്യഗ്രത്തിന് കേരള സര്‍ക്കാരും സാംസ്‌കാരിക വകുപ്പും വിശേഷിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ സംസ്ഥാന സര്‍ക്കാര്‍ അവഗണിക്കുകയായിരുന്നു. കാടകം ഉള്‍പ്പെടുന്ന കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് 10 ലക്ഷം രൂപ മുടക്കി ബ്ലോക്ക് ഓഫീസിന്റെ ചുമരില്‍ ചുമര്‍ചിത്രം മാത്രമാണ് ഇതിന്റെ ഭാഗമായി ചെയ്തിട്ടുള്ളത്. അതും ഇതുവരെ പൂര്‍ത്തിയായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: