കൊച്ചി : മുന്‍ തരഞ്ഞെടുപ്പുകളില്‍ ആര്‍എസ്എസിനോട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ വോട്ട് ചോദിച്ചിരുന്നെന്ന് ഹിന്ദു ഐക്യവേദി വക്താവ് ആര്‍.വി. ബാബു. ആര്‍എസ്എസ് നേതാവ് ഗുരുജി ഗോള്‍വള്‍ക്കറിന്റെ പുസ്തകവുമായി ബന്ധപ്പെട്ടുള്ള സതീശന്റെ വിവാദ പ്രസ്താവനയില്‍ കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവേയാണ് ഈ പ്രസ്താവന.
2001ലും 2006ലെ തെരഞ്ഞെടുപ്പിലും വി.ഡി. സതീശന്‍ ആര്‍എസ്എസ് നേതാവിനെ കണ്ട് രഹസ്യമായി വോട്ട് ചോദിച്ചിട്ടുണ്ട്. ചിത്രങ്ങള്‍ പുറത്തുവന്ന പറവൂരിലെ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തിട്ടില്ലെന്നത് കള്ളമാണ്. സതീശന്‍ സാമാന്യ ബുദ്ധിയെ പരിഹസിക്കുകയാണ്. 2006ല്‍ ആര്‍എസ്എസ് രണ്ടാമത്തെ സര്‍സംഘചാലക് ഗുരുജി ഗോള്‍വള്‍ക്കറിന്റെ ജന്മശതാബ്ധിയോടനുബന്ധിച്ച് പറവൂര്‍ മനയ്‌ക്കപ്പടി സ്‌കൂളില്‍ വെച്ച് നടത്തിയ സംവാദത്തില്‍ വി.ഡി. സതീശന്‍ പങ്കെടുത്തിട്ടുണ്ട്.
മത ഭീകരവാദവും മുന്നണി രാഷ്ട്രീയവും എന്ന വിഷയത്തിലാണ് സംവാദം നടന്നത്. ഇതില്‍ സതീശന്‍ പങ്കെടുത്തതിന്റെ ഫോട്ടോയാണ് പുറത്തുവിട്ടത്. എന്നാല്‍ സതീശന്‍ പറഞ്ഞത് 2013ല്‍ പങ്കെടുത്തത് അറിയാം 2006ല്‍ പങ്കെടുത്തത് ഓര്‍മ്മയില്ലെന്നാണ്. ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുക്കുന്ന ചിത്രം കളവാണെങ്കില്‍ നിയമ നടപടി സ്വീകരിക്കാനും ആര്‍.വി. ബാബു ആവശ്യപ്പെട്ടു.
സതീശന്‍ അണിഞ്ഞിരിക്കുന്നത് ആദര്‍ശത്തിന്റെ പൊയ്മുഖമാണ്. പറവൂരിലെ ആര്‍എസ്എസ് പരിപാടിയില്‍ ക്ഷണിച്ചിട്ടാണ് സതീശന്‍ വന്നത്. എന്നാല്‍ ഇപ്പോള്‍ ഒരു ഫ്യൂഡല്‍ മാടമ്പിയെ പോലെ അദ്ദേഹം സംവാദങ്ങളില്‍ നിന്ന് പിന്മാറുന്നു. സതീശന്റെ സ്ഥാപിത തല്‍പ്പര്യങ്ങളെ എതിര്‍ത്തു തുടങ്ങിയപ്പോള്‍ സംഘപരിവാര്‍ ശത്രുക്കളായെന്നും ആര്‍.വി. ബാബു കുറ്റപ്പെടുത്തി. ചെറുപ്പം മുതല്‍ ആര്‍എസ്എസിനോട് പടവെട്ടിയാണ് വളര്‍ന്നതെന്ന സതീശന്റെ പ്രസ്താവന പരിഹാസ്യമാണെന്നും അദ്ദേഹം പറഞ്ഞു.
സതീശന്റെ പ്രസ്താവന പ്രകാരമുള്ള മോശം പശ്ചാത്തലം എന്താണെന്നു വ്യക്തമാക്കണമെന്നും ആര്‍.വി. ബാബു ആവശ്യപ്പെട്ടു. സ്വപ്ന സുരേഷിന്റെ നല്ല പശ്ചാത്തലം ആയതുകൊണ്ടാണോ സതീശന്‍ മറുപടി പറയുന്നത്. സരിതയുടെ പശ്ചാത്തലം മനസിലാക്കിയാണോ സതീശന്‍ പ്രതികരിച്ചത്. സജി ചെറിയാന്‍ വിഷയത്തില്‍ പ്രതിരോധത്തിലായ സര്‍ക്കാരിനെ സംരക്ഷിക്കുന്നതിനുള്ള കൂട്ട് കച്ചവടമാണോ വി.ഡി. സതീശന്‍ നടത്തുന്നതെന്നും സംശയമുണ്ടെന്നും ആര്‍.വി. ബാബു കൂട്ടിച്ചേര്‍ത്തു.
ഇന്ത്യന്‍ ഭരണഘടന ബ്രിട്ടീഷുകാര്‍ എഴുതിക്കൊടുത്തതാണെന്ന സജി ചെറിയാന്റെ പ്രസ്താവന ആര്‍എസ്എസ് നേതാവ് ഗോള്‍വള്‍ക്കറിന്റെ ‘ബെഞ്ച് ഓഫ് തോട്സ്’ എന്ന പുസ്തകത്തിലും ഉന്നയിച്ചിട്ടുണ്ട്. ‘ബെഞ്ച് ഓഫ് തോട്സ്’ എന്ന ഈ പുസ്തകം കണ്ണൂര്‍ സര്‍വകലാശാലയില്‍ പഠിപ്പിക്കാന്‍ തീരുമാനിച്ചവരാണ് എല്‍ഡിഎഫ് സര്‍ക്കാര്‍. ആര്‍എസ്എസ് ആശയങ്ങളാണ് സജി ചെറിയാന്‍ ഉയര്‍ത്തുന്നതെന്നായിരുന്നു വി.ഡി. സതീശന്റെ പരാമര്‍ശം. അതിനു പിന്നാലെ ആര്‍എസ്എസ് പരിപാടികളില്‍ വി.ഡി. സതീശന്‍ പങ്കെടുക്കുന്നതിന്റെ ചിത്രങ്ങള്‍ ആര്‍.വി. ബാബുവും സദാനന്ദന്‍ മാസ്റ്ററും പുറത്തുവിട്ടിരുന്നു.
അതിനിടെ ഗോള്‍വാള്‍ക്കര്‍ക്കെതിരെ പ്രസ്താവന നടത്തിയതിന് വി.ഡി. സതീശന് കോടതി നോട്ടീസ്. വിവാദ പ്രസ്താവന തെളിയിക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂര്‍ പ്രിന്‍സിപ്പല്‍ മുന്‍സിഫ് കോടതിയുടേതാണ് നോട്ടീസ്. അടുത്ത മാസം 12 ന് ഹാജരാകണമെന്നാണ് നോട്ടീസിലെ നിര്‍ദ്ദേശം. ആര്‍എസ്എസിന്റെ പ്രാന്ത സംഘ ചാലക് കെ.കെ. ബാലറാമാണ് കേസ് ഫയല്‍ ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: