ന്യൂദല്‍ഹി: ഇന്ത്യയുടെ വാറന്‍ ബഫറ്റ് എന്നറിയപ്പെടുന്ന ഓഹരിവിപണിയുടെ രാജാവായ രാകേഷ് ജുന്‍ജുന്‍വാല ആരംഭിച്ച ആകാശ എയറിന്റെ വിമാനങ്ങള്‍ ജൂലായ് അവസാനവാരത്തോടെ പറന്ന് തുടങ്ങും. വിമാനസര്‍വ്വീസ് തുടങ്ങുന്നതിനുള്ള ഡിജിസിഎയുടെ ലൈസന്‍സ് ലഭിച്ചതോടെയാണിത്. ഇന്ത്യയിലെ ആദ്യ ഹരിത എയര്‍ലൈന്‍ ആണ് ഇതെന്ന് കമ്പനി അവകാശപ്പെടുന്നു.
ഏകദേശം 3.5 കോടി ഡോളറാണ് തുടക്കത്തില്‍ രാകേഷ് ജുന്‍ജുന്‍വാലയുടെ നിക്ഷേപം. കമ്പനിയുടെ 40 ശതമാനം ഓഹരികള്‍ ഇദ്ദേഹത്തിനായിരിക്കും. കോവിഡ് മഹാമാരിക്ക് ശേഷം വ്യോമയാന മേഖല വിഷമകരമായ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴാണ് രാകേഷ് ജുന്‍ജുന്‍വാല ഈ മേഖലയിലേക്ക് ധൈര്യപൂര്‍വ്വം കടന്നുവരുന്നത്. കുറഞ്ഞ ടിക്കറ്റ് നിരക്ക് കാട്ടി വിമാനയാത്രയിലേക്ക് പുതിയ വിഭാഗത്തെ ആകര്‍ഷിക്കുകയാണ് ലക്ഷ്യം. ഹവായ് ചെരിപ്പുടന്ന സാധാരണക്കാരെ വിമാനയാത്രയിലേക്ക് കൈപിടിച്ചെത്തിക്കുകയാണ് ലക്ഷ്യം. ഇന്ത്യയുടെ വ്യോമയാനമേഖലയെക്കുറിച്ച് ശുഭപ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറയുന്നു. ഗോപിനാഥും വിജയ് മല്ല്യയും ജെറ്റ് എയര്‍വേയ്സിന്റെ നരേഷ് ഗോയലും പരാജയപ്പെട്ടിടത്തേക്കാണ് പ്രതീക്ഷയോടെ രാകേഷ് ജുന്‍ജുന്‍വാല ചുവടുവെയ്ക്കുന്നത്.
ഇതോടെ ഇന്ത്യയുടെ ആഭ്യന്തരവിമാന സേവനരംഗത്ത് ആഡംബരങ്ങളില്ലാതെ, സാധാരണക്കാര്‍ക്ക് താങ്ങാവുന്ന വിലയില്‍ ടിക്കറ്റ് നല്കുന്ന ഒരു പുതിയ വിമാനക്കമ്പനികൂടി എത്തുകയാണ്. ഇന്‍ഡിഗോ, എയര്‍ ഇന്ത്യ എക്സ്പ്രസ്, വിസ്താര, എയര്‍ എഷ്യ ഇന്ത്യ, സ്പൈസ് ജെറ്റ്, ഗോ ഫസ്റ്റ് എന്നീ കമ്പനികളുടെ ഇടയിലേക്ക് ആകാശ് എയറും എത്തുന്നതോടെ മത്സരം കടുക്കും. ഡിജിസിഎയുടെ എയര്‍ ഓപ്പറേറ്റര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ച കാര്യം കമ്പനി സിഇഒ വിനയ് ദുബെയാണ് അറിയിച്ചത്.
ആകാശ എയറിന് ആദ്യത്തെ 737 മാക്സ് വിമാനം ലഭിച്ചത് ഊ വര്‍ഷം ജൂണ്‍ 21 നാണ്. രണ്ട് വാണിജ്യ വിമാനങ്ങളോടു കൂടിയായിരിക്കും സേവനം ആരംഭിയ്ക്കുക. 2023 അവസാനത്തോടെ 18 പുതിയ വിമാനങ്ങള്‍ കൂടി എത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: