ആലപ്പുഴ: കടല്‍ക്ഷോഭം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലും തീരസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ വൈകുകയാണ്. എല്ലാ വര്‍ഷവും മുറപോലെ കടല്‍ക്ഷോഭം ഉണ്ടാകാറുണ്ട്. ഇതു മുന്‍കൂട്ടി കണ്ട് നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കാത്തതില്‍ പ്രതിഷേധം ഉയരുന്നു. കഴിഞ്ഞ പിണറായി സര്‍ക്കാരിന്റെ കാലത്ത് തീര സംരക്ഷണ നടപടികള്‍ കൈക്കൊള്ളുന്നതില്‍ വീഴ്ച സംഭവിച്ചിരുന്നു. തീരം സംരക്ഷിക്കാന്‍ മലയിടിച്ച് കൊണ്ടു വന്ന കരിങ്കല്ലിറക്കുന്നത് പരിസ്ഥിതിക്ക് ദോഷമാണെന്നും, അശാസ്ത്രീയമാണെന്നുമായിരുന്നു അന്നത്തെ ധനമന്ത്രി തോമസ് ഐസ്ക് ഉള്‍പ്പടെയുള്ളവരുടെ നിലപാട്. പല പ്രദേശങ്ങളിലും പരീക്ഷണാടിസ്ഥാനത്തില്‍ ജിയോട്യൂബുകള്‍ പരീക്ഷിച്ചെങ്കിലും പരാജയപ്പെട്ടു.
കടല്‍ക്ഷോഭത്തില്‍ വീടും, ഭൂമിയും നഷ്ടപ്പെടുന്നത് പതിവായതോടെ കിഫ്ബിയില്‍ ഉള്‍പ്പെടുത്തി തീരസംരക്ഷണത്തിന് ഫണ്ട് അനുവദിച്ചെങ്കിലും ഇതുവരെ പദ്ധതികള്‍ ഒന്നും തന്നെ പൂര്‍ത്തിയായിട്ടില്ല. 73 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ആലപ്പുഴ ജില്ലയില്‍ പോലും കേവലം 11 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ മാത്രമാണ് പുലിമുട്ട് സ്ഥാപിച്ച് തീരസംരക്ഷണത്തിന് നടപടി പ്രഖ്യാപിച്ചത്. എന്നാല്‍ ഈ പദ്ധതി പോലും ഇഴഞ്ഞു നീങ്ങുകയാണ്.
തീര സംരക്ഷണത്തിന് പത്തു കോടി അനുവദിച്ചതായി കഴിഞ്ഞ ദിവസം ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇത്തവണയും കാലവര്‍ഷക്കാലത്ത് തീരസംരക്ഷണ നടപടികള്‍ വൈകുകയാണ്. ആഴ്ചകളായി കടലാക്രണം രൂക്ഷമാണ്. സര്‍ക്കാര്‍ പ്രഖ്യാപിച്ച തുകയ്ക്ക് തീരത്ത് കരിങ്കല്ലിറക്കുന്നതിന്ക രാറുകാര് തയ്യാറാകുന്നില്ല. കല്ലിന് സര്‍ക്കാര്‍ നല്കുന്ന വില കുറവായതാണ് കരാറുകാര്‍ ആരും പങ്കെടുക്കാതിരുന്നത്. 300 മുതല്‍ 1000 കിലോവരെയുള്ള ഒരു കല്ലിന് 926 രൂപയാണ് സര്‍ക്കാര്‍ നിരക്ക്. കല്ലിന്റെ ലഭ്യതക്കുറവ്, പെരുമ്പാവൂര്‍, മൂവാറ്റുപുഴ മേഖലയില്‍ നിന്ന് ഇവിടെ കല്ല് എത്തിക്കുന്നതിന്റെ ചെലവ്, വേബ്രിജ് നിര്‍മാണം എല്ലാമാകുമ്പോള്‍ നഷ്ടമാകുമെന്നാണ് കരാറുകാര്‍ പറയുന്നത്.
വിപണി നിരക്ക് അനുസരിച്ചുള്ള വര്‍ധന വേണമെന്നും തീരമേഖലയിലെ പ്രത്യേക സാഹചര്യം പരിഗണിക്കണമെന്നുമാണ് ആവശ്യം. ഇതില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് സര്‍ക്കാരാണ്. തീരുമാനം എടുത്താലും ഉത്തരവ്, ടെന്‍ഡര്‍ അടക്കമുള്ള നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയായി കല്ലിറക്കി സ്ഥാപിക്കാന്‍ സമയം എടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: