തിരുവനനന്തപുരം : സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പരാമര്‍ശങ്ങള്‍ക്ക് പിന്നാലെ ഗോള്‍വള്‍ക്കറിനെതിരേയും ആര്‍എസ്എസിനെതിരേയുമുള്ള പ്രസ്താവനയ്‌ക്കെതിരെ വിഡി സതീശന്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തതിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ട് ഹിന്ദു ഐക്യവേദി സംസ്ഥാന വക്താവ് ആര്‍.വി. ബാബു. 2006-ല്‍ പറവൂരില്‍ ആര്‍എസ്എസ് പരിപാടിയില്‍ ഗോള്‍വള്‍ക്കറിന്റെ ചിത്രത്തിന് മുന്നില്‍ നിലവിളക്ക് കൊളുത്തുന്ന ചിത്രം ഫേസ്ബുക്കിലൂടെയാണ് പുറത്തുവിട്ടത്.
അന്ന് ഗോള്‍വള്‍ക്കര്‍ സതീശന് തൊട്ടുകൂടാത്തവനായിരുന്നില്ല, രാഷ്‌ട്രീയ സാഹചര്യം മാറുകയും ഇസ്ലാമിക തീവ്രവാദത്തെ പിന്തുണയ്‌ക്കുന്നതാണ് രാഷ്‌ട്രീയ നേട്ടത്തിന് നല്ലതെന്ന് കരുതുകയും ചെയ്യുന്ന സതീശന്‍ ഇപ്പോള്‍ പുട്ടിന് പീരപോലെ ഇടക്കിടെ ആര്‍എസ്എസിനെ ആക്രമിക്കുന്നുവെന്നും ആര്‍.വി. ബാബു വിമര്‍ശിച്ചു.
അതിനു പിന്നാലെ 2013-ല്‍ ആര്‍എസ്എസ് പരിപാടിയില്‍ വി.ഡി സതീശന്‍ പങ്കെടുക്കുന്ന ചിത്രം ബിജെപി നേതാവ് സദാനന്ദന്‍ മാസ്റ്ററും ഫേസ്ബുക്കിലൂടെ പുറത്തുവിട്ടു. ‘ചില ഓര്‍മ്മച്ചിത്രങ്ങള്‍ ഇവിടെ പങ്കുവെയ്‌ക്കട്ടെ, ദുരുദ്ദേശമൊന്നുമില്ല, ചിലരുടെ ആത്മവഞ്ചനയുടെ ആഴം തിരിച്ചറിയാന്‍ ഉപകരിക്കു’മെന്നായിരുന്നു ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് സദാനന്ദന്‍ മാസ്റ്റര്‍ എഫ്ബിയില്‍ കുറിച്ചത്. സതീശന്റെ തെറ്റായ പ്രസ്താവനകള്‍ക്കെതിരെ ആര്‍എസ്എസ് നോട്ടീസയച്ചിട്ടുണ്ടെന്നും സദാനന്ദന്‍ മാസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യന്‍ ഭരണഘടന ബ്രിട്ടീഷുകാര്‍ എഴുതിക്കൊടുത്തതാണെന്ന സജി ചെറിയാന്റെ പ്രസ്താവന ആര്‍എസ്എസ് നേതാവ് ഗോള്‍വള്‍ക്കറിന്റെ ‘ബെഞ്ച് ഓഫ് തോട്ട്‌സ്’ എന്ന പുസ്തകത്തിലും ഇതേ വാദം ഉന്നയിച്ചിട്ടുണ്ട്. ‘ബെഞ്ച് ഓഫ് തോട്ട്‌സ്’ എന്ന ഈ പുസ്തകം കണ്ണൂര്‍ സര്‍വകലാശാലയില്‍ പഠിപ്പിക്കാന്‍ തീരുമാനിച്ചവരാണ് എല്‍ഡിഎഫ് സര്‍ക്കാര്‍. ആര്‍എസ്എസ് ആശയങ്ങളാണ് സജി ചെറിയാന്‍ ഉയര്‍ത്തുന്നതെന്നായിരുന്നു വി.ഡി. സതീശന്റെ പ്രസ്താവന.
എന്നാല്‍ ഗോള്‍വള്‍ക്കറുടെ പുസ്തകത്തില്‍ അങ്ങിനെ ഒരു പരാമര്‍ശം ഇല്ല. പ്രസ്താവന തെളിക്കണം. അല്ലെങ്കില്‍ പരസ്യമായി അത് തെറ്റായിരുന്നുവെന്ന് പ്രഖ്യാപിക്കണം. അല്ലാത്തപക്ഷം നിയമ നടപടി സ്വീകരിക്കുമെന്ന് ചൂണ്ടിക്കാട്ടി ആര്‍എസ്എസ് വി.ഡി. സതീശന് നോട്ടീസും അയച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: